Categories
latest news

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് കൃത്രിമം? അല്ലെങ്കില്‍ 89 ശതമാനം വോട്ട് നേടുമോ ഒരു സ്ഥാനാര്‍ഥി…

ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ബോക്സാനഗറിൽ സിപിഎമ്മിനോട് പരാജയപ്പെട്ടതിന് ശേഷം ഇപ്പോൾ പെട്ടെന്ന് 89 ശതമാനം വോട്ട് നേടുക എന്നത് വലിയ തോതിലുള്ള കള്ളത്തരത്തിലൂടെയല്ലാതെ ബിജെപിക്ക് അസാധ്യം….വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Spread the love

ത്രിപുരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ ബോക്‌സാ നഗര്‍ കേരളത്തില്‍ ഇന്നലെ മുതല്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇവിടെ സിപിഎം സ്ഥാനാര്‍ഥി ദയനീയമായി പരാജയപ്പെട്ടതു മാത്രമല്ല, പരാജിതനായ വ്യക്തി പുതുപ്പള്ളിയിലെ പോലെ പിതാവിന്റെ മരണശേഷം ഒഴിവു വന്ന സിറ്റിങ് സീറ്റില്‍ മല്‍സരിച്ച മകനുമാണ് എന്നതാണ് കേരളം ചര്‍ച്ച ചെയ്തത്.

20 വര്‍ഷമായി സിപിഎം ജയിച്ചു വരുന്ന, മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ ബോക്‌സാ നഗറില്‍ കേവലം 3909 വോട്ട് മാത്രമാണ് ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയായ മിര്‍സാന്‍ ഹുസൈന് കിട്ടിയത്. ബിജെപി ഇവിടെ ജയിച്ചത് പോള്‍ ചെയ്തതിന്റെ 89 ശതമാനം വോട്ട് നേടിയാണ്. ഇത് തിരഞ്ഞെടുപ്പു ചരിത്രത്തില്‍ തന്നെ അസാധാരണമായ സംഭവമാണ്.

thepoliticaleditor

ബിജെപി സ്ഥാനാർത്ഥിയോട് 29,965 വോട്ടിന്റെ തോൽവിയാണ് എമ്മിനുണ്ടായത്. സിപിഎം എംഎൽ‌എയായ സംസുൽ ഹഖിന്റെ നിര്യാണത്തിനെ തുടർന്നാണ് ബോക്‌സാനഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥി തഫജ്ജൽ ഹുസൈൻ 34146 വോട്ട് നേടി. സിപിഎമ്മിന്റെ മിർസാൻ ഹുസൈൻ 3909 വോട്ട് മാത്രമാണ് നേടിയത്. 2003 മുതൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിപിഎം ജയിച്ചുവന്ന മണ്ഡലമാണ് ബിജെപി പിടിച്ചെടുത്തത്.

ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച സിപിഎം സ്ഥാനാര്‍ഥി സംസുല്‍ ഹഖിന്റെ മകനാണ് മിര്‍സാന്‍. ഏതാനും മാസം പിന്നിടുമ്പോള്‍ വോട്ടില്‍ ഇത്രയധികം വലിയ ചോര്‍ച്ച ഒരിക്കലും ഉണ്ടാകില്ലെന്നും വന്‍ തിരഞ്ഞെടുപ്പു കൃത്രിമം നടന്നിരിക്കുന്നു എന്നും വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്നും പ്രസ്താവിച്ച് സിപിഎം-കോണ്‍ഗ്രസ് സഖ്യം രംഗത്തു വന്നിരിക്കയാണ്. ഇന്നലെ നടന്ന വോട്ടെണ്ണല്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

മറ്റൊരു മണ്ഡലമായ ധന്‍പൂരിലും സഖ്യസ്ഥാനാര്‍ഥിയായി മല്‍സരിച്ച സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. ഇവിടെയും ബിജെപി വിജയിച്ചത് 71 ശതമാനം വോട്ട് നേടിയാണ്. ധൻപൂരിൽ ബിജെപിയുടെ ബിന്ദു ദേബ്‌നാഥ് (30,017 വോട്ടുകൾ) സിപിഎമ്മിന്റെ കൗശിക് ചന്ദയെ (11,146) 18,871 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തില്‍ തന്നെ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒന്നാണിതെന്ന് സിപിഎം ത്രിപുര ഘടകം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ബോക്സാനഗർ, ധൻപൂർ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി ഉയർത്തിയ ആശങ്കകളെ ശരിവെക്കുന്നതായി വെള്ളിയാഴ്ച പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“ബോക്സാനഗർ മണ്ഡലത്തിൽ, പോൾ ചെയ്ത 89 ശതമാനം വോട്ടും ധൻപൂർ മണ്ഡലത്തിൽ 71 ശതമാനം വോട്ടും നേടിയാണ് ബിജെപി വിജയിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത് അഭൂതപൂർവമാണ്. ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ബോക്സാനഗറിൽ സിപിഎമ്മിനോട് പരാജയപ്പെട്ടതിന് ശേഷം ഇപ്പോൾ പെട്ടെന്ന് 89 ശതമാനം വോട്ട് നേടുക എന്നത് വലിയ തോതിലുള്ള കള്ളത്തരത്തിലൂടെയല്ലാതെ ബിജെപിക്ക് അസാധ്യമാണെന്നും” പ്രസ്താവനയിൽ പറയുന്നു. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Spread the love
English Summary: cpm alleges large scale poll rigging in tripura bye election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick