Categories
latest news

യോഗിയുടെ ഭരണത്തിൽ ഓരോ രണ്ടാഴ്ചയിലും ഒരാൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഭരണനേട്ടമായി എപ്പോഴും അവകാശപ്പെടുന്നതും സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തിനാകെ മാതൃകയായി പ്രചരിപ്പിക്കുന്നതുമായ ഒരു കാര്യമുണ്ട്-യു.പി.യില്‍ ക്രമസമാധാനം ഭദ്രമാക്കാന്‍ ഫലപ്രദമായി ഇടപെടുന്നു എന്നത്. തന്റെ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം കുറ്റകൃത്യങ്ങള്‍ കുറച്ചു എന്നതാണെന്ന് യോഗി അവകാശപ്പെടുന്നു. കുറ്റവാളികളെന്ന് പറയുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത് ഇല്ലാതാക്കുക, കുറ്റവാളികളായി മുദ്രകുത്തിയവര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുക ഇതെല്ലാം യു.പി.യില്‍ ഭരണകൂടത്തിന്റെ ഭാഗമായി തന്നെ അരങ്ങേറുന്നുണ്ട്. സംസ്ഥാനത്തെ കുറ്റകൃത്യമുക്തമാക്കാന്‍ യോഗി കിണഞ്ഞു ശ്രമിക്കുകയാണെന്നതിന്റെ ഉദാഹരണമായിട്ടാണ് ഇത്തരം പ്രവൃത്തികളെ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഇതിനു പിന്നിലെ മറ്റൊരു ക്രിമിനലിസത്തെക്കുറിച്ച് ആരും പുറത്തു പറയുന്നില്ല. ഭരണകൂടം തന്നെ ക്രിമിനലിസം കാണിക്കുന്നതിന്റെ രാജ്യത്തെ തന്നെ മകുടോദാഹരണമാണ് യോഗി സര്‍ക്കാര്‍ എന്ന് ഒരു ദേശീയ മാധ്യമം പ്രസിദ്ധീകരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.

thepoliticaleditor

യോഗി ആദിത്യനാഥ് അധികാരമേറ്റ 2017 മാർച്ച് മുതൽ ഇതേ വരെ 186 ഏറ്റുമുട്ടലുകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചതായി രേഖകൾ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ 15 ദിവസത്തിലും ഒന്നിലധികം ക്രിമിനലുകൾ പോലീസിനാൽ കൊലപ്പെടുത്തുന്നതിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നു.

ആറ് വർഷത്തിനിടയിൽ പോലീസ് കാലിൽ വെടിവെച്ച് പരിക്കേറ്റവരുടെ എണ്ണം 5,046 ആയി ഉയർന്നു . ഓരോ 15 ദിവസത്തിലും 30-ലധികം കുറ്റവാളികൾ വെടിയേറ്റ് പരിക്കേൽക്കുന്നവരാണ്. 2017 മാർച്ചിനും 2023 ഏപ്രിലിനും ഇടയിൽ ഏറ്റുമുട്ടലിൽ 5,046 കുറ്റവാളികളുടെ കാലിൽ വെടിയേറ്റിട്ടുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ഏറ്റുമുട്ടല്‍ മരണങ്ങളില്‍ ഭൂരിഭാഗവും ആരും ഫലപ്രദമായി ചോദ്യം ചെയ്യപ്പെടാതെയും അന്വേഷണം നടത്താതെയും അവസാനിക്കുന്നു എന്നതാണ്.

മജിസ്റ്റീരിയല്‍ അന്വേഷണം നടന്ന 161 ഏറ്റുമുട്ടലുകളില്‍ ആരും എതിര്‍ക്കാനില്ലാതെ തീര്‍പ്പാക്കിയെന്നും രേഖകള്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് വെളിപ്പെടുത്തിയ കണക്കില്‍ പറയുന്നു. ഒരു മജിസ്‌ട്രേറ്റ് അന്വേഷണത്തിൽ മജിസ്‌ട്രേറ്റ് ഏറ്റുമുട്ടൽ സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരുടെയും മൊഴി നൽകാൻ ആഗ്രഹിക്കുന്ന മറ്റ് ആളുകളുടെയും മൊഴി രേഖപ്പെടുത്തുകയും സ്വന്തം കണ്ടെത്തലുകളോടെ റിപ്പോർട്ട് സമർപ്പിക്കുകയും വേണം. 161 കേസുകളിൽ ഒന്നിൽ പോലും മജിസ്‌ട്രേറ്റ് അന്വേഷണ റിപ്പോർട്ടിൽ പ്രതികൂലമായ അഭിപ്രായങ്ങളൊന്നും രേഖപെടുത്തിയിട്ടില്ല.

പോലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട 186 പേരുടെ പട്ടികയിൽ 96 ക്രിമിനലുകൾ കൊലക്കേസ് പ്രതികളാണ്. അവരിൽ രണ്ട് പേർ പീഡനം, കൂട്ടബലാത്സംഗം, പോക്‌സോ തുടങ്ങിയ കേസുകൾ ഉള്ളവരാണ്. മീററ്റ് മേഖലയിലെ ജില്ലകളിലാണ് ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 65 പേര്‍ ഇവിടെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. വാരാണസി, ആഗ്ര മേഖലകളാണ് തൊട്ടുപിന്നില്‍. യഥാക്രമം 20,14 ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടു.

പടിഞ്ഞാറന്‍ യു.പി. പരമ്പരാഗതമായി കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലമാണ് എന്നതാണ് മീററ്റില്‍ എന്തുകൊണ്ട് ഇത്രയധികം ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന ചോദ്യത്തിന് പൊലീസ് മേധാവികള്‍ പ്രതികരിക്കുന്നത്.

ആറ് വർഷത്തെ കാലയളവിൽ – 2017 മാർച്ച് മുതൽ 2023 ഏപ്രിൽ വരെ- യുപിയിൽ വെടിവെപ്പിൽ 13 പോലീസുകാർ കൊല്ലപ്പെടുകയും 1,443 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട 13 പോലീസുകാരിൽ ഒരാളും പരിക്കേറ്റ 405 പോലീസുകാരും മീററ്റ് മേഖലയിൽ നിന്നുള്ളവരാണ്. മെയ് 14 ന് കാൺപൂർ സോണിന് കീഴിലുള്ള ജലൗനിൽ പോലീസ് കോൺസ്റ്റബിൾ ബേദ്ജീത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷ് ചന്ദ്ര എന്ന കല്ലു (27), രമേഷ് (40) എന്നിവരെ കൊലപ്പെടുത്തിയതാണ് ഏറ്റവും പുതിയ പോലീസ് ഏറ്റുമുട്ടൽ സംഭവം . ഇരുവരെയും പിന്തുടരുന്നതിനിടെ മെയ് 9 ന് സിങ് കൊല്ലപ്പെട്ടതായാണ് പോലീസ് ഭാഷ്യം.

കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ ഭരണകൂടം സ്വയം നടപ്പാക്കുന്ന ഏറ്റുമുട്ടലുകളും സംഭവിക്കുന്ന മരണങ്ങളും നിയമത്തിന്റെ അരാജകമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന വിമര്‍ശനം ശക്തമായി ഉയരുന്നു. ഒരു പാട് നിയമപരവും ധാര്‍മികവുമായ ചോദ്യങ്ങളും യോഗി ഭരണത്തിലെ പൊലീസ് നടപടികള്‍ ഉയര്‍ത്തുന്നുണ്ട്.

ക്രമസമാധാന പാലനത്തിന്റെ ശരിയായ മാതൃക ഇതാണോ എന്ന ചോദ്യം മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും ഉയര്‍ത്തുന്നുണ്ട്. സംഘപരിവാറിന്റെ നീതി ശാസ്ത്രം യോഗി ആദിത്യനാഥ് നടപ്പാക്കുന്നു എന്ന വിമര്‍ശനവും ഉയരുന്നു.

Spread the love
English Summary: in up state one killed every fortnight in police encounters says police data base

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick