നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയിൽ തോണ്ടി മുതൽ ആയി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ജില്ല സെഷൻസ് ജഡ്ജി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് അന്വേഷണ ഏജൻസികളുടെ സഹായമോ തേടാമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തണം. അതിജീവിതയുടെ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ മൂന്നു തവണ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരുന്നു. അതായത് കോടതിയില്‍ സൂക്ഷിച്ച അവസരങ്ങളില്‍ മെമ്മറി കാര്‍ഡ് ആരോ മൂന്നു തവണ ഉപയോഗിക്കുകയും ദൃശ്യങ്ങള്‍ പരിശോധിക്കുകയോ പകര്‍ത്തുകയോ ചെയ്തിരിക്കാമെന്നാണ് ഹാഷ് വാല്യു മാറിയതിലൂടെ സംശയിക്കപ്പെടുന്നത്. ഇത് കണ്ടെത്തണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളിൽ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയത്. മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.