Categories
kerala

പുതുപ്പള്ളിയിലെ ഫലസൂചനകള്‍: നിഷ്പക്ഷമായ, അവസാന വട്ട വിലയിരുത്തല്‍

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധി ആരായിരിക്കും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ എല്ലാ ലെഗസിയും വൈകാരിക ശ്വാസങ്ങളും നിലനില്‍ക്കെ നടന്ന വോട്ടെടുപ്പില്‍ രാഷ്ട്രീയപാര്‍ടികളും മാധ്യമങ്ങളും വിളിച്ചു പറയാന്‍ മടിച്ച സത്യങ്ങളുണ്ട്. മുന്നണികളെ പിണക്കുാതിരിക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന മെയ് വഴക്കം അവരുടെ വിലയിരുത്തലിന്റെ വസ്തു നിഷ്ഠതയെ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു.

വോട്ടര്‍മാരുടെ ഭാഗത്തു നിന്നുമുള്ള ട്രെന്‍ഡിന് അടിസ്ഥാനമായ ഘടകങ്ങള്‍ മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നില്ല. പകരം എല്ലാവരും സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും പ്രചാരണതന്ത്രങ്ങളെ മുന്‍നിര്‍ത്തി വോട്ടര്‍മാരെ നിര്‍വ്വചിക്കാനും അവരുടെ ചിന്തകളെ വ്യാഖ്യാനിക്കാനും ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതിന് പ്രധാന കാരണം കൃത്യമായി പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗമാണ്.

thepoliticaleditor

കൂടുതല്‍ തെളിച്ചു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടി ആരോഗ്യകാരണത്താല്‍ മാറി നിന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പകരം മല്‍സരിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളിയില്‍ നടന്നിരുന്നത് എന്ന് സങ്കല്‍പിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പറയാന്‍ കാര്യമായി ഒന്നും കാണുകയില്ല. ഒരു കഴിവുറ്റ സ്ഥാനാര്‍ഥി എന്ന നിലയില്‍ ചാണ്ടിക്ക് യാതൊരും സാധ്യതയും വോട്ടര്‍മാര്‍ നല്‍കാനിടയില്ല.

തിരഞ്ഞെടുപ്പു കാലത്ത് അദ്ദേഹം നടത്തിയ വിവിധ പ്രതികരണങ്ങളെല്ലാം എണ്ണം തികഞ്ഞ വങ്കത്തരത്തിന്റെ ലക്ഷണങ്ങളായിരുന്നു. ടെക്‌നിക്കാലിറ്റിയില്‍ വിശ്വാസമില്ലെന്നും ഇത് തന്നെ പഠിപ്പിച്ചത് തന്റെ പിതാവാണെന്നും തിരക്കുള്ള ബൂത്തിലെ വോട്ടര്‍മാരെ തിരക്കു കുറഞ്ഞ ബൂത്തിലേക്ക് മാറ്റി വോട്ടു ചെയ്യിപ്പിച്ചു കൂടേ എന്നുമുള്ള ചോദ്യവും ക്ഷോഭിക്കലും, കൊവിഡ് കാലത്ത് സ്വാഭാവികമായും സാവകാശമുള്ള പോളിങ് പ്രക്രിയ മറികടക്കാന്‍ ഒറ്റത്തവണയായി നടപ്പാക്കിയിരുന്ന ഓക്‌സിലറി വോട്ടിങ് രീതി എന്താ ഉണ്ടാക്കാത്തത് എന്ന ചോദ്യവുമൊക്കെ ചാണ്ടി ഉമ്മനിലെ എണ്ണം തികഞ്ഞ വങ്കനെ കാണിച്ചു തരുന്നുണ്ട്. പക്ഷേ ഇതേ ചാണ്ടിക്ക് ഇത്തവണ ബഹുഭൂരിപക്ഷം പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ ഇടതു പക്ഷ ബുദ്ധിമാന്‍മാര്‍ നെറ്റി ചുളിച്ചാലും വോട്ടര്‍മാരെ സ്വാധീനിച്ച ചില സത്യങ്ങളുണ്ട്.
ഇത്തവണ പുതുപ്പള്ളിയില്‍ വോട്ടര്‍മാരുടെ പക്ഷത്തു നിന്ന് ചിന്തിച്ചു നോക്കിയാല്‍ മനസ്സിലാകുന്ന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

ഒന്ന്–2021-ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കുകയും 2020-ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ എട്ടില്‍ ആറ് പഞ്ചായത്തുകളിലും ഇടതു പക്ഷത്തിനെ ജയിപ്പിക്കുകയും ചെയ്ത സാമുദായിക അന്തരീക്ഷം ഇപ്പോള്‍ പുതുപ്പള്ളിയില്‍ ഇല്ല. അക്കാലത്ത് യാക്കോബായ-ഓര്‍ത്തഡോക്‌സ് ഭിന്നത സംഘര്‍ഷ പരകോടിയില്‍ നിന്ന സമയമായിരുന്നു. ഉമ്മന്‍ചാണ്ടി യാക്കോബായ പക്ഷത്തിന് അനുകൂലമായ പ്രത്യക്ഷനിലപാടുകള്‍ എടുക്കാതിരിക്കയും എന്നാല്‍ ഇടതു സര്‍ക്കാര്‍ യാക്കോബായ പക്ഷത്തെ സുഖിപ്പിക്കും വിധം നിലപാടുകള്‍ എടുക്കുകയും ചെയ്ത സാഹചര്യവും ഉണ്ടായിരുന്നു. യാക്കോബായ സമുദായ വോട്ടര്‍മാര്‍ ഏറെയുള്ള മണര്‍കാട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഉമ്മന്‍ചാണ്ടി പിറകില്‍ പോകുകയും ആകെ ഭൂരിപക്ഷം കുറഞ്ഞു പോകുകയും ചെയ്തത് യാക്കോബായക്കാരുടെ നീരസം എതിര്‍വോട്ടായി മാറിയതിനാലാണെന്ന വിലയിരുത്തലുണ്ടായി. ഇത്തരം ഒരു സാഹചര്യം ഇപ്പോള്‍ മണ്ഡലത്തിലില്ല.

രണ്ട്— ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് സിപിഎം പ്രചാരണം തുടങ്ങിയതും ഏറ്റവും ഒടുവില്‍ വോട്ടിങ് ദിനത്തില്‍ ഒരു ശബ്ദരേഖയിലൂടെ അതേ പ്രചാരണം കൊണ്ട് ഇടതു സൈബര്‍ പോരാളികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നോക്കിയതും എല്ലാം തികച്ചും പാളിപ്പോയ തന്ത്രങ്ങളായിരുന്നു എന്ന് ചരിത്രം വിലയിരുത്തും. വലിയ സിപിഎം സൈദ്ധാന്തിക വേഷമുള്ള സംസ്ഥാന സമിതി അംഗം എം.അനില്‍കുമാര്‍ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ട് തന്റെ ഫേസ്ബുക്കില്‍ എഴുതിയിട്ട വിവാദം പുതുപ്പള്ളിയിലെ ഏറ്റവും പാളിപ്പോയ സിപിഎം പരീക്ഷണമായിരുന്നു. എന്നാല്‍ ഏറെ വഷളാവും മുമ്പ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കാര്യം മനസ്സിലാവുകയും അനില്‍കുമാര്‍ ഉയര്‍ത്തിവിട്ട ആശയങ്ങളെ വിലക്കുകയും പകരം രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള വഴിയിലേക്ക് പ്രചാരണതന്ത്രങ്ങള്‍ തിരിക്കുകയും ചെയ്തു.

പിന്നീട് ഉമ്മന്‍ചാണ്ടിയെ വിട്ട് മകള്‍ അച്ചു ഉമ്മനെ സിപിഎം സൈബര്‍ പോരാളികള്‍ പിടികൂടി. അതും പാളിപ്പോവുകയാണ് ചെയ്തത്. വോട്ടെടുപ്പു ദിവസം പ്രചരിപ്പിച്ച ശബ്ദ സന്ദേശവും ഒരു തരത്തിലുളള എഡ്ജും സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പില്‍ നല്‍കുകയില്ല എന്നത് ഉറപ്പാണ്. കാരണം ഉമ്മന്‍ചാണ്ടിക്കെതിരായ വിവാദങ്ങള്‍ ഇരുതലമൂര്‍ച്ഛയുള്ള വാള്‍ ആണ്. ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്കുള്ള ആരാധന കലര്‍ന്ന വൈകാരികത വെട്ടിത്തിളച്ചു നില്‍ക്കുന്ന ഒരിടത്ത് അപകടകരമായൊരു കളിയാണത്.

മൂന്ന്–ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന വോട്ട് ആയിട്ടാണ് പുതുപ്പള്ളിയിലെ സാധാരണ യു.ഡി.എഫ്. അനുകൂല വോട്ടര്‍മാര്‍ ചാണ്ടി ഉമ്മനു നല്‍കുന്ന വോട്ടിനെ കാണുന്നത്. അച്ചു ഉമ്മന്‍ വളരെ സമര്‍ഥമായി വോട്ടിങ് ദിനത്തിന് തലേന്ന് പറഞ്ഞതു പോലെ (അതോ കോൺഗ്രസിന്റെ സ്ട്രാറ്റെജി മാനേജര്‍മാര്‍ തയ്യാറാക്കി നല്‍കിയ ക്യാപ്ഷനോ) ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി നല്‍കുന്ന യഥാര്‍ഥ യാത്രയയപ്പ് ആയിരിക്കും ചാണ്ടി ഉമ്മന് നല്‍കുന്ന ഭൂരിപക്ഷം. അത് ഏത് അര്‍ഥത്തിലായാലും ഒരു ആദരാഞ്ജലി വോട്ടാണ്, അത് ആ മണ്ഡലത്തിന്റെ സന്ദേശമാണ്, ചാണ്ടി ഉമ്മന് ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന ഒരു പിന്തുണയാണ്.

നാല്–പുതുപ്പള്ളിയിലെ ബി.ജെ.പി.വോട്ടിന്റെ കാര്യം. ഇത് വെറുമൊരു ഉപതിരഞ്ഞെടുപ്പ്. അതില്‍ കൈക്കരുത്ത് കാട്ടി സത്യത്തില്‍ ഒന്നും നേടാനില്ലാത്ത ബിജെപി. അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയും ഒരു ഫൈറ്ററോ താരമോ ഒന്നുമല്ല എന്നത് മേല്‍പറഞ്ഞ കാര്യത്തെ സാധൂകരിക്കുകയും ചെയ്യുന്നുണ്ട്. ബിജെപി ഇത്തവണ യുഡിഎഫിന് വോട്ടു മറിച്ചു നല്‍കുമെന്ന് ഒന്നല്ല നാലു മുഴം മുന്നേ ഇടതുപക്ഷം ആരോപണക്കല്ലെറിഞ്ഞു കഴിഞ്ഞു. എന്നാല്‍ ഒരു പ്രവചനം ശരിയാണെങ്കില്‍ ബിജെപി വോട്ട് മറിക്കുമെങ്കില്‍ അതിന്റെ നേട്ടം പുതുപ്പള്ളിയില്‍ ഇടതുപക്ഷത്തിന് അനുകൂലമായിരിക്കാനാണിട. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിച്ചു നല്‍കാന്‍ ബിജെപി ആത്യന്തികമായി തീരുമാനിക്കുകയില്ല. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ആരോപിത മൃദുഹിന്ദുത്വ കോണ്‍ഗ്രസുകാര്‍ ഇക്കാര്യത്തിനായി ബിജെപിയെ നിര്‍ബന്ധിക്കാനും ഇടയില്ല. എന്നാല്‍ ബിജെപി ഇടതു പക്ഷത്തെ സഹായിച്ചു എന്നു വെച്ചാല്‍ പോലും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയ്ക്കാനേ സഹായകമാകൂ എന്ന ഗോസിപ്പുകളും മണ്ഡലത്തിലെ സിപിഎം അനുഭാവികളില്‍ തന്നെ ഉണ്ട്.

മണ്ഡലത്തിലെ യുവ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് ഇടതു മുന്നണി നടത്തിയ നീക്കങ്ങള്‍ വളരെ തന്ത്രപരമായിരുന്നു. ജെയ്ക് സി. തോമസിന്റെ ബില്‍ഡപ് അതില്‍ പ്രധാനമായിരുന്നു. മാധ്യമങ്ങള്‍ക്ക് ജെയ്ക് ഇംഗ്ലീഷില്‍ നല്‍കിയ അഭിമുഖം ഉള്‍പ്പെടെ ഈ പ്ലാനിങിന്റെ ഭാഗമായിരുന്നു എന്ന് കരുതാം. യുവ വോട്ടര്‍മാരിലൂടെ മണ്ഡലം പിടിക്കാമെന്ന് ഇടതു ടീം മാനേജര്‍മാര്‍ കരുതുന്നുണ്ട്.

അഞ്ച്— കോണ്‍ഗ്രസില്‍ തന്നെ ചാണ്ടി ഉമ്മനെതിരായ ഒരു ഗ്രൂപ്പ് നേതാക്കളെ സിപിഎം സ്വാധീനിച്ചതായി ഒരു രഹസ്യവര്‍ത്തമാനം പുതുപ്പള്ളിയില്‍ പരന്നിരുന്നു. ചാണ്ടി ഉമ്മനു വേണ്ടി ജില്ലയിലെ ചില എതിര്‍ഗ്രൂപ്പുകാരായ നേതാക്കള്‍ ആവേശപൂര്‍വ്വം രംഗത്തിറങ്ങിയിട്ടില്ല എന്ന അടുക്കള വര്‍ത്തമാനവും ഉണ്ട്. ഈ ആവേശക്കുറവ് ചാണ്ടി ഉമ്മനെതിരായി ഇടതുപക്ഷത്തിന് സഹായകമായേക്കാം എന്ന മര്‍മ്മര വര്‍ത്തമാനവും ഉണ്ട്.

ആറ്— പുതുപ്പള്ളിയിലെ ആം ആദ്മി സ്ഥാനാര്‍ഥിയുടെ സാന്നിധ്യം. ഈ സ്ഥാനാര്‍ഥി സിപിഎം നിര്‍ത്തിയ ഡമ്മിയാണെന്ന വിമര്‍ശനം കോണ്‍ഗ്രസുകാര്‍ തന്നെ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന്റെ കുറച്ച് വോട്ടുകള്‍ പിടിക്കാന്‍ മാത്രം ഉപകരിക്കുന്നതാണ് ആം ആദ്മിയുടെ സാന്നിധ്യം എന്നാണ് വിലയിരുത്തല്‍. ഇടതു വോട്ടുകള്‍ അറിയാതെ പോലും ആം ആദ്മിക്ക് കിട്ടുകയില്ല എന്നാണ് തോന്നുന്നത്.

ഏഴ്–പുരുഷ വോട്ടര്‍മാരെക്കാള്‍ സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുളള മണ്ഡലമാണ് പുതുപ്പള്ളി. 86,131 പുരുഷനും 90,277 സ്ത്രീകളും. വോട്ട് രേഖപ്പെടുത്തിയവരിലും സ്ത്രീകളാണ് കൂടുതല്‍. 64,078 പുരുഷനും 64,455 സ്ത്രീകളും. വോട്ടു ചെയ്യാത്തവരില്‍ പുരുഷന്‍മാരെക്കാള്‍ കൂടുതലുളളത് സ്ത്രീകളാണ്. ഇടതുപക്ഷം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് തങ്ങളുടെ എല്ലാ വോട്ടുകളും ചെയ്യിച്ചിട്ടുണ്ട് എന്നാണ്. സ്ത്രീ,പുരുഷ വോട്ട് കുറവ് ആര്‍ക്ക് അനുകൂലമാകും? കഴിഞ്ഞ ഒരു മാസമായി പുതുപ്പള്ളിയില്‍ വിവിധ മാധ്യമങ്ങളോട് പ്രതികരിച്ച തനി രാഷ്ട്രീയജീവികളല്ലാത്ത സ്ത്രീകളെല്ലാം, എല്ലാ പ്രായത്തിലുള്ളവരും ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരികത മുന്‍നിര്‍ത്തി ചാണ്ടി ഉമ്മന് വോട്ട് എന്ന മൂഡിലാണ് സംസാരിച്ചതായി കാണുന്നത്. ഇടതുപക്ഷം എന്ത് വികസന വാദം ഉയര്‍ത്തിയാലും ഇത്തരം വൈകാരികതകളില്‍ ഇളക്കം സൃഷ്ടിക്കാനാവില്ല എന്നത് പരമസത്യമാണ്. വികസനം ചര്‍ച്ചയാക്കിയെങ്കിലും ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയോടുള്ള അടുപ്പത്തെ മറികടന്ന് വികസനരാഷ്ട്രീയത്തിനോട് ഭയങ്കര അടുപ്പം കാണിക്കാനുള്ള മനസ്സ് പുതുപ്പള്ളിയില്‍ ഉരുവായിട്ടില്ല എന്നാണ് മണ്ഡലത്തിലെ ജനമനസ്സുകളെ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ലഭിക്കുന്ന സൂചനകള്‍.

എട്ട്–ആദ്യം പറഞ്ഞതിന്റെ തുടര്‍ച്ചയായി പറയേണ്ട ഒരു കാര്യം ചാണ്ടി ഉമ്മന്റെ പിതൃരൂപ, ഭാവാനുകരണങ്ങള്‍ ഒരു ഒറ്റത്തവണ തീര്‍പ്പാക്കലിന് മാത്രം ഉതകുന്നതാണെന്ന് പുതുപ്പള്ളിയിലെ ഭൂരിപക്ഷം ജനതയും കരുതുന്നു എന്ന ശ്രദ്ധയ സംഗതിയാണ്. അത് വ്യക്തമായി കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയുകയും ചെയ്യാം. വളരെ പരസ്യമായി അതുപയോഗപ്പെടുത്താനുള്ള നീക്കങ്ങള്‍ തന്നെയാണ് യു.ഡി.എഫ്. ഇത്തവണ നടത്തിയതും. അതിന്റെ ഫലം ആണ് അവര്‍ കാത്തിരിക്കുന്നതും.

ഒന്‍പത്–അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതം വഴിയുള്ള അഴിമതികളും വന്‍ ആരോപണങ്ങളായി ഇടതുസര്‍ക്കാരിനെ ചൂഴ്ന്നു നില്‍ക്കുന്നതില്‍ അമര്‍ഷമുള്ള സി.പി.എം. അനുഭാവികളും ഇടതു മുന്നണിയിലെ ഘടകകക്ഷികളിലുള്ള അനുഭാവികളും നെഗറ്റീവ് വോട്ട് ചെയ്യാനുള്ള സാധ്യത ചിലര്‍ തുറന്നു തന്നെ പറയുന്നുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് അനുയായികളിലും ചിലയിടത്ത് ചില സൗന്ദര്യപ്പിണക്കങ്ങളുണ്ടെന്നും ഉപശാലാസംസാരം ഉണ്ട്. അതെല്ലാം ചെറുതെങ്കിലും ഓരോ വോട്ടും പ്രധാനമാകുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ണായകമാണ്.

പൊതുവെ ദൃശ്യമായും അദൃശ്യമായും പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇത്തരം കാര്യങ്ങളില്‍ ആകെ നോക്കിയാല്‍ ജെയ്കിന് മേല്‍ക്കൈയും ആനുകൂല്യവും ലഭിക്കുന്ന വിഷയങ്ങളെക്കാളും തൂക്കം കൂടുതല്‍ ചാണ്ടിക്ക് മേല്‍ക്കൈയും ആനുകൂല്യവും ലഭിക്കുന്ന വിഷയങ്ങളാണ്.

അതിനാല്‍ എന്റെ വിലയിരുത്തലില്‍ ചാണ്ടി ഉമ്മനാണ് സാധ്യത… മികച്ച ഭൂരിപക്ഷവും. എന്നാല്‍ ഇതൊരു പ്രവചന വിലയിരുത്തല്‍ ആയി കാണാതെ, പുതുപ്പള്ളിയില്‍ നിലനിന്ന സ്വാധീന വിഷയചര്‍ച്ചയായി കണ്ടാല്‍ മതി. അഥവാ ജെയ്കിന്റെ ഇടതുപക്ഷം പുതുപ്പള്ളി പിടിച്ചാല്‍, ഉറപ്പാണ്, അത് ഒരു ചെറിയ സന്ദേശമായിരിക്കില്ല യു.ഡി.എഫിന് നല്‍കുക. അഥവാ ഭാവിയില്‍ കേരളം യു.ഡി.എഫ്. ഭരിച്ചാല്‍ പോലും പുതുപ്പള്ളി ഇനി കോണ്‍ഗ്രസിന് കിട്ടില്ല എന്ന വലിയ സന്ദേശം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick