മറാഠാ സംവരണ സമരം ആളിപ്പടരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സമരാനുകൂലികള്‍ അജിത, ശരദ് പവാര്‍ പക്ഷക്കാരായ രണ്ട് എന്‍.സി.പി. എംഎല്‍എ മാരുടെ വീടുകള്‍ അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ട്. ബിജെപി എംഎല്‍എയുടെ ഓഫീസ് തകര്‍ക്കുകയും ചെയ്തു.
നിരാഹാരം അനുഷ്ഠിക്കുന്ന മനോജ് ജരാങ്കെ പാട്ടീലിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് വീടുകള്‍ക്കു നേരെ ആക്രമണം. പ്രകാശ് സോളങ്കെ, സന്ദീപ് ഷിര്‍സാഗര്‍ എന്നിവരുടെ വീടും വാഹനങ്ങളുമാണ് തീ വെച്ച് നശിപ്പിച്ചത്. പ്രകാശ് അജിത് പവാര്‍ വിഭാഗവും സന്ദീപ് ശരദ്പവാര്‍ വിഭാഗവും ആണ്. ശരദ് പവാര്‍ വിഭാഗത്തിന്റെ ഒരു ഓഫീസും കത്തിച്ചിട്ടുണ്ട്.
ഔറംഗാബാദ് ജില്ലയിലെ ബി.ജെ.പി. എംഎല്‍എ പ്രശാന്ത് ബാംപിന്റെ ഓഫീസ് അടിച്ചു തകര്‍ക്കുകയും മജല്‍ ഗാവ് നഗരസഭാ ആസ്ഥാനത്തിന്റെ ഒന്നാം നില കത്തിക്കുകയും ചെയ്തു. വിവിധ ഭാഗങ്ങളിലായി നിരവധി സര്‍ക്കാര്‍ ബസ്സുകളും പ്രക്ഷോഭകര്‍ തകര്‍ത്തു.
മറാഠാ സംവരണം ആവശ്യപ്പെട്ട് ശിവസേനാ വിമത വിഭാഗം നേതാവും മുഖ്യമന്ത്രിയുയമായ ഏക്‌നാഥ് ഷിന്‍ഢെയുടെ ഒപ്പമുള്ള ഒരു എം.പി. രാജി പ്രഖ്യാപിച്ചിട്ടുണ്ട്. നാസിക് ലോക്‌സഭാംഗം ഹേമന്ദ് ഗോഡ്‌സെയാണ് രാജി വെച്ചത്. സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ നടത്തുന്ന നിരാഹാരസമരം ആറു ദിവസം പിന്നിട്ടതോടെയാണ് സമരം അക്രമാസക്തമായി വരുന്നത്.