പാർലമെൻറിൽ “ചോദ്യത്തിന് പണം” വാങ്ങി എന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ ലോക് സഭയിൽ നിന്ന് പുറത്താക്കാൻ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ഇന്ന് ശുപാർശ ചെയ്തു. ബി.ജെ.പി എം.പി വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള സമിതി യോഗം ചേർന്ന് മൊയ്ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അംഗീകരിച്ചു. ഒരു എംപിയെ പുറത്താക്കാൻ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്യുന്നത് ഇതാദ്യമാണെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി പറഞ്ഞു.
സമിതിയിലെ ആറ് അംഗങ്ങൾ റിപ്പോർട്ടിനെ പിന്തുണച്ചതായും നാല് പേർ എതിർത്തുവെന്നും യോഗത്തിന് ശേഷം സോങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശുപാർശ “മുൻവിധിയുള്ളതും” “തെറ്റും” ആണെന്ന് നാല് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. റിപ്പോർട്ടിനെ പിന്തുണച്ച് കോൺഗ്രസ് എംപി പ്രണീത് കൗർ വോട്ട് ചെയ്തതായി പറയുന്നു.

മഹുവ മൊയ്ത്ര ലോക്സഭയിൽ അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം ചോദ്യങ്ങൾ ചോദിച്ചതായാണ് ആരോപണം. ഇതിനായി സമ്മാനങ്ങളും പണവും സ്വീകരിച്ചു എന്നും ബിജെപി ആരോപിച്ചു. എന്നാൽ സാമ്പത്തിക ആനുകൂല്യം ലഭിച്ചെന്ന ആരോപണം മൊയ്ത്ര നിഷേധിച്ചു.
പാർലമെന്ററി ജനാധിപത്യത്തിന്റെ മരണം, വലിയ ജനവിധിയോടെ തിരിച്ചുവരും: മൊയ്ത്ര
“കാഷ് ഫോർ ക്വറി” വിവാദത്തിൽ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ പുറത്താക്കൽ ശിപാർശ മഹുവ മൊയ്‌ത്ര തള്ളി. പാർലമെന്ററി ജനാധിപത്യത്തിന്റെ മരണം ആണ് ഇതെന്ന് അവർ . പി.ടി.ഐ.ക്ക് നൽകിയ ടെലിഫോണിക്ക് അഭിമുഖത്തിൽ പറഞ്ഞു. “ഈ ലോക്‌സഭയിൽ എന്നെ പുറത്താക്കിയാലും, ഞാൻ അടുത്ത ലോക്‌സഭയിൽ വലിയ ജനവിധിയോടെ തിരിച്ചെത്തും.”– മഹുവ മൊയ്‌ത്ര പ്രതികരിച്ചു.