പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്നിൽ നിന്ന് തള്ളിയിട്ടതാണോ. ബിജെപി ഉയർത്തിയ “ഗൂഢാലോചന സിദ്ധാന്ത” ത്തോട് പാർട്ടി ഒടുവിൽ പ്രതികരിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് അവർ തളർന്നുപോയെന്നാണ് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയത്. വ്യാഴാഴ്ച കൊൽക്കത്തയിലെ വീട്ടിൽ വീണ് മമതയുടെ നെറ്റിയിൽ പരിക്കേറ്റിരുന്നു. മമത ബാനർജിയെ ആരും പിന്നിൽ നിന്ന് തള്ളിയിട്ടില്ലെന്ന് ടിഎംസി നേതാവ് ശശി പഞ്ച പറഞ്ഞു. “അവർക്ക് അൽപ്പം തലകറക്കം അനുഭവപ്പെട്ടു, തുടർന്ന് തളർന്നു, ആരും അവരെ പിന്നിൽ നിന്ന് തള്ളിയിട്ടില്ല . വീണതിന് ശേഷം അവൾക്ക് പരിക്കേറ്റു”–ശശി പഞ്ച പറഞ്ഞു.

അപകടത്തെക്കുറിച്ച് തെറ്റായ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടിഎംസി നേതാവ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ ആയിരിക്കാം തളർച്ചയ്ക്ക് കാരണമെന്നും ശശി പഞ്ച പറഞ്ഞു.

മമതയെ പിന്നിൽ നിന്ന് തള്ളിയിട്ടെന്ന അഭ്യൂഹങ്ങൾക്ക് കാരണമായ മൊഴി നൽകിയ ഡോക്ടർ, തൻ്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നു പിന്നീട് തിരുത്തിയിരുന്നു. എസ്എസ്‌കെഎം ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ ഡോ മണിമോയ് ബന്ദോപാധ്യായ ആണ് തന്റെ പ്രതികരണം തിരുത്തിയത്. “ഒരുപക്ഷേ ഞങ്ങളുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാകാം. പിന്നിൽ നിന്ന് തള്ളിയ പോലുള്ള തോന്നലാണ് വീഴ്ചയിലേക്ക് നയിച്ചത്. ഒരു വ്യക്തി വീഴുമ്പോൾ ഇത് സംശയിക്കാവുന്നതാണ്.”– ഡോക്ടർ വിശദീകരിച്ചു.
“പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് രാത്രി 7.30 ഓടെ ഞങ്ങളുടെ ആശുപത്രിയിൽ എത്തിച്ചു . പിന്നിൽ നിന്നുള്ള ചില തള്ളൽ കാരണം അവർ വീണതിൻ്റെ സൂചന ഉണ്ട്. അവർക്ക് തലയിൽ മുറിവും മസ്തിഷ്കാഘാതവും ഉണ്ടായിരുന്നു. ചോരയൊലിക്കുന്ന അവരുടെ നെറ്റിയിൽമുറിവ് ഉണ്ടായിരുന്നു “.–വ്യാഴാഴ്ച ഡോക്ടർ ഇങ്ങനെയാണ് പറഞ്ഞിരുന്നത് .
“ദീദിയും ഒരു മനുഷ്യനാണ്. അവർക്ക് വളരെ തിരക്കുള്ള ഷെഡ്യൂളാണ്. അവർ ആരോഗ്യത്തോടെയിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ സംഭവത്തെ ആരും പരിഹസിക്കരുത്. സംഭവത്തിൻ്റെ കാരണം തെറ്റായി പ്രവചിക്കരുത്”– അവർ കൂട്ടിച്ചേർത്തു.