ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ബുധനാഴ്ച നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ശബ്ദവോട്ടോടെ വിജയിച്ചു. ഹരിയാന നിയമസഭയിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടത്തിയത് . ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപി തങ്ങളുടെ 10 എംഎൽഎമാരോട് വിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ സഭയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ട് വിപ്പ് പുറപ്പെടുവിച്ചിരുന്നു. എതിർത്ത് വോട്ട് ചെയ്യാതിരുന്നാൽ സർക്കാരിന്റെ വിജയത്തെ ബാധിച്ചില്ല.
എല്ലാ അംഗങ്ങളും എത്തുന്നതുവരെ സഭ നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസിൻ്റെ ആവശ്യം അംഗീകരിക്കാൻ സ്പീക്കർ തയ്യാറായില്ല. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി സഭയുടെ തറയിൽ വിശ്വാസവോട്ട് തേടാനുള്ള പ്രമേയം അവതരിപ്പിച്ചു.
പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭയിൽ ഉണ്ടായിരുന്ന നാല് ജനനായക് ജനതാ പാർട്ടി (ജെജെപി) എംഎൽഎമാർ സഭയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി. ബിജെപി-ജെജെപി ഇപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നു എന്നതിൻ്റെ തെളിവാണ് തങ്ങളുടെ എംഎൽഎമാരോട് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ജെജെപി പുറപ്പെടുവിച്ച വിപ്പ് എന്ന് കോൺഗ്രസ് ആരോപിച്ചു.
മനോഹർ ലാൽ ഖട്ടറിനെ മാറ്റി സൈനിയെ മുഖ്യമന്ത്രിയാക്കിയ നീക്കത്തിൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ സഭയിൽ ആഞ്ഞടിച്ചു. “സൈനിയെ മുഖ്യമന്ത്രിയാക്കിയത് സ്റ്റോപ്പ് ഗ്യാപ്പ് അറേഞ്ച്മെൻ്റ് എന്ന നിലയിലാണെന്നും നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യാനും പുതിയ ജനവിധി തേടാനും അദ്ദേഹം ആവശ്യപ്പെട്ടു.
ആർക്കാണ് ഭരിക്കാൻ ഭൂരിപക്ഷം എന്ന് ജനങ്ങൾ തീരുമാനിട്ടെ എന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. “ബിജെപി-ജെജെപി ഇപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നു എന്നതിൻ്റെ തെളിവാണ് തങ്ങളുടെ എംഎൽഎമാരോട് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ജെജെപി പുറപ്പെടുവിച്ച വിപ്പ്. ബിജെപി ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. പക്ഷേ ജനങ്ങൾ തെരഞ്ഞെടുപ്പിൽ തക്ക മറുപടി നൽകും. നിങ്ങൾ മുഖ്യമന്ത്രിയെ മാറ്റിക്കോളൂ, ഞങ്ങൾ ഈ സർക്കാരിനെ മാറ്റും.”–ഹൂഡ പറഞ്ഞു.