പശ്ചിമ ബംഗാളിലെ ഇടതു മുന്നണി സര്‍ക്കാരിന്റെ പതനത്തിലേക്ക് എത്തിച്ചതിന് കാരണമായ സിംഗൂരിലെ ഭൂമി കൈമാറ്റക്കേസില്‍ ബംഗാള്‍ സര്‍ക്കാര്‍ ടാറ്റ മോട്ടോഴ്‌സിന് വന്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. നാനോ കാര്‍ ഫാക്ടറിക്കായി സിംഗൂര്‍ ഭൂമി ഏറ്റെടുത്ത ടാറ്റ പ്രക്ഷോഭം കാരണം അവിടെ നിന്നും ഒഴിഞ്ഞു പോകേണ്ടി വന്നിരുന്നു.
നിർമാണ സൈറ്റിലുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ട് കമ്പനിക്ക് 766 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പശ്ചിമ ബംഗാൾ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് ആർബിട്രൽ ട്രൈബ്യൂണൽ ആവശ്യപ്പെട്ടതായി ടാറ്റ മോട്ടോഴ്‌സ് തിങ്കളാഴ്ച അറിയിച്ചു.
ഭൂമി തർക്കം കാരണം 2008 ഒക്ടോബറിൽ പശ്ചിമ ബംഗാളിലെ സിംഗൂരിൽ നിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് നാനോ കാർ പ്ലാന്റ് മാറ്റേണ്ടി വന്നു. ടാറ്റ അപ്പോഴേക്കും സിംഗൂരിൽ 1000 കോടി രൂപയിലധികം നിക്ഷേപിച്ചിരുന്നു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയും ചേർന്നാണ് സാനന്ദ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.