Categories
kerala

ചിത്രയോട് നമുക്ക് ഒരു തവണ ക്ഷമിക്കാനാവില്ലേ…? ഗായകന്‍ വേണുഗോപാല്‍

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാസമയത്ത് കേരളീയരെല്ലാം വീടുകളില്‍ വിളക്കുകൊളുത്തി പ്രാര്‍ഥിക്കണമെന്ന് ഗായിക കെ.എസ്.ചിത്ര വീഡിയോയില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉദ്‌ബോധിപ്പിച്ചത് വിവാദമായതിനു പിറകെ ചിത്രയ്ക്ക് മാപ്പ് നൽകണമെന്ന് ഗായകൻ വേണുഗോപാൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. “അവർ നമുക്കായി നിരവധി പാട്ടുകൾ പാടി. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ ഒരിക്കൽ അവരോട് ക്ഷമിക്കാൻ കഴിയില്ലേ? എല്ലാ വിപ്ലവകാരികളുടെയും വീട്ടിൽ പ്രാർത്ഥിക്കാനോ പള്ളിയിൽ പോകാനോ നമസ്കരിക്കാനോ ഉപദേശിക്കുന്ന അമ്മമാരും മൂത്ത സഹോദരിമാരും ഉണ്ടാകും.”- വേണുഗോപാൽ പറഞ്ഞു.

ചിത്രയ്ക്ക് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും വിധേയത്വമില്ലെന്നു വേണുഗോപാൽ പറഞ്ഞു. “ഇന്ത്യയിൽ വരുന്ന വലിയ ക്ഷേത്രത്തോടുള്ള തന്റെ ഭക്തി മാത്രമാണ് അവർ പ്രകടിപ്പിച്ചത്. അവരുടെ ഹൃദയം സംഗീതവും ഭക്തിയും സ്നേഹവും സമത്വവും നിറഞ്ഞതാണ്.”– അദ്ദേഹം പറഞ്ഞു.

thepoliticaleditor

ചിത്രയെ പ്രതിരോധിച്ച് ഹിന്ദുത്വ അനുകൂല കേന്ദ്രങ്ങളില്‍ നിന്നല്ലാതെ കലാ സാഹിത്യ സാംസ്‌കാരിക രംഗത്തു നിന്നുള്ളവര്‍ കാര്യമായി ആരും രംഗത്തു വന്നില്ല എന്നത് ശ്രദ്ധേയമായി. ചിത്രയ്‌ക്കെതിരായ സമൂഹമാധ്യമ ആക്രമണങ്ങള്‍ ഫാസിസമാണെന്ന് പ്രതികരിച്ച വി.ഡി.സതീശനും ചിത്ര പറഞ്ഞതിലെ ഉള്ളടക്കത്തിന്റെ പ്രസക്തിയെക്കുറിച്ച് പ്രതികരിച്ചില്ല.

വേണുഗോപാലാവട്ടെ ചിത്രയെ പിന്തുണച്ചതിനൊപ്പം അദ്ദേഹത്തിന്റെ വാക്കുകളില്‍ ചിത്രയുടെ വാക്കുകളെ രാഷ്ട്രീയമായി ദുരുപയോഗിക്കാന്‍ ശ്രമം നടന്നു എന്ന ധ്വനിയും കണ്ടെത്താന്‍ കഴിയുന്നു.

ചിത്രയുടെ പ്രതികരണം ചര്‍ച്ചയാക്കേണ്ട ആവശ്യമില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടത് ചിത്രയ്‌ക്കെതിരായ ഇടതനുഭാവികളുടെ രോഷപ്രകടനത്തിന്റെ രൂക്ഷത ഇല്ലാതാക്കിയിട്ടുണ്ട്. ചിത്രയ്ക്ക് രാഷ്ട്രീയമായ മാനങ്ങളെക്കുറിച്ചുള്ള അറിവില്ലാതെ നടത്തിയ പ്രതികരണം എന്ന രീതിയില്‍ അനുഭാവപൂര്‍വ്വം കണ്ട് അവഗണിച്ചാല്‍ മതിയെന്ന അഭിപ്രായം ഇടതു സാംസ്‌കാരിക പ്രവര്‍ത്തകരില്‍ ഉണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick