Categories
opinion

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…

കേരളത്തിലെ മന്ത്രിസഭാംഗങ്ങളെ മാറ്റുന്ന കാര്യത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്ക്കും അവതരണങ്ങള്‍ക്കും ശേഷം മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ പുതിയതായി കണ്ടെത്തിയ കാര്യം എന്താണ്.

വാര്‍ത്താ ലോകത്തെ ശബ്ദായമാനമാക്കുകയും വാര്‍ത്താപ്രിയരായ മനുഷ്യരുടെ എത്രയോ മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷം പ്രമുഖ മലയാള മാധ്യമപ്രവര്‍ത്തകര്‍ ഒടുവില്‍ കണ്ടെത്തിയ പുതിയ കാര്യം, സത്യത്തില്‍ ഇടതു മുന്നണി 2021-ല്‍ അധികാരമേല്‍ക്കുമ്പോള്‍ തീരുമാനിച്ചിരുന്ന ഒരു കരാര്‍ പ്രകാരമുള്ളതും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നടപ്പാക്കാന്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതുമായ രണ്ടു മാറ്റങ്ങള്‍ മാത്രമായിരുന്നു. ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയ്ക്കുള്ള മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസ് ബി-ക്കും വെച്ചു മാറും. അതിനപ്പുറം എന്തെങ്കിലും പുതിയ കാര്യങ്ങള്‍ മലയാള മാധ്യമങ്ങള്‍ കണ്ടെത്തിയോ.

thepoliticaleditor

സാധാരണ ഗതിയില്‍ ഒരു വാര്‍ത്തയില്‍ അവസാനിപ്പിക്കാവുന്ന കാര്യത്തിനാണ് ചികഞ്ഞും മറിഞ്ഞും തിരിഞ്ഞും 24 മണിക്കൂര്‍ ചര്‍ച്ച നടത്തിയത്. അതിന് മേമ്പൊടിയോ എരിവോ ലഭിക്കാനായി സിപിഎം മന്ത്രിമാരില്‍ ചിലരും മാറുന്നു എന്ന ഒരു യുക്തിയും സ്രോതസ്സും ഇല്ലാത്ത ഒരു വിവരവും അവതരിപ്പിച്ചു. ആരോ ഒരു സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ആദ്യം ചുട്ടു പ്ലേറ്റിലേക്കിട്ടു കൊടുത്ത ഈ അഭ്യൂഹവാര്‍ത്ത പിന്നെ എല്ലാവരും ഏറ്റു പിടിച്ചു. കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകരുടെ ദയനീയാവസ്ഥയാണിത്.
കേരള കോണ്‍ഗ്രസ് ബി-യില്‍ നിന്നും മന്ത്രിയുണ്ടാവുമെന്നും അത് ഗണേഷ്‌കുമാര്‍ ആയിരിക്കുമെന്നും രണ്ടര വര്‍ഷം മുമ്പു തന്നെ വ്യക്തമായ കാര്യമാണ്.

സോളാര്‍ അന്വേഷണം നടത്തിയ സിബിഐ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ ഗണേഷ്‌കുമാറിന്റെ പേര് മറ്റ് പല പ്രമുഖ ജനപ്രതിനിധികള്‍ക്കൊപ്പം പരാമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ വരാന്‍ പോകുന്ന മന്ത്രിസ്ഥാനത്തിന് നിയമപരമായോ സാങ്കേതികമായോ ഒരു തടസ്സമേയല്ലെന്ന് കേരളത്തിലെ തലയ്ക്കു വെളിവുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. പിന്നെ ബാക്കിയുള്ളൊരു കാര്യം ധാര്‍മികതയാണ്. രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് അധികാര രാഷ്ട്രീയത്തില്‍ ധാര്‍മികത എന്നത് പാലിക്കാതിരിക്കുന്നതില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളും ഒരു പോലെയാണെന്നിരിക്കെ ഗണേഷ്‌കുമാറിന്റെ കൊച്ചു പാര്‍ടിക്കു മാത്രം അത് ആനവണ്ണത്തില്‍ വേണമെന്നുള്ള തരം ചര്‍ച്ചകളാണ് പാനല്‍ ചര്‍ച്ചാ പുംഗവന്‍മാര്‍ എഴുന്നള്ളിച്ചുകൊണ്ടേയിരുന്നത് ഇന്നലെ മുഴുക്കെ.

പിന്നൊരു വിഷയം കടന്നപ്പള്ളി രാമചന്ദ്രന്‍ എന്തിന് മന്ത്രിയാകണം എന്നതാണ്. കോണ്‍ഗ്രസ് എസ് ഇടതുമുന്നണിയിലെ ഏറ്റവും പഴയ സഖ്യകക്ഷിയാണ് എന്നത് മാത്രം കണക്കിലെടുത്തും കണ്ണൂരിലെ പരമ്പരാഗത യു.ഡി.എഫ്. മണ്ഡലം ഇടതുമുന്നണിയുടെ സ്വന്തമാക്കി മാറ്റിയ സംശുദ്ധ രാഷ്ട്രീയക്കാരന്‍ കൂടിയാണ് എന്നതും മതിയാകും കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍. ഇതെല്ലാം യുക്തികളായിരിക്കേ അതെല്ലാം മാറ്റിവെച്ച് നെടുനെടുങ്കന്‍ വാചകങ്ങളിലൂടെ എന്തോ വലിയ അടിമറിച്ചിലുകളാണ് കേരള മന്ത്രിസഭയില്‍ നടക്കാന്‍ പോകുന്നത് എന്ന മട്ടിലുള്ള കെട്ടുകാഴ്ചകളായി വാര്‍ത്താവതരങ്ങളും ചര്‍ച്ചകളും മാറുന്നു. എന്നിട്ട് ഇടതു മുന്നണി കണ്‍വീനര്‍ ഉറപ്പിച്ചു പറയുന്ന, നേരത്തെ മുന്നണി ധാരണയിലുള്ള കാര്യങ്ങള്‍ ഉറപ്പായും നടക്കുമല്ലോ എന്ന അഭിപ്രായപ്രകടനം കൊണ്ട് അടിവരയിട്ട് വാര്‍ത്തകള്‍ അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ അതു വരെ സമയം മുഴുവന്‍ കളഞ്ഞ് എന്തോ വലിയ പുകില്‍ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലില്‍ ആകാംക്ഷയിലിരുന്ന പ്രേക്ഷകന്‍ ഇളിഭ്യനായി ചാനല്‍ പൂട്ടി ജാള്യത മറയ്ക്കാന്‍ സ്വയം പഴിക്കുകയും ചെയ്യേണ്ടി വരുന്നു.

ഇത് എന്ത് തരം മാധ്യമപ്രവര്‍ത്തനമാണ് എന്ന് മലയാളികള്‍ ഉറക്കെ ചോദിക്കേണ്ടതുണ്ട്. സ്പീക്കര്‍ ആരോഗ്യമന്ത്രിയാകുമെന്നും ആരോഗ്യമന്ത്രി സ്പീക്കറാകും എന്നും ഒരു സ്രോതസ്സിനെയും ഉദ്ധരിക്കാതെ ഗൗരവത്തില്‍ ടൈറ്റില്‍ ഹൈലൈറ്റ് ആക്കുകയും പറഞ്ഞുവരുമ്പോള്‍ വിശദാംശങ്ങളില്‍ അതെല്ലാം ഒഴിവാക്കി കടന്നപ്പള്ളിയെയും ബി.ഗണേഷ്‌കുമാറിനെയും മാത്രം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വാര്‍ത്താവതാരകരുടെ കോറസ് ഏത് തരം വാര്‍ത്താ ധാര്‍മികതയുടെ വക്താക്കളാണ് ! ജനം ശ്രദ്ധിക്കാനും മണിക്കൂറുകളോളം വാര്‍ത്തയില്‍ തൂങ്ങിനില്‍ക്കാനും അല്‍പം ‘സിപിഎം മസാല’ കൂടി വേണമെന്ന കാഴ്ചപ്പാട് എത്ര ദയനീയമാണ്.

Spread the love
English Summary: news morality of malayalam news channels

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick