Categories
opinion

ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കുരുക്കിലാക്കുന്നത് ആരെ…

അധികാരത്തിന്റെ ഇടനാഴികളില്‍ അലയുന്ന ദല്ലാള്‍മാരെ അകറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ദല്ലാള്‍പ്പണിയുമായി ആരും വരേണ്ടെന്ന് അദ്ദേഹം സരസമായി പറയുകയും ചെയ്തു. എന്നാല്‍ ചില ദല്ലാളുമാര്‍ പിന്നീടും അധികാരത്തിന്റെ ഇടനാഴികളില്‍ രഹസ്യനീക്കങ്ങളുമായി ഉണ്ടെന്നതിന് സൂചനയാണ് ടി.ജി. നന്ദകുമാര്‍ എന്ന “ദല്ലാള്‍ നന്ദകുമാറി”ന്റെ വെളിപ്പെടുത്തലുകള്‍.
പക്ഷേ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു ന്നു ഇത് എന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം. ഉമ്മന്‍ചാണ്ടി വിശുദ്ധനൊന്നുമല്ലെന്ന് പറയാനും ഉമ്മന്‍ചാണ്ടിയെ ചതിക്കാന്‍ ശ്രമിച്ചവരില്‍ അദ്ദേഹത്തിന്റെ പാര്‍ടിയിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാരായിരുന്ന നേതാക്കളായിരുന്നു എന്ന് വെളിപ്പെടുത്താനുമൊക്കയായിരുന്നു നന്ദകുമാര്‍ ശ്രമിച്ചതെങ്കിലും അദ്ദേഹത്തിന്റെ പറച്ചിലുകളില്‍ തെളിയുന്നത് മറ്റൊരു കാര്യമാണ്.

സോളാര്‍ കേസിലെ പറയപ്പെടുന്ന ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയെ കുരുക്കാനായുള്ള പ്രധാന ഘടകമായ പരാതിക്കാരിയുടെ രണ്ട് കത്തുകളുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിനു മുമ്പ് സിപിഎമ്മിന്റെ ഉന്നത നേതാക്കളായ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു എന്നാണ് നന്ദകുമാര്‍ പറഞ്ഞത്. എന്നു മാത്രമല്ല, വി.എസ്.അച്യുതാനന്ദന്‍ ഈ കത്തുകള്‍ പൂര്‍ണമായും വായിച്ചു നോക്കിയെന്നും അത്ഭുതം തോന്നുന്നു എന്ന് പറഞ്ഞതായും നന്ദകുമാര്‍ പറഞ്ഞു. പരാതിക്കാരിയുടെ കത്ത് താന്‍ ശരണ്യമനോജില്‍ നിന്ന് കൈപ്പറ്റിയെന്നും ഇത് മാധ്യമങ്ങള്‍ക്ക് നല്‍കും മുമ്പ് ഉന്നത സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നുമാണ് “ദല്ലാളി”ന്റെ വെളിപ്പെടുത്തൽ.. വി.എസ്. ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ശരണ്യ മനോജുമായി സംസാരിച്ചതെന്നും വി.എസ്. കത്ത് പല തവണ വായിച്ചുവെന്നും നന്ദകുമാര്‍ പറയുന്നു.

thepoliticaleditor

പാര്‍ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയനുമായി പാര്‍ടി ഫ്‌ലാറ്റില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും അപ്പോഴേക്കും നേരത്തെ തന്നോട് പിണറായിക്കുണ്ടായിരുന്ന വിരോധം ഇല്ലാതായിക്കഴിഞ്ഞിരുന്നു എന്നും നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയന്‍ 2015-16 കാലത്ത് പാര്‍ടി സെക്രട്ടറിയല്ല, പൊളിറ്റ് ബ്യൂറോ അംഗമാണ്. അത് മാറ്റിവെച്ചാല്‍, നന്ദകുമാര്‍ പറയുന്നതിലെ വസ്തുതകള്‍ സിപിഎം നേതൃത്വത്തിനു മുന്നില്‍ വിശദീകരണം ആവശ്യമുള്ളവ തന്നെയാണ്.
സോളാര്‍ വിവാദം പിന്നീട് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് 35 ശതമാനം നേട്ടമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ടെന്നും നന്ദകുമാര്‍ പറയുന്നു. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെയായിരുന്ന കാലങ്ങളില്‍ നന്ദകുമാര്‍ വി.എസിനോട് വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു. നന്ദകുമാറിനെ വി.എസ്. പാര്‍ടിയിലെ വിഭാഗീയതയില്‍ തന്റെ എതിരാളിയായ പിണറായി വിജയനെതിരെ ഉപയോഗിച്ചു എന്ന് ആരോപണമുണ്ടായിരുന്നു. ദല്ലാള്‍ നന്ദകുമാറിനെതിരെ പിണറായി വിജയന്‍ തിരിയാന്‍ കാരണം ഇതായിരുന്നു. എന്നാല്‍ 2015 കഴിയുന്നതോടെ തന്നോട് പിണറായി വിജയനുണ്ടായിരുന്ന വിരോധമെല്ലാം പറഞ്ഞു തീര്‍ത്ത് സൗഹാര്‍ദ്ദപരമായ സമീപനത്തിലേക്ക് എത്തിയിരുന്നു എന്നും നന്ദകുമാര്‍ പറഞ്ഞു. അതോടെ സോളാര്‍ പരാതിക്കാരിയുടെ കത്ത് പിണറായിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

സോളാര്‍ വിഷയം ഉമ്മന്‍ചാണ്ടിക്കെതിരെ തിരിച്ചുവിട്ടാല്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകുമെന്ന് സിപിഎം നേതാക്കള്‍ ചിന്തിച്ചതായും നന്ദകുമാര്‍ സൂചിപ്പിച്ചു. അതിന്റെ മറ്റൊരര്‍ഥം സോളാര്‍ പരാതിക്കാരിയുടെ കത്തുകള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ നന്ദകുമാറിനെ ആരെങ്കിലും ഉപയോഗിച്ചു എന്നു തന്നെയല്ലേ.
ഡല്‍ഹി കേരള ഹൗസില്‍ വെച്ച് താന്‍ നന്ദകുമാറിനെ ഇറക്കിവിട്ടെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന്റെ പിറ്റേന്ന് നന്ദകുമാര്‍ അത് നിഷേധിച്ചതും ശ്രദ്ധേയമാണ്. തന്നെ പിണറായി ഇറക്കിവിട്ടിട്ടില്ലെന്നും വി.എസിന്റെ മുറിയാണെന്നു വിചാരിച്ച് ബെല്ലടിച്ചത് പിണറായിയുടെ മുറിയുടെതാണെന്നും വാതില്‍ തുറന്ന പിണറായി തന്നോട് നിങ്ങള്‍ എന്താണീ ചെയ്യുന്നതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും നന്ദകുമാര്‍ പറഞ്ഞു. നന്ദകുമാറും സിപിഎം നേതാക്കളുമായുള്ള ബന്ധത്തിന്റെ സൂചന തന്നെയാണ് ഈ വെളിപ്പെടുത്തലും നല്‍കുന്നത്.

പിണറായി തന്നെ ഇറക്കിവിട്ടിട്ടില്ല എന്ന് നന്ദകുമാര്‍ പറഞ്ഞതിലൂടെ തലേന്ന് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുക മാത്രമല്ല, പിണറായിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കല്‍ കൂടിയാണ് നന്ദകുമാറിന്റെ ലക്ഷ്യമെന്ന് കരുതണം.

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയെന്ന രീതിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ കുടുംബവും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന പ്രചാരണത്തിന് അടിവരയിടുന്ന കാര്യമാണ് ടി.ജി.നന്ദകുമാര്‍ പറഞ്ഞിരിക്കുന്നത്. അതിനപ്പുറം, ഈ ഗൂഢാലോചനയില്‍ വി.എസ്. അച്യുതാന്ദനുള്‍പ്പെടെയുള്ളവര്‍ക്ക് അറിവുണ്ടായിരുന്നു എന്ന് സംശയിക്കാന്‍ തക്ക ചില തന്ത്രപരമായ പ്രതികരണങ്ങളും നന്ദകുമാര്‍ നല്‍കുന്നു എന്നതാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തലുകളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. സോളാര്‍ വിഷയം ഇടതു മുന്നണി വിജയത്തിനായി രാഷ്ട്രീയമായി ഉപയോഗിച്ചതില്‍ എന്താണ് തെറ്റായി ഉള്ളത് എന്നും നന്ദകുമാര്‍ ചോദിക്കുന്നു. സി.പി.എമ്മിനെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുളള പ്രതികരണമാണിതെങ്കിലും വെളിപ്പെടുത്തലുകളുടെ ആകെ അര്‍ഥം സിപിഎം നേതാക്കളെയും കുരുക്കിലാക്കുന്നതാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. വി.എസിന് ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതികരിക്കാന്‍ കഴിയില്ലെങ്കിലും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ പ്രതികരണത്തിന് നിര്‍ബന്ധിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്താ സമ്മേളനമാണ് ടി.ജി.നന്ദകുമാര്‍ നടത്തിയിട്ടുള്ളത് എന്നതാണ് വസ്തുത.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളും നന്ദകുമാറിന്റെ വെളിപ്പെടുത്തലുകളില്‍ ഇനിയും പ്രതിസ്ഥാനത്ത് വരുമെന്ന് ഉറപ്പാണ്. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരും പ്രതിക്കൂട്ടിലാക്കപ്പെടുന്നതാണ് നന്ദകുമാറിന്റെ വാര്‍ത്താ സമ്മേളനത്തിനു ശേഷം സംഭവിക്കുന്നത്. രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നീ മുന്‍ ആഭ്യന്തരമന്ത്രിമാര്‍ തീര്‍ച്ചയായും മറുപടി പറയേണ്ടി വരും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick