മധ്യപ്രദേശില്‍ ഇന്ത്യ സഖ്യകക്ഷികളെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് ഒട്ടും പരിഗണിക്കാതിരുന്നതില്‍ ദേശീയ നേതൃത്വത്തില്‍ വലിയ അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. കമല്‍നാഥ് പാര്‍ടി സ്ഥാനം രാജിവെക്കണമെന്ന വികാരവും ശക്തമാണ്. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 163 സീറ്റുകൾ നേടിയ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയപ്പോൾ കോൺഗ്രസ് നേടിയത് വെറും 66 സീറ്റുകൾ ആണെന്നത് വലിയ തോതിൽ കമൽനാഥിന്റെ ഏകാധിപത്യ തീരുമാനങ്ങളുടെ ഫലമാണ് എന്ന വികാരം ആണുള്ളത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജെഡിയു മേധാവി നിതീഷ് കുമാറും സീറ്റ് വിഭജനത്തെച്ചൊല്ലി വലിയ നീരസത്തിലായിരുന്നു. സമാജ്‌വാദി പാർട്ടി നാല് മുതൽ ആറ് വരെ സീറ്റുകൾ മാത്രമാണ് ആവശ്യപ്പെട്ടത്, ജെഡിയു ഒരു സീറ്റ് മാത്രവും.
ഇന്ത്യാ മുന്നണിയുടെ പ്രധാന സഖ്യകക്ഷികളായ ഈ രണ്ടു പാര്‍ടികളെയും കമല്‍നാഥ് തീര്‍ത്തും അകറ്റി നിര്‍ത്തുകയാണ് ചെയ്തത്.
ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ സന്ദര്‍ശിക്കുമെന്ന് പറയുന്ന കമല്‍നാഥ് പിസിസി പ്രസിഡണ്ട് സ്ഥാനം ഒഴിയാനും ഇടയുണ്ടെന്ന് വാര്‍ത്ത വന്നിട്ടുണ്ട്.
ഒപ്പം കമൽ നാഥ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണാതെ തിങ്കളാഴ്ച തന്നെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളായ ശിവരാജ് സിംഗ് ചൗഹാനെ കണ്ടതിൽ കോൺഗ്രസ് നേതൃത്വവും അസ്വസ്ഥരാണ്.