Categories
latest news

നിതീഷ് കോണ്‍ഗ്രസിനെതിരെ…മുഖമടച്ച് മറുപടിയും വന്നു…യുദ്ധം മുറുകുന്നു

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് നീങ്ങുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും കോണ്‍ഗ്രസും തമ്മിലുള്ള വാഗ്വാദം പുതിയ തലത്തിലേക്ക്. താന്‍ പറയുന്നതു പോലെ കോണ്‍ഗ്രസ് നിന്നാല്‍ ബി.ജെ.പി.യെ എളുപ്പത്തില്‍ പുറത്താക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വാഗ്വാദമുഖത്തിന് നിതീഷ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്.
എന്നാല്‍ ഞങ്ങള്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നും പ്രതിപക്ഷത്തെ പലരെയും പോലെ ഇരട്ട മുഖമുള്ള പാര്‍ടിയല്ലെന്നും പ്രതികരിച്ചു കൊണ്ട് കോണ്‍ഗ്രസ് മാധ്യമവിഭാഗം വക്താവ് ജയ്‌റാം രമേഷും ഇന്ന് രംഗത്തു വന്നു. ഇതോടെ പ്രതിപക്ഷ ഐക്യം എന്ന ചർച്ച സജീവമായി. കോൺഗ്രസ് നേതൃത്വം നൽകാത്ത പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ദയനീയമായി തോൽക്കും എന്നാണ് ജയ്‌റാം രമേഷിന്റെ വാക്കുകൾ. ബി.ജെ.പിയുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഒരേയൊരു പാർട്ടി തങ്ങളാണെന്ന് വാദിച്ച കോൺഗ്രസ്, നേതൃത്വമെടുക്കാൻ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പറഞ്ഞു.

കോൺഗ്രസ് കാരണമാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടിയതെന്നും തന്റെ ജനതാദൾ യുണൈറ്റഡ് (ജെഡിയു) ഉൾപ്പെടെയുള്ള നിരവധി പാർട്ടികൾ സഖ്യം വരാൻ കാത്തിരിക്കുകയാണെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശനിയാഴ്ച പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനിക്കാൻ പ്രതിപക്ഷ പാർട്ടികൾ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് ഓർമിപ്പിച്ച നിതീഷ്, വിശാലാടിസ്ഥാനത്തിലുള്ള ഐക്യം രൂപപ്പെടുത്താനായാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റിൽ താഴെ മാത്രമായി മാറുമെന്നും പറഞ്ഞു.

thepoliticaleditor

പട്‌നയിൽ നടക്കുന്ന സിപിഐ-എംഎൽ 11-ാമത് അഖിലേന്ത്യാ കോൺഗ്രസിന്റെ നാലാം ദിവസം ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക എന്ന പേരിൽ നടന്ന കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിഹാർ മുഖ്യമന്ത്രി. ജെഡിയു, രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ, സിപിഐ, സിപിഎം എന്നീ മഹാസഖ്യ ഘടകകക്ഷികളുടെ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കുകയുണ്ടായി. കൺവെൻഷനിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദിനെ ലക്ഷ്യമിട്ടായിരുന്നു നിതീഷിന്റെ വാക്കുകൾ.

“നിങ്ങൾ എല്ലാവരും (കോൺഗ്രസ്) ഇത്തവണ തീരുമാനിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും, രാജ്യത്തിനും ഗുണം ചെയ്യും ”–നിതീഷ് പറഞ്ഞു. തെറ്റു ചെയ്തവർക്കെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയും അവരെ തുരത്തുകയും ചെയ്യുക എന്നതല്ലാതെ തനിക്ക് വ്യക്തിപരമായ ആഗ്രഹമൊന്നുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
“നിങ്ങൾക്കെല്ലാവർക്കും ശരിയായി പ്രവർത്തിക്കാൻ എന്റെ ജീവിതം ചെലവഴിക്കാൻ ഞാൻ തയ്യാറാണ്.”–നിതീഷ് കൂട്ടിച്ചേർത്തു.
ഐക്യത്തിനുള്ള ആഹ്വാനത്തോട് ഖുർഷിദ് യോജിച്ചു. താൻ മനസ്സിലാക്കിയിടത്തോളം കോൺഗ്രസിന്റെ ഉന്നത നേതൃത്വവും നിതീഷ് ആഗ്രഹിക്കുന്നത് പോലെ തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ഖുർഷിദ് പ്രതികരിക്കുകയും ചെയ്തു.

എന്നാൽ ജയ്‌റാം രമേഷ് സ്വരം കടുപ്പിച്ചാണ് ഇന്ന് പ്രതികരിച്ചത്. പ്രതിപക്ഷകക്ഷിയോഗങ്ങളില്‍ പങ്കെടുക്കുന്ന ചില പാര്‍ടികള്‍ പിന്നീട് ബിജെപിയുടെ താല്‍പര്യം നോക്കിയാണ് പ്രവര്‍ത്തിക്കുന്നതായി കാണുന്നതെന്ന് ജയ്‌റാം രമേഷ് പരിഹസിച്ചു. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യമോ വിജയമോ സാധ്യമല്ല. കോണ്‍ഗ്രസിന് അതിന്റെ പങ്ക് നന്നായ അറിയാം. ബി.ജെ.പിയുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഒരേയൊരു പാര്‍ടി തങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം നേതൃത്വമേറ്റെടുക്കാന്‍ തങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ റായ്പൂരിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യം പോലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുമെന്ന് രമേഷ് പറഞ്ഞു . രാജ്യത്തുടനീളമുള്ള 1,800 എഐസിസി പ്രതിനിധികൾ ഉൾപ്പെടെ 15,000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Spread the love
English Summary: OPINION WAR BETWEEN NITHISH KUMAR AND CONGRESS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick