Categories
kerala

സിപിഎമ്മിലെ ന്യൂജെന്‍ ക്വട്ടേഷന്‍കാരും പാര്‍ടിയിലെ പുതിയ പാഠങ്ങളും

വന്‍ രാഷ്ട്രീയപ്രധാന്യമുള്ള ഒരു പൊതു തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ വകവരുത്തുക പോലുള്ള നിഷ്ഠൂര പാതകങ്ങള്‍ ചെയ്യാനുള്ളത്ര മണ്ടത്തരം കാണിച്ച പാര്‍ടിയാണ് സി.പി.എം. കാസര്‍ഗോഡ് കൃപേഷ്, ശരത് ലാല്‍ എന്നീ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകരായ പ്രതികള്‍ വെട്ടിക്കൊന്നുവെന്ന കേസ് ഉണ്ടായത് രാജ്യം നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടു മുന്‍പായിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും നടന്നത് രണ്ടു വര്‍ഷത്തിനകം തിരഞ്ഞെടുപ്പ് മുന്നിലുള്ളപ്പോള്‍ തന്നെയായിരുന്നു.

കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും

അതൊക്കെ പഴയ കഥ. ഇനി സി.പി.എമ്മിന് ഇത്തരം കാര്യങ്ങള്‍ മിക്കവാറും രാഷ്ട്രീയമായി സാധ്യമാകില്ല. കാരണം പാര്‍ടിക്ക് മറ്റൊരു മുഖം ആവശ്യമാണെന്ന തിരിച്ചറിവ് നേതൃത്വത്തിലുണ്ട്. ആഗോള വല്‍ക്കരണം സൃഷ്ടിച്ച ഏറ്റവും വലിയ ഫലങ്ങളിലൊന്ന് പ്രതിഫലിക്കുന്നത് സി.പി.എമ്മില്‍ ആണെന്നു കാണാം. വ്യക്തികള്‍ പാര്‍ടിയുടെ വ്യക്തികള്‍ മാത്രമായി ജീവിക്കുന്നത് മാറുകയും അവരവരുടെ ജീവിതത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയും അതില്‍ അഭിരമിക്കാന്‍ തുടങ്ങുകയും ചെയ്തു എന്നതാണ് ആ മാറ്റം. പാര്‍ടിക്കു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുക എന്നതില്‍ നിന്നും പാര്‍ടി അണികള്‍ പതുക്കെ മാറുന്നുണ്ട്. ആഗോളവല്‍ക്കരണം തുറന്നിട്ട അറിവിന്റെ, സാധ്യതകളുടെ, വിപണിയുടെ, ഉപഭോഗതൃഷ്ണകളുടെ ലോകം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തീര്‍ക്കപ്പെട്ടു. സി.പി.എം നേതാക്കള്‍ തൊട്ട് സാധാരണ അനുയായികള്‍ വരെ ഇവയുടെ ഉപഭോക്താക്കളായി മാറി.

thepoliticaleditor

അതോടെ ഒന്നു സംഭവിച്ചു-മുന്‍പത്തെക്കാളേറെ ആദര്‍ശപരമായ കടുംപിടുത്തങ്ങളില്‍ നിന്നുള്ള ഭ്രംശം മറ്റേതു പാര്‍ടിയെക്കാളും സി.പി.എമ്മില്‍ വര്‍ധിച്ചു. അഴിമതി ചെയ്യാനുള്ള പ്രവണത വര്‍ധിച്ചു. ധനസമ്പാദന ആര്‍ത്തി വര്‍ധിച്ചു. എന്നാല്‍ രാഷ്ട്രീയമായ പ്രതികാരമനോഭാവത്തിലും ചില മാറ്റങ്ങള്‍ ഉണ്ടായി. കടുത്ത വൈരാഗ്യത്തിലധിഷ്ഠിതമായ ക്രൂരമായ, അന്ധമായ, രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം പതുക്കെ കുറയാന്‍ ആരംഭിച്ചു.

ടി.പി. ചന്ദ്രശേഖരന്‍

കണ്ണൂരിലെ രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ ജനം ഞെട്ടിവിറച്ചിരുന്ന കാലമുണ്ടായിരുന്നു. അതില്‍ പാതി നുണയും പാതി പരമസത്യവും ആയിരുന്നുവെങ്കിലും ഇന്ന് കണ്ണൂരിന് ആ ദുഷ്‌പേരില്ല. പരസ്പരം ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന മണ്ടത്തരം രാഷ്ട്രീയ ജീവിതത്തിലെ മണ്ടത്തരമാണെന്ന് പുതിയ തലമുറയിലെ പരശ്ശതം സി.പി.എം. അണികളും നേതാക്കളും വിശ്വസിക്കുന്നു. ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ വൈവിധ്യത്തോടെ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന ബോധം പുതിയ രാഷ്ട്രീയബോധ്യമായി വളര്‍ന്നു വന്നിരിക്കുന്നു.

തലശ്ശേരിയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകരായ ഷമീറും ഖാലിദും

തുടര്‍ഭരണം ആഗ്രഹിക്കുന്ന സി.പി.എമ്മിന് ഇനി ഇത്തരം പ്രതികാര രാഷ്ട്രീയം സമ്മാനിക്കുന്ന വില്ലന്‍ ഇമേജ് ബാധ്യതയാണ്. കാരണം അവര്‍ മാസ് സപ്പോര്‍ട്ട് കൂടുതല്‍ക്കുടുതല്‍ ആഗ്രഹിക്കുന്നു. വോട്ട് ബേയ്‌സ് വിപുലപ്പെടുത്താന്‍ മോഹിക്കുന്ന സി.പി.എമ്മിന് പഴയതു പോലെ സമൂഹത്തില്‍ ഒറ്റപ്പെടാന്‍ ഇടയാക്കുന്ന കൊലപാതകം പോലുള്ള സംഗതികളില്‍ ഉള്‍പ്പെടാന്‍ പ്രയാസമുണ്ടാകും.

തലശ്ശേരിയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സി.പി.എം.പ്രവര്‍ത്തകന്‍ ഹരിദാസന്‍

തങ്ങളുടെ ഉശിരന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.എസ്.എസ്.-സംഘപരിവാര്‍ ഭാഗത്തു നിന്നും അതേ പോലെ നേരത്തെ ബി.ജെ.പി. ബന്ധമുളള ലഹരിമാഫിയക്കാരില്‍ നിന്നും നാല് കൊലപാതകങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ണൂര്‍ ജില്ലയിൽ ഉണ്ടായിട്ടു പോലും അതേ നാണയത്തില്‍ സി.പി.എം. തിരിച്ചടിച്ചില്ല എന്നുമാത്രമല്ല, തീര്‍ത്തും സംയമനം കാണിക്കാനുള്ള അസാധാരണമായ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇവയില്‍ മൂന്നു കൊലകളും നടന്നത് രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ചരിത്രമുറങ്ങുകയും ഉണരുകയും ചെയ്യുന്ന തലശ്ശേരിയിലാണ് എന്നതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. തിരിച്ചടിക്കാന്‍ വൈഭവമോ ശക്തിയോ ഇല്ലാതിരുന്നതിനാല്‍ അല്ല പകരം നേരത്തെ രൂപപ്പെടുത്തി അംഗീകരിച്ച തീരുമാനങ്ങളുടെ പ്രതിഫലനമാണത്.

ആത്മീയതയെ പോലും ഇന്‍ക്ലൂസീവ് ആയ ഒരു ആശയമായി സ്വീകരിച്ച് ഒരര്‍ഥത്തില്‍ സമൂഹത്തിനെ തിരുത്താതെ അതിന്റെ പ്രവാഹത്തിന് സമീകരിച്ച് ഒഴുകുന്ന സ്ഥിതിയാണ് ഇപ്പോള്‍ സി.പി.എം. സ്വീകരിക്കുന്നതെന്ന് സമീപകാലത്തെ പല പ്രാദേശിക സംഭവങ്ങളും നിരീക്ഷിച്ചാല്‍ വ്യക്തമാണ്. അത്രയും അയഞ്ഞു പോകണോ എന്നതാണ് ഇപ്പോള്‍ ഇടതുപക്ഷത്തിനകത്തുള്ള ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ് രസകരം.( ഇപ്പോള്‍ കാണിക്കുന്ന ഉദാരമായ സമീപനം ശബരിമല യുവതീപ്രവേശന വിധി വന്ന സമയത്ത് കാണിക്കുകയും യുവതീപ്രവേശനത്തിനായി അതു വരെ വാദിച്ച ആര്‍.എസ്.എസ്.-നെ പോലുളള സംഘടനകളെയും വിശ്വാസത്തിലെടുത്ത് അവരിലൂടെ അത് നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് കേരളീയ നവോത്ഥാനത്തിലെ വലിയ നാഴികക്കല്ലായി തീരുമായിരുന്നു എന്ന പല ഇടതു ബുദ്ധിജീവികളും പിന്നീട് ചര്‍ച്ച ചെയ്യുന്നത് കേട്ടിട്ടുണ്ട്. എല്ലാവരെയും കാഴ്ചക്കാരാക്കി വിധി നടപ്പാക്കാന്‍ ശ്രമിച്ചത് ചരിത്രപരമായ മറ്റൊരു മണ്ടത്തരമായി എന്ന് കാലം വിലയിരുത്തുമായിരിക്കും!!)

ഈ പശ്ചാത്തലത്തിലാണ് ആകാശ് തില്ലങ്കേരിയെ സി.പി.എം. തള്ളിപ്പറയുന്നതും ആകാശ് തന്റെ പഴയ ക്വട്ടേഷനുകളെ പരസ്യമാക്കി സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്നതും മനസ്സിലാക്കേണ്ടത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ പ്രതികളെ ഇതേ പോലെ സി.പി.എം തളളിപ്പറഞ്ഞിട്ടില്ല. മുന്‍പ് സി.പി.എമ്മിന്റെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നും അതിലെ പ്രതികളെ സി.പി.എം. പൂര്‍ണമായും സ്ഥിരമായും തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ ആകാശിനെ പോലുള്ളവരുടെ കാര്യത്തില്‍ നയം മാറിയിരിക്കുന്നു. അതിനെന്താണ് കാരണം?
പഴയ ക്വട്ടേഷന്‍ സംഘങ്ങളും പഴയ ക്വട്ടേഷന്‍ ചരിതങ്ങളും സി.പി.എമ്മിന് ഇപ്പോള്‍ ബാധ്യതയാവുന്നു എന്നാണ് തോന്നുന്നത്. പുതിയ മോഹങ്ങളുമായി നീങ്ങുമ്പോള്‍ അവ കല്ലുകടിയായിത്തീരുന്നു എന്ന തിരിച്ചറിവിലാണ് അവ എത്രയും വേഗം സമൂഹത്തിന്റെ ഉപരിതല ചര്‍ച്ചയില്‍ നിന്നും അവസാനിപ്പിക്കാന്‍ പാര്‍ടി യത്‌നിക്കുന്നത്. ഇപ്പോഴത്തെ പാര്‍ടിക്ക് ആകാശ് തി്ല്ലങ്കേരിയെ തളളിപ്പറഞ്ഞേ പറ്റൂ.

എന്നാല്‍ ആകാശ് തില്ലങ്കേരി പ്രകടമാക്കുന്നത് മറ്റൊരു മുഖമാണ്. പുതിയ തലമുറയിലെ ക്വട്ടേഷന്‍ വ്യക്തികള്‍ പോലും ജോലിക്കു കൂലി കൃത്യമായില്ലെങ്കില്‍ എല്ലാം ഉള്ളിലടക്കി പാര്‍ടി ഭക്തിയില്‍ കാലയാപനം ചെയ്യാന്‍ താല്‍പര്യമുള്ളവരല്ല എന്നതിന്റെ സാക്ഷ്യം. അവര്‍ക്ക് നല്‍കേണ്ടത് നല്‍കിയില്ലെങ്കില്‍ എന്തും പരസ്യമാക്കാനോ പാര്‍ടിയുടെ മുഖം മോശമാകുന്നോ ഇല്ലയോ എന്നൊന്നും നോക്കാതെ തിരിച്ചടിക്കാനോ യാതൊരു മടിയും ഇല്ലാത്ത ന്യൂജെന്‍ ക്വട്ടേഷനുകള്‍ ആണ് ആകാശിനെ പോലുള്ളവര്‍ പ്രതിനിധാനം ചെയ്യുന്നത്. കൊലപാതകം മാത്രമല്ല അവരുടെ ന്യൂജെന്‍ ക്വട്ടേഷന്‍. പാര്‍ടിയുടെ പ്രതലബലത്തില്‍ മയക്കുവസ്തു വിപണനം തൊട്ട് സ്വര്‍ണക്കടത്തു വരെ നടത്തും. ഇതൊരു പുതിയ ലോകമാണ്. ഇത് സി.പി.എമ്മിന് രഹസ്യമായിപ്പോലും അംഗീകരിക്കാനോ സമരസപ്പെട്ടു പോകാനോ വയ്യാത്ത അന്തരീക്ഷമായിത്തീരുകയാണ് കേരളീയ സമൂഹത്തില്‍–അത്രമേല്‍ തുറന്ന സമൂഹമായിത്തീര്‍ന്നിരിക്കുന്നു. സമൂഹമാധ്യമങ്ങളാണ് ഈ സാഹചര്യം സൃഷ്ടിച്ചതില്‍ വലിയ ചാമ്പ്യന്‍സ്. അവയെ നന്ദിപൂര്‍വ്വം കാണേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറിച്ചായേനെ. മുന്‍പ് ചെയ്തതോ ചെയ്യിച്ചതോ ആയ കാര്യങ്ങള്‍ ഇന്ന് ഇത്തരം ന്യൂജെന്‍ ക്വട്ടേഷന്‍കാര്‍ പൊതു മണ്ഡലത്തില്‍ പറയുമ്പോള്‍ പാര്‍ടി അസ്വസ്ഥമാകുന്നത് നേരത്തെ പറഞ്ഞ സാഹചര്യമാറ്റം മൂലമാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick