മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ബിജെപിയുടെ ഒപ്പം കൂടി. ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായി. എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന അജിത് പവാര്‍ ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്നെ പിന്തുണയ്ക്കുന്ന 40 എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയാണ് അജിത് പവാറിന്റെ നിര്‍ണായക നീക്കം.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ അജിത് പവാറിനൊപ്പം ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്ത് ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 40 പേരും അജിത് പവാറിനൊപ്പമാണ്, കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായതിനേക്കാൾ നാല് പേർ കൂടുതലാണ്.
മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടെ ബി.ജെ.പിയിൽ നിന്ന് ഒമ്പത് മന്ത്രിമാരും ശിവസേനയിൽ നിന്ന് ഒമ്പത് പേരും എൻസിപിയിൽ നിന്ന് ഒമ്പത് മന്ത്രിമാരുമാണ് മഹാരാഷ്ട്ര മന്ത്രിസഭയിൽ ഇനി ഉണ്ടാവുക. ഇതിൽ പരമാവധി 43 അംഗങ്ങൾ ആകാം.
അജിത് പവാറിന്റെ ഔദ്യോഗിക ബംഗ്ലാവായ ദേവഗിരിയില്‍ നടന്ന യോഗത്തില്‍ 40 എംഎല്‍എമാര്‍ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.. അജിത്ത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തേയും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം തള്ളി പിന്നീട് അജിത് പവാര്‍ തന്നെ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷസ്ഥാനം നിഷേധിച്ചതില്‍ അജിത് പവാര്‍ അതൃപ്തി പ്രകടിപ്പിച്ചതായി വാർത്തയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം ലഭിക്കാത്തതില്‍ അജിത് പവാര്‍ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ മാസം എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയെയും പ്രഫുല്‍ പട്ടേലിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തിരുന്നു.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ അജിത് പവാർ ആഗ്രഹം പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് എൻസിപിയെ ഞെട്ടിച്ച ഈ നീക്കം.
“ഇപ്പോൾ ഞങ്ങൾക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയുടെ വികസനത്തിന്, അജിത് പവാറിനെയും അദ്ദേഹത്തിന്റെ നേതാക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു. അജിത് പവാറിന്റെ അനുഭവ പരിചയം ഭരണത്തെ സഹായിക്കും,” മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.