പത്തനം തിട്ട പട്ടാഴിമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന നടുക്കുന്ന ‘അപകടമരണം’ യഥാര്‍ഥത്തില്‍ അസാധാരണമായ ആത്മഹത്യയായിരുന്നുവോ അതോ വനിതാ സുഹൃത്തിനെ കൊല്ലുകയായിരുന്നുവോ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ കേരളത്തെയാകെ കുഴയ്ക്കുമ്പോള്‍ ഇനി പൊലീസിന് ആശ്രയം ചില ശാസ്ത്രീയ അന്വേഷണ വഴികള്‍ മാത്രം.
കണ്ടെയ്‌നര്‍ ലോറിക്കു മുന്നിലേക്ക് കാര്‍ ഓടിച്ചു കയറ്റി ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയും സുഹൃത്തായ ബസ് ഡ്രൈവറും മരണത്തിലേക്ക് പോയപ്പോള്‍ ആര് ആരെയാണ് അതിലേക്ക് നയിച്ചത്, അല്ലെങ്കില്‍ ഇരുവരും പെട്ടെന്നിങ്ങനെ തീരുമാനിക്കുകയായിരുന്നുവോ അതോ പെട്ടെന്നുള്ള പ്രകോപനമാണോ അതിന് കാരണമെന്ത് ഇത്യാദി ഒരു ചോദ്യത്തിനും രണ്ടു ദിനം കഴിയുമ്പോഴും പൊലീസിനോ ബന്ധുക്കള്‍ക്കോ വ്യക്തമായ ഉത്തരം കിട്ടുന്നില്ല. അതിനാവശ്യമായ സൂചനകളൊന്നും വ്യക്തതയോടെ അവര്‍ക്കു മുന്നില്‍ ലഭിക്കുന്നില്ല. ഇനി ഇരുവരുടെയും ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കി ഇവർ തമ്മിലുള്ള ബന്ധത്തിന്റെയും, മരണത്തിലേക്ക് നയിച്ച വിഷയങ്ങളുടെയും വേരുകൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുക.
നൂറനാട് സ്വദേശിനി ഹയർ സെക്കണ്ടറി അദ്ധ്യാപിക അനുജ രവീന്ദ്രനും (36) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നു. തുമ്പമണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ് അനുജ. ഹാഷിം സ്വകാര്യബസ് ഡ്രൈവറുമാണ്.
ഇരുവരുടെയും സൗഹൃദം ബന്ധുക്കൾ അറിയുകയും കുടുംബപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. വിനോദയാത്ര കഴിഞ്ഞുമടങ്ങിവന്ന അനുജയെ ഹാഷിം വഴിയിൽ വച്ച് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോയി എന്തിന് മരണത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം.
രാത്രി തന്നെ വാഹനത്തില്‍ നിന്നും വിളിച്ചിറക്കി നിര്‍ബന്ധിച്ച് കാറില്‍ക്കയറ്റി മരണത്തിലേക്ക് നയിക്കാനായി ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണ് എന്നതാണ് ഈ സംഭവത്തിലെ ഏറ്റവും നാടകീയമായ പരിണാമം. ഇത് അറിയാവുന്നവര്‍ മറ്റാരുമില്ലെന്നതാണ് അന്വേഷകരെ കുഴയ്ക്കുന്ന പ്രധാന കാര്യം.
അനുജയും സംഘവും വന്ന വാഹനത്തിനു പിന്നാലെ ഹാഷിം കാറുമായെത്തി. അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി കുറുകെ നിര്‍ത്തി. കാറിൽ നിന്നും ഇറങ്ങിയ ഹാഷിം, അനുജ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ആദ്യം ഹാഷിമിനൊപ്പം പോവാൻ അനുജ തയാറായില്ല എന്ന് അധ്യാപകർ പറയുന്നു . തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷിം എന്നാണ് മറ്റ് അധ്യാപകരോട് അനുജ പറഞ്ഞത്. വിളിച്ചപ്പോള്‍ ഇറങ്ങിച്ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച് വാഹനത്തിലേക്ക് കയറിയെന്നാണ് അധ്യാപകർ പൊലീസിന് നൽകിയ മൊഴി. രംഗം വഷളാകുമെന്ന് കണ്ടതോടെ അനുജ വാഹനത്തിൽ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറിൽ പോവുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് ഞങ്ങൾ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. ബസിൽ നിന്നിറങ്ങി കാറിൽ കയറിയ അനുജയെ ഫോണിൽ വിളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു.
എതിർദിശയിൽ നിന്ന് വന്ന കണ്ടെയിനർ ലോറിയിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഹാഷിമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ചുവീണു.
കാർ ഓടുന്നതിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നെന്നും ശരീരികമായി ഉപദ്രവിച്ചിരുന്നതായി സംശയം തോന്നിയെന്നും കാർ ഓടുന്നത് കണ്ടിരുന്ന ഒരു ദൃക്‌സാക്ഷി പറയുന്നു. ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കാർ ഓടുന്നതിനിടെ അകത്ത് മൽപ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്ന് ദൃക്സാക്ഷികളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാറിൽ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.