Categories
latest news

മുസ്ലീം പേരുകള്‍ വെച്ചു പൊറുപ്പിക്കില്ല ! മഹാരാഷ്ട്രയില്‍ വീണ്ടും…

മുഗള്‍ഭരണകാലത്തെ ചരിത്രവും സംസ്‌കാരവും പേറുന്ന സ്ഥല നാമങ്ങള്‍ ബിജെപിക്ക് അലര്‍ജിയാണ്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് അനുകൂല നിലപാടുകള്‍ സ്വീകരിച്ച ഹിന്ദുത്വ ശക്തികള്‍ ഇപ്പോള്‍ ഇന്ത്യാ ചരിത്രത്തില്‍ പിന്തുടരുന്നതും കൊളോണിയല്‍ ചരിത്രവഴികളാണെന്ന വിമര്‍ശനം കനത്തു വന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ വിരോധാഭാസമാണെന്നു തന്നെ പറയാം, ഇന്ത്യന്‍ സ്ഥലനാമങ്ങളുടെ പേരുകളിലെ കൊളോണിയല്‍, മുസ്ലീം പേരുകള്‍ മാത്രം ബി.ജെ.പി.ക്ക് വര്‍ജ്യമാണ്. രാജഭരണത്തിന്റെ അടയാളമാണെന്ന് വ്യാഖാനിച്ച് ഡല്‍ഹിയിലെ രാജ്പഥ് എന്ന വീഥിയുടെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റിക്കഴിഞ്ഞാണ് ഇതിലെ അബദ്ധം ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടിയത്. രാജ് എന്ന പദത്തിന് ജനകീയം എന്ന അര്‍ഥമാണ് ഹിന്ദിയില്‍ എന്നും രാജ്‌നീതി എന്നത് ജനാധിപത്യം എന്ന് പറയുന്നതു പോലെ മാത്രമാണ് രാജ്പഥ് എന്ന ഡല്‍ഹിയിലെ പ്രധാനപ്പെട്ട റോഡിന് പേരിനു പിന്നിലെ സാരസ്യമെന്നും വെളിപ്പെടുത്തപ്പെട്ടു.


ഏറ്റവുമൊടുവില്‍ ബി.ജെ.പി. പേര് മാറ്റിയത് ലോകത്തു തന്നെ ചരിത്ര പ്രശസ്തമായ ഡെല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്റെതാണ്. അമൃത് ഉദ്യാന്‍ എന്നാണ് മാറിയ പേര്.

thepoliticaleditor


പേരുമാറ്റം അവസാനിക്കുന്നില്ലെന്ന് ഓര്‍മിപ്പിക്കുന്നു മഹാരാഷ്ട്രയിലെ ചരിത്രനഗരമായ ഔറംഗാബാദിന്റെ പേരും ഒസ്മാനാബാദ് എന്ന നഗരത്തിന്റെ പേരും സംസ്ഥാന ആഭ്യന്തര മന്ത്രാലയം മാറ്റിയ നടപടികള്‍. ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗര്‍ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നുമാണ് മാറ്റിയിരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പേരുമാറ്റത്തിനായുള്ള ശുപാര്‍ശയോട് കേന്ദ്ര സർക്കാരിന് എതിര്‍പ്പില്ലായിരുന്നു എന്നാണ് മാറ്റത്തിനുളള കാരണമായി പറഞ്ഞിരിക്കുന്നത്.

ഇന്ത്യയുടെ പുരാതന ചരിത്ര, സാംസ്‌കാരിക മുദ്രകള്‍ പേറുന്ന പ്രമുഖ നഗരങ്ങളിലൊന്നാണ് ഔറംഗാബാദ്. ലോക പ്രശസ്തമായ അജന്ത, എല്ലോറ ഗുഹകളിലേക്കുള്ള യാത്രാ, പ്രവേശന കവാടമാണ് ഈ നഗരം. അതു പോലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ആസ്ഥാനവും താജ് മഹല്‍ മാതൃകയില്‍ അദ്ദേഹം തന്റെ ഭാര്യയ്ക്കായി പണിത സ്മാരകമായ ബീബി കാ മക്ബറ-യും ഔറംഗാബാദിലാണ്. സമീപ നഗരമായ ദൗലത്താബാദിലാണ് ഔറംഗസീബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

Spread the love
English Summary: NAME CHANGES IN MAHARASHTRA AGAIN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick