Categories
latest news

കോണ്‍ഗ്രസ് തരംഗത്തില്‍ ബാഗേപ്പള്ളി സിപഎമ്മിനെ കൈവിട്ടു…രണ്ടാം സ്ഥാനത്തും വന്നില്ല

കര്‍ണാടകയില്‍ സിപിഎമ്മിന്റെ കോട്ടയായാണ് ബാഗേപ്പള്ളി അറിയപ്പെടുന്നത്. ആന്ധപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായ ഇവിടെ സിപിഎമ്മിന് ഏറ്റവും ശക്തമായ സംഘടനാ സംവിധാനവും ഉണ്ട്. നേരത്തെ രണ്ടു തവണ ഈ മണ്ഡലം പാര്‍ടി നേടിയിരുന്നതാണ്. കഴിഞ്ഞ തവണയാകട്ടെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ജനകീയനായ സ്ഥാനാര്‍ഥിയായിട്ടു കൂടി സിപിഎം കോണ്‍ഗ്രസിനോട് അടിയറവ് പറയേണ്ടിവന്നു.

ഡോ. അനിൽകുമാർ

മാത്രമല്ല, രണ്ടാം സ്ഥാനത്ത് ബിജെപി എത്തുകയും സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയും ചെയ്തു. കോണ്‍ഗ്രസിന് അനുകൂലമായി വീശിയ കാറ്റില്‍ പ്രതീക്ഷകള്‍ പറന്നു പോയി എന്ന് തന്നെ കരുതണം. സഖ്യകക്ഷിയായ ജനതാദള്‍ എസിന്റെ പിന്തുണ തങ്ങളുടെ ജയം ഉറപ്പാക്കും എന്ന പാര്‍ടി നേതാക്കളുടെ അവകാശവാദവും മരീചികയായി.

thepoliticaleditor

ജെഡിഎസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പു കൂടിയാണ് ഇത്. കേരളത്തിനു പുറത്ത് കോണ്‍ഗ്രസ് വിരുദ്ധതയുടെ പ്രത്യയശാസ്ത്രവുമായി മുന്നോട്ടു പോകുന്ന സി.പി.എമ്മിന് വലിയ വീണ്ടു വിചാരം സമ്മാനിക്കേണ്ട ഫലമാണ് ബാഗേപ്പള്ളിയിലേത്.

സിപിഎം ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കോവിഡ് കാലത്തെ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഡോക്ടറുമായ ഡോ. അനിൽകുമാറിനെയാണ് മണ്ഡലം തിരികെ പിടിക്കാൻ സിപിഎം രംഗത്തിറക്കിയിരുന്നത്.

എന്നാൽ കോൺഗ്രസ് സ്ഥാനാർഥി എസ്.എൻ.സുബ്ബഖറെഡ്‌ഡി 19,179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച ജി.വി.ശ്രീരാമറെഡ്ഡി 1994, 2004 വർഷങ്ങളിൽ ബാഗേപള്ളി മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 2018ലെ തിരഞ്ഞെടുപ്പിൽ ശ്രീരാമ റെഡ്ഡി ബാഗേപ്പള്ളിയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ബാഗേപള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സിപിഎം തുടക്കം കുറിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയോടെയായിരുന്നു അത്. പിന്നീട് ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പക്ഷെ കോൺഗ്രസ് തരംഗത്തിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.

ഇത്തവണ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ബിജെപി വിരുദ്ധ തരംഗമായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിക്കപ്പെട്ടു. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജെഡിഎസ് ബിജെപിയുമായി കുതിരക്കച്ചവടം നടത്തി അധികാരത്തില്‍ പങ്കു ചേരുമെന്ന ഊഹങ്ങളും ശക്തമായിരുന്നു. അതും ജെഡിഎസ് പിന്തുണയ്ക്കുന്ന സിപിഎം സ്ഥാനാര്‍ഥിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഉള്‍പ്പെടെ പാര്‍ടി ദേശീയ നേതാക്കള്‍ പലരും പ്രസംഗിക്കുകയും പലരും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുകയും ചെയ്ത മണ്ഡലമായിരുന്നു ബാഗേപ്പള്ളി.

കെജിഎഫ് മണ്ഡലത്തിലും സിപിഎം തോറ്റു. ഇവിടെയും കോൺഗ്രസ് ആണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി എം.രൂപകലയാണ് സിപിഎം സ്ഥാനാർഥി പി.തങ്കരാജിനെ 50,467 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. പാർട്ടി മത്സരിച്ച മറ്റു മണ്ഡലങ്ങളായ കെആർ പുര, ഗുൽഭർഗ റൂറൽ എന്നിവടങ്ങളിൽ ബിജെപി സ്ഥാനാർഥിയോടയാണ് സിപിഎം പരാജയപ്പെട്ടത്.

കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനങ്ങളിലെ ഉറച്ച കോട്ടകളില്‍ സിപിഎമ്മിന് ബിജെപി വിരുദ്ധചേരിയുടെ വോട്ടുകളെല്ലാം ഏകോപിപ്പിച്ച് വിജയം നേടാന്‍ സാധിക്കുന്നില്ല എന്നത് കര്‍ണാടകത്തില്‍ മാത്രമല്ല, അടുത്തിടെ നടന്ന ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിലും കണ്ടിരുന്നതാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രവും സിറ്റിങ് എം.എല്‍.എ.യായ രാകേഷ് സിംഗയുടെ മണ്ഡലവുമായ തിയോഗിൽ പാര്‍ടി ഇത്തവണ പരാജയപ്പെടുകയുണ്ടായി.

Spread the love
English Summary: CPM DEFEATED IN BAGEPPALLY AND KGF

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick