ഇന്ന് ലോക വനിതാ ദിനമാണ്-സ്‌ത്രീ ശാക്തീകരണത്തിന്റെ, ധീരമായ ചെറുത്തുനില്‍പിന്റെ, പതറാതെ, ആത്മവിശ്വാസത്തോടെയുളള ജീവിത യാത്രയുടെ…എല്ലാറ്റിന്റെയും ഓര്‍മപ്പെടുത്തലിന്റെ ദിനം. ഇന്ന് താരമായി മാറുന്നത് പ്രശസ്‌ത നടിയും ഇപ്പോള്‍ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്‌ബു സുന്ദര്‍ ആണ്. തന്റെ യാത്രയില്‍ താന്‍ നേരിട്ട കടുത്ത ഒരു ദുരനുഭവം തുറന്നു പറയുന്ന ഖുശ്‌ബു സ്‌ത്രീയുടെ ആത്മധൈര്യത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായിത്തീരുന്നു.
താന്‍ എട്ടാം വയസ്സില്‍ തന്റെ പിതാവില്‍ നിന്നു തന്നെ ലൈംഗികമായി തുടര്‍ച്ചയായി വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ടു എന്ന കാര്യമാണ് ഖുശ്‌ബു തന്റെ ഇമേജിനെ പരിഗണിക്കാതെ തുറന്നു പറഞ്ഞിരിക്കുന്നത്. 15 വയസ്സുവരെ അതെല്ലാം നിശ്ശബ്ദമായി സഹിക്കേണ്ടിവന്നുവെന്നും ഖുശ്‌ബു വിവരിച്ചു. മോജോ സ്‌റ്റോറി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖുശ്‌ബുവിന്റെ തുറന്നു പറച്ചില്‍.
മുൻപും സ്ത്രീകളുടെ അവകാശങ്ങളുടെ ശക്തമായ വക്താവായി രംഗത്തു വന്നിട്ടുള്ള ഖുശ്ബു, അപ്രതീക്ഷിത ഗർഭധാരണം തടയാൻ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും വിവാഹത്തിനു മുമ്പുള്ള ലൈംഗികത വലിയൊരു പാപം ഒന്നും അല്ലെന്നും പറഞ്ഞു കൊണ്ട് വാർത്ത സൃഷ്ടിച്ചിരുന്നു. മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച ഖുശ്ബു 1980 കളിൽ ബാലതാരമായാണ് വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. തെന്നിന്ത്യൻ സിനിമയിൽ നിരവധി പണം വാരി സിനിമകളിൽ അവർ തിളങ്ങി. ചിന്ന തമ്പി പോലുള്ള സിനിമകൾ ഖുശ്ബുവിന്റെ പേര് ഉയർത്തി. പല സിനിമകളിലും പുരുഷാധിപത്യ അടിച്ചമർത്തലിനെതിരെ പോരാടുന്ന ശക്തമായ ഇച്ഛാശക്തിയുള്ള സ്ത്രീകളെ അവർ സിനിമയിൽ അവതരിപ്പിച്ചു. ആദ്യകാല സിനിമകളിലെ “അശ്ലീലത” എന്ന ആരോപണത്തിൽ യാഥാസ്ഥിതികരിൽ നിന്നും വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്നും ഖുശ്‌ബു വൻ വിമർശനം നേരിട്ടു. എന്നാൽ നടി അവയ്‌ക്കെല്ലാം എതിരെ കരുത്തോടെ നിന്നു.
രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തന്നെ തന്റെ അഭിപ്രായങ്ങളുടെ പേരിൽ താരം വിവാദത്തിൽ പെട്ടിരുന്നു. 2005-ൽ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു: “വിവാഹസമയത്ത് ഒരു പെൺകുട്ടി കന്യകയായിരിക്കണം എന്ന ചിന്തയിൽ നിന്ന് നമ്മുടെ സമൂഹം പുറത്തുവരണം.” ഇത് വലിയ ചർച്ചയായി. പരാമർശത്തെത്തുടർന്ന് 24 കേസുകൾ അവർക്കെതിരെ ഫയൽ ചെയ്യപ്പെട്ടു. അവർ ഒളിവിൽ പോകാൻ നിർബന്ധിതയായി. 2010 ന്റെ തുടക്കത്തിൽ സുപ്രീം കോടതി ഖുശ്ബുവിൻറെ മേലുള്ള കേസുകൾ ഒഴിവാക്കുന്നത് വരെ അവർ അഞ്ച് വർഷത്തോളം പോരാടിക്കൊണ്ടിരുന്നു . ഇതേത്തുടർന്ന് അവർ രാഷ്ട്രീയത്തിൽ ഇറങ്ങി ഡിഎംകെ യിൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങി. എം കരുണാനിധി അവരെ പുരോഗമന കാഴ്ചപ്പാടുകൾക്ക് പേരുകേട്ട വ്യക്തിയായി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഡിഎംകെയെ സംബന്ധിച്ചിടത്തോളം ആചാര്യനായ പെരിയാർ എന്ന പേരിൽ വാഴ്ത്തപ്പെടുന്ന രാമസ്വാമി നായ്ക്കരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവചരിത്ര സിനിമയിൽ പെരിയാറിന്റെ ഭാര്യ മണിയമ്മായിയെ അവതരിപ്പിച്ചതിന് ഖുശ്ബു വലിയ രീതിയിൽ ആരാധിക്കപ്പെട്ടു. അവർക്ക് വേണ്ടി തമിഴ് നാട്ടിൽ കോവിലുകൾ ഉയർന്നു. എന്നാൽ, 2014ൽ ഡിഎംകെയിൽ ഒതുക്കപ്പെട്ടതായി തോന്നിയതിനെ തുടർന്ന് ഖുശ്ബു കോൺഗ്രസിലേക്ക് ചേക്കേറി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016 മെയ് നിയമസഭാ തിരഞ്ഞെടുപ്പിലും അവർ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന്റെ തമിഴ്‌നാട്ടിലെ പ്രധാന പ്രചാരകയായിരുന്നു .
എന്നാൽ ഖുശ്ബുവിന്റെ ബിജെപിയിലേക്കുള്ള നീക്കം അമ്പരപ്പിക്കുന്നതായിരുന്നു. കാരണം ഖുശ്‌ബു സുന്ദര്‍ എന്ന പേരുമായി ബന്ധപ്പെടുത്തി തന്നെ നടിയെ ബിജെപി വളരെയധികം വര്‍ഗീയമായി അധിക്ഷേപം നടത്തിയിരുന്നതാണ്. തന്റെ മുസ്ലീം ഐഡന്റിറ്റിയെ ചികഞ്ഞു പിടിച്ച് ആക്ഷേപിക്കുന്നതിനെതിരെ ഖുശ്‌ബു രംഗത്തു വരികയും ചെയ്‌തിരുന്നു. “തന്റെ പേര് മറ്റുള്ളവര്‍ക്കെല്ലാം ഖുശ്‌ബു സുന്ദര്‍ എന്നാണെങ്കില്‍ ബി.ജെ.പി.ക്ക് മാത്രം നഖത്ത് ഖാന്‍ എന്നാണ്” എന്ന് ഒരിക്കല്‍ അവര്‍ ട്വിറ്ററില്‍ ബിജെപിയെ പരിഹസിക്കയും ചെയ്‌തിരുന്നു. ( സിനിമാ നിര്‍മ്മാതാവാ ശങ്കറിനെ വിവാഹം കഴിച്ചാണ് ഖുശ്‌ബു സുന്ദര്‍ എന്ന് നടി അറിയപ്പെടാന്‍ തുടങ്ങിയത്. സിനിമയില്‍ വന്നപ്പോഴാണ് പേര് ഖുശ്‌ബു എന്ന് മാറ്റിയത്.) ഇതേ ഖുശ്‌ബു ഒരു സുപ്രഭാതത്തില്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ തമിഴകം അന്തംവിടുക തന്നെ ചെയ്‌തു.
13 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ അവർ ഡിഎംകെയിൽ നിന്ന് കോൺഗ്രസിലേക്കും അവിടെ നിന്ന്ഇപ്പോൾ ബിജെപിയിലേ മാറിയെങ്കിലും ഇത്തരം വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടുകൾ ഉറപ്പുള്ളതായി തുടരുന്നുണ്ട്. ഇപ്പോള്‍ ബി.ജെ.പി. സമ്മാനിച്ച പദവിയില്‍ ഇരുന്നുകൊണ്ട് തന്റെ പ്രതിച്ഛായ പോലും നോക്കാതെ സത്യസന്ധമായ അനുഭവം തുറന്നു പറഞ്ഞാണ് ഖുശ്‌ബു വാര്‍ത്തയില്‍ താരമായിരിക്കുന്നത്.