Categories
kerala

‘മറുനാട’നെതിരെ നടന്‍ പൃഥ്വീരാജും കേസിന്… ചാനലിനെതിരെ കനത്ത നിയമനടപടി

വ്യാജവാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളി യു-ട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി നടന്‍ പൃഥ്വീരാജ് സുകുമാരനും. ഏതാനും ആഴ്ച മുമ്പ് പ്രമുഖ വ്യവസായി എം.എ.യൂസഫലി 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെയാണ് ഷാജന്‍ സ്‌കറിയ നേതൃത്വം നല്‍കുന്ന ചാനിലിനെതിരെ മറ്റൊരു വ്യാജവാര്‍ത്തയുടെ പേരില്‍ കേസ് വന്നിരിക്കുന്നത്. പൃഥ്വീരാജ് സുകുമാരന്‍ എന്‍ഫോഴ്‌സ്‌മെന്റിന് 25 കോടി പിഴയടച്ചു എന്നായിരുന്നു മറുനാടന്‍ മലയാളി പടച്ചു വിട്ട വാര്‍ത്ത. ഇത് തനിക്ക് അത്യന്തം ആക്ഷേപകരമാണെന്നും അതിനാല്‍ ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുകയാണെന്നും നടന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ അറിയിച്ചു.

“വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാദ്ധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാദ്ധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.”–ഫേസ്ബുക്കിൽ പൃഥ്വിരാജ് എഴുതി.

thepoliticaleditor

നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ് സംഘപരിവാര്‍ അജണ്ടയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് നിരന്തരം വ്യാജവാര്‍ത്തകളും വളച്ചൊടിച്ച വാര്‍ത്തകളും ഉണ്ടാക്കിവിടുന്ന ചാനലാണ് മറുനാടന്‍ മലയാളി എന്ന ആക്ഷേപം വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. സംഘപരിവാറിന്റെ സാമ്പത്തിക സഹായം ഷാജന്‍സ്‌കറിയയുടെ ചാനലിനു ലഭിക്കുന്നുണ്ടെന്ന വിമര്‍ശനവും ഏറെ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഷാജന്‍ സ്‌കറിയ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ പലതും അര്‍ധസത്യമോ വളച്ചൊടിച്ചതോ ആണെന്നത് പല തവണ തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
തനിക്കെതിരെ വ്യാജമായി വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ചതിന് ഷാജന്‍സ്‌കറിയക്കെതിരെ വ്യവസായി എം.എ.യൂസഫലി അടുത്തയിടെയാണ് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തത്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ തണുക്കുന്നതിനു മുമ്പാണ് മലയാളിയായ മറ്റൊരു പ്രമുഖന്‍ കൂടി മറുനാടനിലെ വ്യാജവാര്‍ത്തയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി വന്നിരിക്കുന്നത്.

Spread the love
English Summary: prithviraj files case against marunadan channel

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick