ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും എന്‍.സി.പി.യുടെ അനിഷേധ്യ നേതാവും ദേശീയ അധ്യക്ഷനുമായ ശരദ് പവാറിനെ തന്ത്രങ്ങളുടെ ആചാര്യന്‍ എന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്. എന്നാല്‍ മരുമകന്‍ അജിത് അമ്മാവന്റെ കാലും വാരി പോകാന്‍ തുടങ്ങിയത് ഇപ്പോഴല്ല, അത് 2019ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തുടങ്ങി. 2019 നവംബറിൽ, നിയമസഭാ തെരഞ്ഞെടുപ്പിനും ഭാരതീയ ജനതാ പാർട്ടിയും ശിവസേനയും തമ്മിലുള്ള വേർപിരിയലിന് ശേഷം, രാജ്ഭവനിൽ അതി രാവിലെ നടന്ന ചടങ്ങിൽ ദേവേന്ദ്ര ഫഡ്‌നാവിസും എൻസിപിയുടെ അജിത് പവാറും യഥാക്രമം മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു . എന്നാൽ സ്വന്തം പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ അജിത് പവാറിന് കഴിയാതെ വന്നതോടെ ഈ സർക്കാറിന് വെറും 80 മണിക്കൂർ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.
അതിനു ശേഷമാണ് ശിവസേനയുമായി ചേര്‍ന്നുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്. ഇതില്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായിരുന്നു.
എന്നാല്‍ മരുമകനെ അമ്മാവന്‍ പവാര്‍ പൂര്‍ണ വിശ്വാസത്തിലെടുക്കാതെ തന്നെയാണ് നീങ്ങിയിരുന്നത് എന്നതിന്റെ വലിയ തെളിവാണ് അജിത് പവാറിനെ പാര്‍ടി സ്ഥാനങ്ങളില്‍ നിന്നും തഴഞ്ഞത്. പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷ പദവി കിട്ടുമെന്ന് അജിത് വിചാരിച്ചിരുന്നു, പക്ഷേ നല്‍കിയില്ല. മാത്രമല്ല ശരദ് പവാര്‍ തന്റെ മകളും എം.പി.യുമായ സുപ്രിയോ സുളെയെയും മറ്റൊരു മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെയും വര്‍ക്കിങ് പ്രസിഡണ്ടുമാരായി നിയോഗിക്കുകയും ചെയ്തപ്പോഴും അജിതിനെ തഴഞ്ഞു. അജിത്തിനെ വിശ്വാസമില്ലായിരുന്നു അമ്മാവന് എന്നതിന്റെ വലിയ സൂചനയായിരുന്നു ഇത്.
കഴിഞ്ഞ മാസം താന്‍ പാര്‍ടി പദവികളെല്ലാം വിടുകയാണെന്ന സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് അണികളെയും നേതാക്കളെയും വൈകാരികമായി തനിക്കൊപ്പം നിര്‍ത്താന്‍ ശരദ് പവാര്‍ ശ്രമിക്കുകയുണ്ടായി. അപ്പോഴും തന്ത്രപരമായി അജിത് പവാര്‍ അമ്മാവന്റെ ഒപ്പം ആണെന്ന് വരുത്തും വിധമാണ് പെരുമാറിയത്. എന്നാല്‍ ശരദ് പവാറിന് അജിതിനെ വിശ്വാസത്തിലെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഏതു നിമിഷവും കളം മാറാന്‍ തയ്യാറെടുക്കുകയാണ് അജിത് എന്ന് അങ്കിള്‍ പവാറിന് റിപ്പോര്‍ട്ടുകള്‍ കിട്ടിക്കൊണ്ടിരുന്നു.
അജിത് പാര്‍ടിയെ തന്റെ വഴിക്ക് കൊണ്ടുപോയേക്കുമെന്ന് ശരദ് പവാര്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്മാവന്റെ തന്ത്രങ്ങളെ കടത്തിവെട്ടി മരുമകന്‍ കളം പിടിച്ചിരിക്കയാണ്.