Categories
latest news

“ഇറ്റലിയാവാം അദ്ദേഹത്തിന്റെ മാതൃരാജ്യം…” രാഹുലിനെ കളിയാക്കി രാജസ്ഥാന്‍ കോണ്‍.മന്ത്രിയുടെ മകനും

ബിബിസിയുടെ ഡോക്കുമെന്‌റി ദേശവിരുദ്ധമെന്ന്‌ പറഞ്ഞ്‌ കോണ്‍ഗ്രസിന്റെ പരമോന്നത നേതാക്കളിലൊരാളായ എ.കെ.ആന്റണിയെ സമ്മര്‍ദ്ദത്തിലാക്കിയ അനില്‍ ആന്റണിയെപ്പോലെ രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ കാബിനറ്റിലെ ഒരു മന്ത്രിയുടെ മകനും രാഹുല്‍ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗത്തിനെതിരെ രംഗത്തു വന്നിരിക്കുന്നു. മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ എതിര്‍പാളയക്കാരനായ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങിന്റെ മകന്‍ അനിരുദ്ധ്‌ ആണ്‌ രാഹുലിനെ കഠിനമായി പരിഹസിച്ച്‌ ട്വിറ്ററില്‍ വന്നിരിക്കുന്നത്‌. ഗെലോട്ടിന്റെ ശത്രുപക്ഷത്തുള്ളയാളും രാഹുല്‍ ബ്രിഗേഡിന്റെ ചങ്ങാതിയുമായ സച്ചിന്‍ പൈലറ്റിന്റെ സുഹൃത്താണ്‌ അനിരുദ്ധ്‌ എന്നതാണ്‌ വലിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ രാജസ്ഥാനിലെ പാര്‍ടിയെ എത്തിച്ചിരിക്കുന്നത്‌ എന്നാണ്‌ ദേശീയ മാധ്യമ റിപ്പോര്‍ട്ട്‌.

രാഹുല്‍ ഗാന്ധി വിദേശത്ത്‌ സ്വന്തം രാജ്യത്തെ താഴ്‌ത്തിക്കെട്ടി എന്നാണ്‌ അനിരുദ്ധിന്റെ ആരോപണം. മാത്രമല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെയും കണക്കറ്റ്‌ വിമര്‍ശിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ ജനങ്ങളുടെ ഒരു പ്രശ്‌നത്തിലും താല്‍പര്യം കാണിക്കുന്നില്ലെന്നാണ്‌ ആരോപിച്ചിരിക്കുന്നത്‌. ഈ വര്‍ഷം തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സംസ്ഥാനമാണ്‌ രാജസ്ഥാന്‍ എന്നതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനകത്തെ വിരുദ്ധ സ്വരങ്ങള്‍ വലിയ പ്രശ്‌നത്തിലേക്ക്‌ നയിച്ചേക്കാം.

thepoliticaleditor

“രാഹുല്‍ സ്വന്തം രാജ്യത്തെ മറ്റൊരു രാജ്യത്തെ പാര്‍ലമെന്റില്‍ അപഹസിക്കുകയാണ്‌, ഒരു പക്ഷേ അദ്ദേഹം ഇറ്റലിയെയാവാം മാതൃരാജ്യമായി കാണുന്നത്‌. അദ്ദേഹത്തിന്‌ ഈ മാലിന്യം മുഴുവന്‍ ഇന്ത്യയില്‍ പറയാന്‍ കഴിയില്ലേ…അഥവാ ജന്മനാ തന്നെ അദ്ദേഹം പാശ്ചാത്യ മണ്ണ്‌ തന്നെയാണോ പ്രധാനമായി കാണുന്നത്‌?” – ഇങ്ങനെയാണ്‌ അനിരുദ്ധിന്റെ ട്വീറ്റിലെ പരിഹാസം. “രാജസ്ഥാനിലെ മിക്ക കാര്യങ്ങളിലും സച്ചിന്‍പൈലറ്റ്‌ സ്‌കൂളിന്റെ ചിന്തകള്‍ ഉള്ള ഒരു സ്വതന്ത്ര ശബ്ദം” എന്നും അനിരുദ്ധ്‌ അദ്ദേഹത്തെ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്‌.

ലണ്ടനില്‍ ഒര ചടങ്ങില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ ജനാധിപത്യസംവിധാനം വലിയ ഭീഷണിയിലാണെന്നും ഇക്കാര്യം യൂറോപ്പിലും അമേരിക്കയിലുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക്‌ ഇത്‌ മനസ്സിലായിട്ടില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് അനിരുദ്ധിനെ പ്രകോപിപ്പിച്ചത് എന്നാണ് നിഗമനം.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട്‌ രാജസ്ഥാനിലെ സൈനികരുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കണമെന്നും അനിരുദ്ധ്‌ ആവശ്യപ്പെടുന്നുണ്ട്‌. ഫെബ്രുവരി 28 മുതല്‍ അവര്‍ അത്‌ ആവശ്യപ്പെടുന്നുണ്ടെന്നും അത്‌ എല്ലാകാലത്തും തുടരുമെന്നും പറയുന്ന അനിരുദ്ധ്‌ ഇക്കാര്യത്തിലും “ഇറ്റാലിയന്‍” ബന്ധം പറഞ്ഞ്‌ പരിഹസിക്കുന്നുണ്ട്‌. സൈനികരുടെ കുടുംബത്തിന്റെ ആവശ്യമൊന്നും സര്‍ക്കാരിന്റെ ഉല്‍കണ്‌ഠയാകുന്നില്ലെന്നും അതെല്ലാം സര്‍ക്കാരിന്റെ ഇറ്റാലിയന്‍ ബന്ധുക്കള്‍ക്ക്‌ ഹിതകരമാകില്ലെന്നുമാണ്‌ സൈനികരുടെ കുടുംബാംഗങ്ങളുടെ പ്രകടനം സംബന്ധിച്ച മറ്റൊരു ട്വീററിനുളള മറുപടിയിലെ പരിഹാസം.

Spread the love
English Summary: RAJASTHAN CONGRESS MINISTERS SON CRITICISES RAHUL GANDHI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick