Categories
latest news

അഭിനന്ദിച്ച് മുഖ്യമന്ത്രി : വികാരതീതനായി ഡികെ ശിവകുമാർ, കർണാടക തിരഞ്ഞെടുപ്പ് വിശദാംശങ്ങള്‍

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങൾ ഒക്കെയും വൃഥാവിലാക്കി കൊണ്ട് ഉജ്വല വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 224 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 136 സീറ്റുകളിലും കോണ്‍ഗ്രസ് വിജയം നേടി. 2018-ല്‍ മൂന്നക്കം കടന്ന ബിജെപി 64 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 20 മണ്ഡലങ്ങളില്‍ ജെ ‍ഡി എസും വിജയിച്ചു.

തിരഞ്ഞെടുപ്പില്‍ ബിജെപിയെ തള്ളിക്കളഞ്ഞ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലേത്. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. എന്നിട്ടും ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് ബിജെപി അധികാരത്തിൽ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താൻ ആകുന്നവരെ ഒന്നിച്ച് നിർത്തുക. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാമെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു.ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയാറാവേണ്ടത്. രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും ഇത് ആവശ്യമാണ്. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം പകരുന്ന ജനവിധിയാണ് കർണാടകയിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

thepoliticaleditor

പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്, മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതേ സമയം, വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ച് കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു എന്ന് രാഹുൽ ഗാന്ധി വിജയത്തെ വിശേഷിപ്പിച്ചു. വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നും രാഹുൽ അറിയിച്ചു.ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരനിര്‍ഭരനായാണ് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പ്രതികരിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പ് വിജയം എല്ലാ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. ബൂത്ത് ലെവല്‍ മുതലുള്ള പ്രവര്‍ത്തകര്‍ എംഎല്‍എമാര്‍, എഐസിസി, മറ്റ് ജനറല്‍ സെക്രട്ടറി എന്നിവരുടെയടക്കം പ്രവര്‍ത്തനഫലമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കർണാടകയിലെ ആറ് മേഖലകളിൽ അഞ്ചിടത്തും കോൺഗ്രസ് വ്യക്തമായ ലീഡ് ഉണ്ടാക്കി. ബിജെപിക്ക് നേട്ടമുണ്ടാക്കാനായത് തീരദേശ കർണാടകയിൽ മാത്രമാണ്. വോട്ടു വിഹിതത്തിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് ജെഡിഎസ്സിനാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കർണാടകയിൽ നിർണായക പങ്ക് ഉണ്ടാകുമെന്ന് കരുതിയിരുന്ന ജെഡിഎസ്സിന് കിട്ടിയത് 13.4% വോട്ടുകളാണ്. കഴിഞ്ഞ തവണത്തേ അപേക്ഷിച്ച് 5% വോട്ടിൻറെ നഷ്ടമാണ് ജെഡിഎസ്സിന് ഉണ്ടായിരിക്കുന്നത്.

ബിജെപി പയറ്റിയ തന്ത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും നരേന്ദ്ര മോദിയുടെ റോഡ് ഷോകളും ഒന്നും കർണാടകയിൽ വിലപ്പോയില്ല എന്നാണ് മനസ്സിലാകുന്നത്. മൂന്നു തവണ ബംഗളൂരു നഗരമേഖലയിൽ മാത്രം മോദി പ്രചാരണത്തിന്‌ എത്തിയിരുന്നു. നഗരത്തിൽ 36 കിലോമീറ്റർ റോഡ്‌ ഷോയടക്കം സംസ്ഥാനത്ത്‌ നാല്‌ റോഡ്‌ ഷോകളാണ് നടത്തിയത്. എന്നാൽ മോദി പ്രചരണം നടത്തിയ 42 മണ്ഡലങ്ങളിൽ 22 ലും ബിജെപി പരാജയപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രചരണം നടത്തിയ 30 സീറ്റിൽ 20 ലും ബിജെപി ക്ക്‌ തോൽവിയാണ് ഉണ്ടായത്.

ദക്ഷിണ കർണാടകയിൽ മുസ്ലിം സമുദായം ഒന്നടങ്കം കോൺഗ്രസിനൊപ്പം നിന്നതായാണ് വിലയിരുത്തൽ. ജെഡിഎസ്സിൻറെ വോട്ടുബാങ്കിൽ വിള്ളൽ വീഴാനുള്ള പ്രധാന കാരണം ഇതാണ്. ലിംഗായത് സമുദായത്തിന് സ്വാധീനമുള്ള മേഖലയിലും വൻ നേട്ടമാണ് കോൺഗ്രസ് ഉണ്ടാക്കിയത്. സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരടക്കം കോൺഗ്രസിൻറെ പ്രമുഖ സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ ഹുബ്ലി ധാർവാഡ് മണ്ഡലത്തിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പരാജയപ്പെട്ടു.

Spread the love
English Summary: Karnataka election result

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick