ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷൻ ഫാക്കൽറ്റി അംഗത്തിനെതിരെയുള്ള ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷണ സമിതി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചു. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ സീനിയർ നൃത്താധ്യാപകനും മലയാളിയുമായ ഹരി പത്മൻ കുറ്റക്കാരനാണെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി കെ കണ്ണൻ, തമിഴ്‌നാട് മുൻ ഡിജിപി ലെറ്റിക ശരൺ, ഡോ. ശോഭ വർധമൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ലൈംഗികാരോപണങ്ങൾ അന്വേഷിച്ചത്.
കാമ്പസിൽ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച് നീതി തേടി ഈ വർഷം മാർച്ചിൽ ഒരു വിഭാഗം വിദ്യാർഥികൾ ദിവസങ്ങളോളം പ്രതിഷേധ ഉപരോധം നടത്തിയിരുന്നു . വിദ്യാർഥികളുടെയും വിവിധ സ്ത്രീപക്ഷ സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത്.
മുൻ വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ഏപ്രിൽ 3 ന് അസിസ്റ്റന്റ് പ്രൊഫസർ ഹരി പത്മനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.