നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ മുൻ ഗവർണർ സത്യപാൽ മാലിക്കിൻ്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. ഇതിനു പുറമേ, ഡൽഹിയിലെ മറ്റ് 29 സ്ഥലങ്ങളിലും റെയ്ഡുണ്ടായി. കിരു ജലവൈദ്യുത പദ്ധതിയിലെ അഴിമതി ആരോപിച്ചാണ് നടപടി. ഒരു ജലവൈദ്യുത പദ്ധതിയുടെ രണ്ട് ഫയലുകൾ തീർപ്പാക്കാൻ തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി സത്യപാൽ മാലിക് ഗവർണറായിരിക്കെ അവകാശപ്പെട്ടിരുന്നു.
കർഷകരുടെ വിഷയങ്ങളിൽ മോദിയുടെ കടുത്ത വിമർശകൻ ആണ് മാലിക്. പലവിഷയങ്ങളിലും സത്യപാൽ മാലിക് കേന്ദ്ര സർക്കാരിനെ പരസ്യമായി പ്രതിക്കൂട്ടിൽ നിർത്തി. 2021ൽ കർഷകസമരം അവസാനിച്ചപ്പോൾ കർഷകരുടെ പ്രതിഷേധമാണ് അവസാനിച്ചതെന്നും സമരമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 400 കർഷകരുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചന സന്ദേശം അയക്കാത്തതിനെക്കുറിച്ചും അദ്ദേഹം രൂക്ഷമായ പരാമർശം നടത്തിയിരുന്നു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വിരമിച്ച ശേഷം കർഷകർക്ക് വേണ്ടി പോരാടുന്നതിനെക്കുറിച്ച് മാലിക് സംസാരിച്ചിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ഉത്തർപ്രദേശിലെ ബിജെപിയുടെ വിജയം എന്നിവയുമായി ബന്ധപ്പെട്ട പ്രസ്താവനകളിലൂടെയും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു.
ഇന്ത്യയില്‍ മോദി ഇനിയും ഭരിച്ചാല്‍ അത് ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കുമെന്നും അതുണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സത്യപാല്‍ മാലിക് പറയുകയുണ്ടായി. ആര്‍.എസ്.എസുകാരനായ മാലിക് സംഘപരിവാര്‍ എന്ന നിലയിലാണ് ഗവര്‍ണറായത്. എന്നാല്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് രംഗത്തു വന്നതോടെ കേന്ദ്രഭരണത്തിന്റെ കണ്ണില്‍ക്കരടായി മാറി.
2022 ജൂലൈ 6 ന് കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 16 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു. വ്യാഴാഴ്ച നടന്ന റെയ്ഡിന് ശേഷം താൻ ഒരു കർഷകൻ്റെ മകനാണെന്നും റെയ്ഡുകളെ ഭയപ്പെടില്ലെന്നും മാലിക് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.