Categories
kerala

‘തട്ടത്തിന്‍’ മറയത്ത് അനില്‍കുമാറിനെ അപ്പാടെ വെട്ടിയും തിരുത്തിയും ജലീല്‍…സമസ്തയിലും ചര്‍ച്ച

തട്ടം ഇടുന്നില്ല എന്ന് തീരുമാനിക്കുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവന തിരുത്തിയും വിമർശിച്ചതും പാർട്ടി ശ്രേണിയിൽ താഴെക്കിടയിലുള്ള മുൻ മന്ത്രി കെ.ടി.ജലീൽ പരസ്യമായി രംഗത്ത് വന്നത് പാർട്ടിയിൽ തന്നെ ചർച്ചയാകുന്നു. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്‌ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീൽ സമൂഹമാധ്യമത്തിൽ എഴുതി. വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണക്കിടയാക്കും എന്ന് ഇന്നലെ ജലീൽ അനിൽകുമാറിനെ വിമർശിക്കുകയുണ്ടായി.

താന്‍ യുക്തിവാദിയായ രവിചന്ദ്രന്റെ വാദത്തിന് നല്‍കിയ മറുപടിയാണിതെന്നും മുസ്ലീം പെണ്‍കുട്ടിയുടെ ‘ചോയ്‌സ്’ അവര്‍ തീരുമാനിക്കുന്നതിന് ശക്തയാക്കിയത് സിപിഎം ആണെന്നും ആണുദ്ദേശിച്ചതെന്നും അനില്‍കുമാര്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ വിശദീകരണവുമായി എത്തിയെങ്കിലും ജലീല്‍ അദ്ദേഹത്തെ പരസ്യമായി വിമര്‍ശിച്ചത് സംബന്ധിച്ച് പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമായി.

thepoliticaleditor

ഒക്ടോബർ ഒന്നിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിട്ടാണെന്ന് തങ്ങൾ കരുതുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസംഗം. ഏക സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു അനിൽകുമാർ ഇത് സംസാരിച്ചത്. ഇത് പാർട്ടിയുടെ അഭിപ്രായം എന്ന നിലയിലാണ് പിന്നീട് പല തലത്തിൽ ചർച്ച ചെയ്യപ്പെട്ടത്.

അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്തയും പ്രതികരിച്ചത് കൂടുതൽ ചർച്ചയ്ക്കു വക നൽകിയിട്ടുണ്ട്. മതപരമായ തത്വങ്ങൾക്ക് എതിരാണ് കമ്യൂണിസമെന്നും അതൊരു വസ്തുതയാണെന്നും സമസ്ത ജനറൽ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.‘‘മലപ്പുറത്ത് ഒരു പെൺകുട്ടി തട്ടമിടുന്നത് ശരിയല്ല, അതു ഇല്ലായ്മ ചെയ്തത് ഞങ്ങളാണ്, അതൊരു പുരോഗതിയാണ് എന്നാണ് അനിൽകുമാർ പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായമായി അതിനെ ചുരുക്കിയാലും പാർട്ടിയെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ, ഞങ്ങൾ വരുത്തിയ പുരോഗതിയാണ് അതെന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ അതു സ്വന്തം ആശയമല്ല, അതു പാർട്ടിയുടെ ആശയമാണ്.”–ഇതാണ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

അനില്‍കുമാറിനെ തള്ളിപ്പറഞ്ഞ് കെ.ടി.ജലീല്‍ രംഗത്തു വന്നത് സമസ്തയുടെ പ്രതികരണത്തിലെ മാര്‍ദ്ദവ സ്വരത്തില്‍ തെളിയുന്നതായും വിലയിരുത്തുന്നുണ്ട്. മതപരമായ വിഷയത്തില്‍ കരുതലോടെയുള്ള അഭിപ്രായപ്രകടനങ്ങള്‍ വേണമെന്ന് പാര്‍ടി നിര്‍ദ്ദേശം മറന്നുപോകുന്ന നേതാക്കള്‍ അടുത്ത കാലത്ത് സിപിഎമ്മിനെ പല വിവാദത്തിലേക്കും അനാവശ്യമായി വലിച്ചു കൊണ്ടുപോയിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തട്ടം വിവാദം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick