കർണാടകയിൽ ബിജെപി ഭരണം കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി. കോൺഗ്രസിനെ “പുതിയ മുസ്ലീം ലീഗ്” എന്ന് ബിജെപി വിശേഷിപ്പിച്ചു. കോൺഗ്രസ് പുതിയ മുസ്ലീം ലീഗാണെന്നും അത് ഹിന്ദുക്കളെ ദ്രോഹിക്കാൻ ഏതറ്റം വരെയും പോകുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ആരോപിച്ചു.
മതപരിവർത്തന വിരുദ്ധ നിയമം 2022-ൽ ആണ് നിലവിൽ വന്നത് . മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനും ബലപ്രയോഗത്തിലൂടെയോ അനാവശ്യ സ്വാധീനത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നത് തടയുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി മാത്രം ദുരുപയോഗപ്പെടുത്തുന്നു എന്ന ആരോപണം ഉയര്‍ന്നതോടെ വലിയ വിവാദവും ഉയര്‍ന്നു.
