തനിക്ക് രാജീവ് ചന്ദ്രശേഖറിന്റ കമ്പനിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിന് മറുപടിയായി വി ഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തനാണ് സതീശനെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ജയരാജൻ ആരോപിച്ചു.
ജയരാജനെതിരെ തന്റെ കയ്യില്‍ തെളിവുണ്ടെന്നും ജയരാജന്‍ കോടതിയില്‍ പോയാല്‍ തെളിവുകള്‍ അവിടെ ഹാജരാക്കുമെന്നും സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ഒരു ഫോട്ടോ ആണ് ജയരാജന്റെ രൂക്ഷമായ പ്രതികരണത്തിലേക്ക് നയിച്ചിരിക്കുന്നത്. ജയരാജന്റെ ഭാര്യയും രാജീവ് ചന്ദ്രശേഖറും ഒരുമിച്ചിരിക്കുന്ന ഫോട്ടോ ആണ് പ്രചരിച്ചത്. ഇത് മോര്‍ഫ് ചെയ്തുണ്ടാക്കിയ വ്യാജ ചിത്രമാണെന്നും ഇതിനു പിന്നില്‍ സതീശനാണെന്നും ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് തന്റെ ഭാര്യ പരാതി നല്‍കിയതായും ജയരാജന്‍ പറഞ്ഞു.
സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചത് സതീശനാണ്. തന്റെ ഭാര്യയുടെ തല കമ്പ്യൂട്ടർ അനിമേഷൻ വഴി മാറ്റി പകരം സ്വപ്ന സുരേഷിന്റെ പടം വച്ച് ഫോട്ടോ ഇറക്കിയതും സതീശനാണ്. ഇത്തരത്തിൽ ഒരാൾ എങ്ങനെ കോൺഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുന്നുവെന്നും ജയരാജൻ ചോദിച്ചു. സതീശൻ തെളിവുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫോട്ടോ പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു.