Categories
exclusive

എന്തുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും കർണാടകയിൽ പരാജയപ്പെട്ടു?

61,232 ക്ഷേത്രങ്ങൾ, 84 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യ, ഹിജാബ്-ഹലാൽ നിരോധനം, ഗോവധത്തിന് ശിക്ഷ വിധികൾ , തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി തന്നെ കൊണ്ട് വന്ന ബജ്റംഗ്ബലി വിഷയം, പ്രധാനമന്ത്രി മോദിയുടെ ഒന്നിന് പുറകെ ഒന്നായി നടന്ന റോഡ്‌ഷോ-റാലികൾ, മുസ്ലീങ്ങൾക്ക് ഉള്ള സംവരണം അവസാനിപ്പിക്കൽ , ഏറ്റവും വലിയ സമുദായമായ ലിംഗായത്തുകൾക്ക് സംവരണം ഏർപ്പെടുത്തൽ–ഇത്രയും തന്ത്രപരമായി പ്ലാൻ ചെയ്തു നടപ്പാക്കിയിട്ടും ബി.ജെ.പി. കർണാടകയിൽ തോറ്റു. 31 സ്ഥാനാർത്ഥികളുടെ കെട്ടിവെച്ച തുക നഷ്ടമായ തോൽവി.

കർണാടകയിൽ എന്തുകൊണ്ടാണ് ബിജെപി ഇത്രയധികം വലിയ തോൽവി ഏറ്റുവാങ്ങിയത്. എന്തുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും കർണാടകയിൽ പരാജയപ്പെട്ടു.? ഇടതു പക്ഷ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആഴത്തില്‍ ആലോചിക്കേണ്ട കാര്യമാണിത്.

thepoliticaleditor

കർണാടകയിൽ 61,232 ക്ഷേത്രങ്ങളുണ്ട്. രാജ്യത്തെ ക്ഷേത്രങ്ങളുടെ എണ്ണത്തിൽ ഈ സംസ്ഥാനം മൂന്നാമതാണ്. ഇവിടെ ഉള്ളതിനേക്കാൾ കൂടുതൽ ക്ഷേത്രങ്ങൾ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമുണ്ട് . കർണാടകയിൽ 84 ശതമാനവും ഹിന്ദുക്കളും 13 ശതമാനം മുസ്ലീങ്ങളുമാണ്. ഹിന്ദുത്വവും ബജ്റംഗബലിയും ഉയർത്തിക്കാട്ടിയിട്ടും 224 സീറ്റിൽ 66 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. എല്ലാ റോഡ് ഷോകളിലും പ്രധാനമന്ത്രി മോദി ബജ്‌റംഗ്ബലി മുദ്രാവാക്യങ്ങൾ ഉയർത്തി. പോളിങ് ബൂത്തിലെ ബട്ടണിൽ അമർത്തുമ്പോൾ ജയ് ബജ്‌റംഗബലി പറഞ്ഞ് കോൺഗ്രസിനെ ശിക്ഷിക്കൂ എന്നും പറഞ്ഞു നോക്കി. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.

അതേസമയം മുസ്ലീങ്ങൾക്ക് സംവരണം പുനഃസ്ഥാപിക്കണമെന്നും ബജ്റംഗ്ദൾ പോലുള്ള സംഘടനകളെ നിരോധിക്കണമെന്നും പറഞ്ഞ കോൺഗ്രസ് 136 സീറ്റുകൾ നേടി. കർണാടകയിലെ പരാജയം ദക്ഷിണേന്ത്യയിൽ ബിജെപിയെ പൂർണമായും ഇല്ലാതാക്കി. ഇതര സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. തെലങ്കാനയിലെ ശക്തമായ പ്രചാരണം തൽക്കാലം തണുത്ത നിലയിലാണ്.

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. യുപിയിലെ 80 സീറ്റുകളില്‍ 60-ഉം മധ്യപ്രദേശില്‍ 29-ല്‍ 27-ഉം രാജസ്ഥാനില്‍ 25-ല്‍ 24 സീറ്റുകളും ബിജെപി നേടി. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ കുറഞ്ഞേക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. ഇത് പരിഹരിക്കാനായിട്ടാണ് ദക്ഷിണേന്ത്യയില്‍ പ്രത്യേക പ്ലാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പാര്‍ടി മുന്നോട്ടു വെച്ചത്. തെലങ്കാനയും തമിഴ്‌നാടും കര്‍ണാടകയും കേരളവും ബിജെപിയുടെ പ്രത്യേക പദ്ധതിയിന്‍ കീഴില്‍ വന്നു. പോണ്ടിച്ചേരിയിലും ഗോവയിലും ബിജെപി നിലവില്‍ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഭരണമുണ്ടെങ്കിലും അതൊരിക്കലും പൂര്‍ണ അര്‍ഥത്തില്‍ ജനവിധിയിലൂടെ നേടിയതല്ല എന്ന ബോധ്യം ബിജെപിക്കുണ്ടായിരുന്നു. അതു കൊണ്ടാണ് ദക്ഷിണേന്ത്യയിലെ തീവ്ര ഹിന്ദുത്വ പരീക്ഷണ ശാലയാക്കി കര്‍ണാടകയെ മാറ്റിയത്. പക്ഷേ അവിടുത്തെ ജനവിധി ബിജെപിയുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കളഞ്ഞിരിക്കുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഏകദേശം 900 നിയമസഭാ സീറ്റുകളും 129 ലോക്‌സഭാ സീറ്റുകളുമുണ്ട്. 2024ൽ ഇവിടെ 60 ലോക്‌സഭാ സീറ്റുകളെങ്കിലും നേടുകയെന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഇപ്പോൾ 29 എംപിമാരാണുള്ളത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ യെദ്യൂരപ്പ ഒഴിച്ചു നിര്‍ത്തിയാല്‍ ബിജെപിക്ക് തലപ്പൊക്കമുള്ള ഒറ്റ നേതാക്കളുമില്ല. ഇതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യക്തിപ്രഭാവമോ ജനസ്വാധീനമോ ഉള്ള ഒറ്റ നേതാവും ബിജെപിക്ക് ഇല്ല.

കര്‍ണാടകയില്‍ തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിയുടെ ഹിന്ദുത്വം അല്‍പമെങ്കിലും വിജയിച്ചത്. എന്നിട്ടും കഴിഞ്ഞ തവണ ജയിച്ച 16 സീററുകള്‍ നിലനിര്‍ത്താനായില്ല. 13 മാത്രമാണ് കിട്ടിയത്. ഈ മേഖലയില്‍ ആകെ സീറ്റുകള്‍ 19 ആണ്. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ മൂന്നില്‍ നിന്ന് ആറ് ആയി ഉയരുകയും ചെയ്തു.
തീരദേശ കര്‍ണാടകയില്‍ പെട്ട ഉഡുപ്പിയിലാണ് ഹിജാബ് വിഷയം ആദ്യം ഉയര്‍ന്നു വന്നത്. പിന്നീട് അത് തീവ്രഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഉയര്‍ത്തിക്കൊണ്ടു വന്നു. മുസ്ലീം കച്ചവടക്കാരില്‍ നിന്നും പച്ചക്കറികളും പഴങ്ങളും വാങ്ങരുതെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചതും തീരദേശ ഉഡുപ്പി മേഖലയിലായിരുന്നു. ഇത്രയൊക്കെയായിട്ടും ഇവിടെ ബിജെപിക്ക് വോട്ട് കുറയുകയാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വടക്കൻ കർണാടകയിൽ മതത്തിനൊപ്പം ജാതിയും നോക്കിയാണ് തിരഞ്ഞെടുപ്പ് നടന്നത്. 12-ാം നൂറ്റാണ്ടിലെ സന്യാസി ബസവേശ്വരന്റെ സ്വാധീനം ഇപ്പോഴും ഈ പ്രദേശത്ത് ഉള്ളതിനാൽ ഹിന്ദു-മുസ്ലിം സ്വത്വ രാഷ്ട്രീയത്തിന് ഇവിടെ വേര് പിടിക്കാനാവില്ല. ലിംഗായത്ത് വിഭാഗത്തെ സൃഷ്ടിച്ചത് വിശുദ്ധ ബസവേശ്വരനാണ്. ഈ സമൂഹം വിഗ്രഹങ്ങളെ ആരാധിക്കുന്നില്ല, ഹിന്ദു ഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നില്ല. കർണാടകയിലെ ലിംഗായത്തുകളുടെ ജനസംഖ്യ ഏകദേശം 16 ശതമാനം ആണ്.

ബംഗലുരു നഗരത്തില്‍ ധാരാളം ഹിന്ദു ക്ഷേത്രങ്ങളുണ്ട്. എന്നിട്ടു പോലും ബജ്രംഗ് ബലി പ്രചാരണം പോലും ഇവിടെ ബിജെപിയെ തുണച്ചില്ല. ബംഗലുരു നഗര മേഖലയില്‍ ബിജെപി തകര്‍ച്ചയെ നേരിടുകയാണ് ചെയ്തത്. വ്യത്യസ്ത ആരാധനാ രീതികള്‍ പിന്തുടരുന്ന ജനങ്ങളുള്ള ബംഗലുരുവില്‍ ഹനുമാന്റെ പേരില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാനാവുമെന്ന തോന്നല്‍ അസ്ഥാനത്തായി.

ബസവേശ്വരൻ ജാതി വ്യവസ്ഥയ്ക്കും മറ്റ് തിന്മകൾക്കും എതിരായിരുന്നു. ലിംഗഭേദം, ജാതി, സാമൂഹിക പദവി എന്നിവ പരിഗണിക്കാതെ എല്ലാ ആളുകൾക്കും തുല്യ അവസരം നൽകുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. വിഗ്രഹാരാധനയ്ക്കും എതിരായിരുന്നു. വടക്കൻ കർണാടകയിൽ മാത്രമല്ല, മുഴുവൻ കർണാടകയിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. 2004ൽ രാമകൃഷ്ണ ഹെഗ്‌ഡെയുടെ മരണശേഷം ലിംഗായത്ത് സമുദായത്തിലെ ഏറ്റവും ഉയരമുള്ള നേതാവായി യെദ്യൂരപ്പ മാറി. അദ്ദേഹവും പഴയ ജനതാപാർട്ടിയിലെ നേതാക്കളും ചേർന്നാണ് 2008ൽ ബിജെപിക്ക് 110 സീറ്റുകൾ നേടികൊടുത്തത്. പക്ഷെ ഇത്തവണ യെദ്യൂരപ്പയെ പിറകോട്ടു മാറ്റി തീവ്ര ഹിന്ദുത്വ നേതാക്കളെ മുന്നിൽ നിർത്തിയാണ് ബിജെപി ഇറങ്ങിയത്. അത് വിജയിച്ചില്ല.

മതപരിവർത്തനം ബിജെപി വിഷയമാക്കിയിരുന്നു. ജനസംഖ്യയുടെ 4 ശതമാനം വരുന്ന ക്രിസ്ത്യൻ സമൂഹത്തിലൂടെ ഹിന്ദുക്കളെ ക്രിസ്ത്യാനികളായി പരിവർത്തനം ചെയ്യുന്നുവെന്ന് ഭയപ്പെടുത്താൻ ശ്രമിച്ചു, പക്ഷേ ഈ വിഷയം സാധാരണക്കാരിൽ ഒരു സ്വാധീനവും ചെലുത്തിയില്ല.

ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ പാരമ്പര്യവും ദൈവവും മതവുമുണ്ട്. ദേശീയതയുടെയും ബജ്‌റംഗബലിയുടെയും പാക്കിസ്ഥാന്റെയും പേരിൽ നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് ഇവിടെ നിലനിൽക്കുന്നത്. കർണ്ണാടകയിൽ ഒരിക്കലും വർഗീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് വിജയിച്ചിട്ടില്ല. ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണങ്ങൾ തീരദേശ കർണാടകത്തിൽ തീർച്ചയായും വിജയിച്ചിട്ടുണ്ട്, എന്നാൽ കർണാടകയുടെ ബാക്കി ഭാഗങ്ങളിൽ അത് പരാജയപ്പെട്ടു. കർണാടകത്തിലെ ഫലം ദക്ഷിണേന്ത്യയെയാകെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ല. ഇപ്പോൾ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചാൽ അതിന്റെ നേട്ടം ബിജെപിക്കായിരിക്കും.–തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ അശോക് ചന്ദർഗി പറയുന്നു.

Spread the love
English Summary: why hinduthwa politics faced a huge defeat in karnataka a detail analysis

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick