അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കും വിധം ഫേസ്ബുക്ക് ലൈവില്‍ വൈകാരിക പ്രതികരണവുമായി വന്ന നടന്‍ വിനായകനെതിരെ കേസെടുത്ത പൊലീസ് നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട ചാണ്ടി ഉമ്മനെ നിരാകരിച്ച് വിനായകന്‍. ‘എനിക്കെതിരെ കേസ് വേണം’ എന്ന ഒറ്റവരി കുറിപ്പും വിനായകനെതിരെ കേസ് വേണ്ട എന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്റെ സമൂഹമാധ്യമ പോസ്റ്ററും സഹിതം ഫേസ്ബുക്കിലാണ് വിനായകന്‍ പ്രതികരിച്ചിരിക്കുന്നത്.
ചാണ്ടി ഉമ്മനെയാണ് വിനായകന്‍ ലക്ഷ്യമിടുന്നത് എന്ന തോന്നലാണ് ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാക്കുന്നത്. കേസ് വേണ്ടെന്ന ഉദാരത പ്രകടിപ്പിച്ച ചാണ്ടി ഉമ്മന് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. ചാണ്ടി ഉമ്മന്റെ പ്രസ്താവനയാണ് തന്റെ കുറിപ്പില്‍ പോസ്റ്ററിലൂടെ വിനായകന്‍ എടുത്തുകാട്ടിയിരിക്കുന്നത്. അതിനോടുള്ള വിമര്‍ശനമായാണ് ഒറ്റവരി കുറിപ്പും.
വിനായകനെതിരെ കേസെടുത്തതില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമപരമായി വിനായകനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. വിനായകന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞുവെന്നത് ഭരണഘടനാപരമായ ആശയാവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അത് നിയമപ്രകാരം കുറ്റകൃത്യമായി കരുതാനാവില്ലെന്നും വാദമുയര്‍ന്നിട്ടുണ്ട്. അതേസമയം സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച് പൊതു ഇടത്ത് സംസാരിച്ചു എന്ന കാര്യത്തില്‍ കേസ് നിലനില്‍ക്കും എന്നും വാദമുണ്ട്.
ആക്ടീവിസ്റ്റുകളായ വിഭാഗം വിനായകനെതിരായും സംസ്ഥാനത്തെ പൊലീസിന്റെ അമിതാവേശത്തിനെതിരായും രംഗത്തു വന്നിരുന്നു.
അതേസമയം, വിനായകനാവട്ടെ താന്‍ മാപ്പു പറയുന്നതായും പെട്ടെന്നുള്ള പ്രകോപനത്താല്‍ പറഞ്ഞതാണെന്നും പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
വിനായകന്റെ കൊച്ചിയിലെ അപ്പാര്‍ട്ടമെന്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ജനല്‍ച്ചില്ലും മറ്റും എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ വിനായകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി താനും പിന്‍വലിക്കുന്നതായും വിനായകന്‍ പറഞ്ഞിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞാണ് നടന്‍ വീണ്ടും പെട്ടെന്ന് പ്രതികരണവുമായി വന്നിരിക്കുന്നത്. ഇതും തന്റെ അഭിപ്രായപ്രകടനം മാത്രമാണോ എന്ന് അദ്ദേഹം വിശദമാക്കിയിട്ടില്ല. വിനായകനെതിരെ എടുത്ത കേസ് പൊലീസ് പിന്‍വലിച്ചിട്ടുമില്ല.