Categories
latest news

ഗുസ്തിക്കാരുടെ സമരവും ജാട്ട് – രജപുത്ര രാഷ്ട്രീയവും പിന്നെ ബിജെപിയുടെ ഹരിയാന-യു.പി ആശങ്കകളും

ഹരിയാനയിലെയും യു.പി.യിലെയും ജാട്ടുകളുടെ ശക്തിക്കു മുന്നില്‍ നരേന്ദ്രമോദി മുട്ടുകുത്തേണ്ടി വന്നിട്ട് രണ്ടു വര്‍ഷമായിട്ടില്ല. തന്റെ എല്ലാ അജയ്യതയും മോദിക്ക് പെട്ടിയില്‍ പൂട്ടി വെക്കേണ്ടി വന്ന കര്‍ഷകസമരം ശരിക്കും ജാട്ടു ശക്തിയുടെ വിജയമായിരുന്നു എന്നും പറയാം. ജാട്ടു രാഷ്ട്രീയം രണ്ടാമതൊരിക്കല്‍ കൂടി നരേന്ദമോദിയെ കീഴ്‌പ്പെടുത്താന്‍ പോകുകയാണ് എന്നുറപ്പായിക്കഴിഞ്ഞു.

ഹരിയാനയിലെയും യു.പി.യിലെയും ഭരണകക്ഷി ബിജെപിയാണ്. കേന്ദ്രം ഭരിക്കുന്നതും ബിജെപി. ഇന്ത്യയിലെ ഗുസ്തിതാരങ്ങളിലെ ശ്രദ്ധേയരായ വ്യക്തികളെല്ലാം എക്കാലത്തും ഹരിയാനയിലെയും യു.പി.യിലെയും ജാട്ട് സമുദായക്കാരായിരുന്നു-ഇപ്പോള്‍ വിനേഷ്, സംഗീത, വിനയ് ഫോഗട്ടുമാരും പുനിയയും ഉള്‍പ്പെടെ.

thepoliticaleditor

ഗുസ്തിതാരങ്ങളുടെ സമരം ഭാരതീയ കിസാന്‍ യൂണിയനും ഖാപ് പഞ്ചായത്തുകളും ഏറ്റെടുത്തതിന്റെ കാരണം വ്യക്തമല്ലേ. ജാട്ടുകളുടെ വിഷയത്തില്‍ ജാട്ട് കര്‍ഷകര്‍ ഇടപെട്ടിരിക്കും. ഗുസ്തി താരങ്ങള്‍ക്കെതിരായി കേന്ദ്രസര്‍ക്കാരിന്റെ സമീപനം ജാട്ടുകള്‍ സ്വന്തം അഭിമാനപ്രശ്‌നമായി കരുതി ഇറങ്ങിയതോടെയാണ് ബിജെപി വന്‍ കുഴിയില്‍ വീണുപോയിരിക്കുന്നത്.

കര്‍ഷകസമരത്തില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ച പോലെ ഗുസ്തിതാര സമരത്തിലും ജാട്ടുകള്‍ കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിക്കും. ജാട്ടുകള്‍ ഇറങ്ങിയത് കേന്ദ്രസര്‍ക്കാരിനെ മാത്രമല്ല, ഹരിയാനയിലെയും യുപിയിലെയും സംസ്ഥാന സര്‍ക്കാരുകളെയും വലിയ രാഷ്ട്രീയ അസ്വസ്ഥതയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

ബിജെപിയിലെ വനിതാ എം.പി.മാരായ പ്രീതം മുണ്ടെയും, മനേകാ ഗാന്ധിയും ദേശീയ സെക്രട്ടറിയായ പങ്കജ മുണ്ടെയും ഗുസ്തി താരങ്ങള്‍ക്കു വേണ്ടി പരസ്യമായി പ്രതികരണം നടത്തിയതോടെ ഗുസ്തിതാര സമരം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനോടുള്ള പ്രതിഷേധ സമരമായി വളര്‍ന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം ബിജെപി ഇപ്പോള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

ഇത് വളരാന്‍ ഇനിയും അനുവദിച്ചാല്‍ പിടിച്ചാല്‍ പിടികിട്ടാത്ത അവസ്ഥ വരും. അന്താരാഷ്ട്ര വേദികളില്‍ സര്‍ക്കാര്‍ നാണം കെടും. നരേന്ദ്രമോദി ജൂണ്‍ 21 മുതല്‍ അമേരിക്കയില്‍ പര്യടനം നടത്തുന്നുണ്ട്. അതിനു മുന്‍പ് വിഷയം തീര്‍ക്കാന്‍ ബിജെപി ശ്രമം തുടങ്ങിക്കഴിഞ്ഞു.

അതിന്റെ ഭാഗമായിരുന്നു അമിത്ഷായുടെ സമവായ ചര്‍ച്ചാ നീക്കം. ഇതില്‍ പരിഹാരമൊന്നുമായില്ലെങ്കിലും പരിഹാരം ഉണ്ടാകും എന്ന പ്രതീതി ഉണര്‍ത്താന്‍ ആ കൂടിക്കാഴ്ചയ്ക്ക് സാധിച്ചു എന്ന് വിലയിരുത്തപ്പെടുന്നു.


ഗുസ്തിതാരങ്ങള്‍ക്കായി ജാട്ടുകള്‍ കൂട്ടത്തോടെ അണിനിരക്കുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുമ്പോഴും ബിജെപിക്കകത്ത് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിന് അനുകൂലമായ കേന്ദ്രങ്ങള്‍ ഉണ്ടാകുന്നതിനുള്ള കാരണം മറ്റൊന്നാണ്-ഇദ്ദേഹം രജപുത്രനാണ്. യു.പിയിലെ രജപുത്രനെ തള്ളി ജാട്ടുകള്‍ക്കൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത ബിജെപിയിലെ തലതൊട്ടപ്പന്‍മാര്‍ക്ക് ബ്രിജ്ഭൂഷണ്‍ പ്രിയങ്കരനാകുന്നത് ഈ ജാതി-സമുദായ രാഷ്ട്രീയക്കളിയാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഖ്യം എന്നതിനാലാണ്.
എങ്കിലും എത്രയും വേഗം ബ്രിജ്ഭൂഷണ്‍ വിഷയം പരിഹരിച്ച് തലയൂരാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇപ്പോള്‍ ആഗ്രഹിക്കുന്നു, അതിനായി ആലോചനകള്‍ തകൃതിയായി നടക്കുന്നു.

ജാട്ട്-രജപുത്ര രാഷ്ട്രീയക്കളിക്കപ്പുറം ജാട്ട് രാഷ്ട്രീയത്തോട് ഏറ്റുമുട്ടി രണ്ടാം തോല്‍വി ഏറ്റുവാങ്ങാന്‍ നരേന്ദ്രമോദി നിലവിലുള്ള കാലാവസ്ഥയില്‍, അതായത് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന സാഹചര്യത്തില്‍ തയ്യാറാവില്ല എന്നതാണ് പുതിയതായി ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്ന ചര്‍ച്ച.

Spread the love
English Summary: JATT RAJAPUTHRA POLITICS AND WRESTLERS AGITATION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick