Categories
kerala

പുരുഷനാണോ പ്രസവിച്ചത് അതോ സ്ത്രീയോ…? ‘ട്രാന്‍സ്‌ജെന്റര്‍ പ്രസവ’ത്തിലെ ശാസ്ത്രവും മാധ്യമഭാവനയും മതവാദവും

ട്രാന്‍സ് ദമ്പതിമാരായ സിയക്കും സഹദിനും കുഞ്ഞ് പിറന്നത് അതിശയകരമായ വാര്‍ത്തയായി ലോകം മുഴുവന്‍ പ്രചരിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. മാധ്യമങ്ങള്‍ അത് ആഘോഷമാക്കിയപ്പോള്‍ മതവാദം ഉള്ളിലൊളിപ്പിച്ച പൊതു വ്യക്തികള്‍ പ്രസവിച്ചത് പുരുഷനല്ല എന്ന് പറഞ്ഞു കൊണ്ട് രംഗത്തു വന്നിരിക്കുന്നു. ചോദ്യം ഇതാണ് പ്രസവിച്ചത് ട്രാന്‍സ് ജെന്ററാണോ അതായത് പുരുഷനായി തീര്‍ന്നിരിക്കുന്ന പഴയ സ്ത്രീയാണോ അതോ തനി പുരുഷനാണോ.
മാധ്യമങ്ങളുടെ മുന്നും പിന്നും നോക്കാതെയുള്ള ആഘോഷത്തില്‍ അനാവശ്യമായ ഒരു ഭാവനാവല്‍ക്കരണം സംഭവിച്ചതിന്റെ ഫലമായി മതവാദികള്‍ ഈ സംഭവത്തെ വളച്ചൊടിച്ച് ട്രാന്‍സ് സമൂഹത്തെ പരിഹസിക്കാനുള്ള ഉപാധിയാക്കി കൊണ്ടുവന്നിരിക്കുന്നു എന്നത് മനസ്സിലാക്കേണ്ടതാണ്.

സഹദും സിയയും

“ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ വ്യക്തിയാണ് സഹദ്. സിയ ആകട്ടെ പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയയാളും. കുഞ്ഞിനെ ദത്തെടുക്കാൻ‌ അന്വേഷിച്ചെങ്കിലും ട്രാൻസ്ജെൻഡർ പങ്കാളികൾക്കു മുന്നിൽ നിയമനടപടികൾ വെല്ലുവിളിയായി. തുടർന്നാണു പുരുഷനായി മാറിയെങ്കിലും സഹദ് ഗർഭം ധരിക്കാമെന്ന ആശയത്തിലേക്കെത്തുന്നത്. സിയയുടെ സ്നേഹവും അമ്മയാകാനുള്ള അടങ്ങാത്ത ആഗ്രഹവും സഹദിന്റെ തീരുമാനത്തിൽ പ്രധാനമായി”- ഇങ്ങനെയാണ് വാർത്ത എഴുതപ്പെട്ടത്.

thepoliticaleditor

ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, ‘പുരുഷനായി മാറിയെങ്കിലും സഹദ് ഗര്‍ഭം ധരിക്കാമെന്ന്’ സമ്മതിച്ചു എന്ന പ്രയോഗമാണ്. പുരുഷനായി മാറി എന്ന് മാധ്യമങ്ങള്‍ പറഞ്ഞുപോയപ്പോള്‍ പുരുഷന്‍ പ്രസവിച്ചതിന്റെ അതിശയത്തിലേക്ക് വായിക്കുന്നവരെ യാഥാര്‍ഥ്യബോധമില്ലാതെ എത്തിക്കുകയാണ് എല്ലാ മാധ്യമവാര്‍ത്തകളും ചെയ്തത്. സത്യത്തില്‍ എന്തെങ്കിലും അത്ഭുത വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ നമ്മുടെ മാധ്യമങ്ങള്‍ കാണിക്കുന്ന വസ്തുനിഷ്ഠതയും യാഥാര്‍ഥ്യ ബോധവുമില്ലാത്ത കളികളുടെ സന്തതിയാണ് ഈ ഉള്ളടക്കവും.

എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ കൃത്യമായി ശാസ്ത്രീയമായ വശം എഴുതാതെ അല്ലെങ്കില്‍ അതേപ്പറ്റി ചിന്തിക്കാതെ വെറുതെ പുരുഷനായി മാറിയ ആള്‍ക്ക് കുഞ്ഞു പിറന്നുവെന്ന അതിശയരൂപത്തിലുള്ള വാര്‍ത്ത രചിച്ചത്. സത്യത്തില്‍ കുഞ്ഞ് പിറന്നതിനു പിന്നില്‍ നടന്ന ജൈവ പ്രക്രിയയില്‍ സ്ത്രീയുടെയും പുരുഷന്റെയും പങ്കാളിത്തമുണ്ടെങ്കിലും ‘പുരുഷനായി മാറി ഗര്‍ഭം ധരിച്ച സഹദ് അമ്മയായി’ എന്ന മാധ്യമങ്ങളുടെ അനാവശ്യ പ്രയോഗമാണ് എല്ലാ തെറ്റിന്റെയും കാതല്‍. പുരുഷനായി മാറിയ സഹദിന്റെ രൂപ പരിണാമത്തില്‍ ആന്തരികാവയവങ്ങളുടെ പരിണാമം സംഭവിച്ചിട്ടില്ല എന്ന് തുറന്നു പറയുന്നതില്‍ എന്താണ് പ്രശ്‌നം. ഗര്‍ഭ പാത്രം ഉള്ളതുകൊണ്ടല്ലേ പ്രസവിക്കാന്‍ സാധിച്ചത്. അത് ഉണ്ടായാലും ഇല്ലെങ്കിലും സഹദ് ട്രാന്‍സ് ജെന്റര്‍ ആണ്. ഒരു സ്ത്രീ അവളില്‍ ഉള്ള പുരുഷത്വത്തെ തേടുകയും കണ്ടെത്തുകയും സ്വീകരിക്കുകയും അതു പോലെ തിരിച്ചും ചെയ്യുന്ന അവസ്ഥയല്ലേ ട്രാന്‍സ്‌ജെന്റര്‍. എം.കെ.മുനീര്‍ പറയുന്നതു പോലെ ട്രാന്‍സ് ജെന്ററിന് പ്രസവിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിലേക്ക് വരുന്നതിന് കാരണം സഹദ് പുരുഷനായി മാറി എന്ന മാധ്യമങ്ങളുടെ പ്രയോഗത്തിലെ സൂക്ഷ്മ വിശദീകരണം ഇല്ലായ്മയാണ്. അതു വഴി സംഭവിച്ചതോ ട്രാന്‍സ് മെന്‍, ട്രാന്‍സ് വുമണ്‍ എന്നതെല്ലാം പൊള്ളയായ വാദമാണെന്ന് മുനീറിനെപ്പോലുള്ള മതവാദം ഉള്ളിലൊളിപ്പിച്ച വലിയ ജനാധിപത്യ, പുരോഗമനനാട്യ പൊതുപ്രവര്‍ത്തകര്‍ വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് നയിച്ചു.
മാധ്യമവാര്‍ത്ത നോക്കൂ-‘ പുരുഷനായി മാറിയ പങ്കാളി സഹദ് സിയക്കു വേണ്ടി ഗര്‍ഭം ധരിച്ചു’ ഇത് ശാസ്ത്രീയമായി ശരിയല്ല എന്നിരിക്കെ എന്തിനാണ് ട്രാന്‍സ് ലോകത്തെ ഒരു അപൂര്‍വ്വത അവതരിപ്പിക്കാന്‍ ഇത്ര വളച്ചൊടിച്ച പ്രയോഗം മാധ്യമങ്ങള്‍ എഴുതിക്കൂട്ടിയത്. പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള ശാരീരിക മാനസിക പരിണാമത്തിലായിരുന്നു. അവര്‍ ട്രാന്‍സ് ജെന്റര്‍ ആണ്. മുനീര്‍ പറയുന്നതു പോലെയല്ല അവരെ നമ്മള്‍ അംഗീകരിക്കേണ്ടതുമാണ്. അതു പോലെയാണ് സഹദിന്റെയും കാര്യം. അദ്ദേഹം ജന്മം കൊണ്ട് ഉണ്ടായ സ്ത്രീ എന്ന അവസ്ഥയില്‍ നിന്നും പുരുഷന്‍ എന്ന അവസ്ഥയിലേക്ക് മാറുന്ന വ്യക്തിയാണ്. എന്നാല്‍ സിയക്കു വേണ്ടിയാണ് സഹദ് ഗര്‍ഭം ധരിച്ചത് എന്ന പ്രയോഗത്തില്‍ കാവ്യാത്മകതയ്ക്കപ്പുറം ശാസ്ത്രീയത ഇല്ല. അവര്‍ ട്രാന്‍സ് ജെന്റര്‍മാരായി തീരുമ്പോള്‍ തന്നെ അവരുടെ മുന്‍ അവസ്ഥകളുടെ ഫലമായുള്ള ഒരു ജനനം നടന്നു എന്ന് ലളിതമായി വിശദീകരിച്ചിരുന്നെങ്കില്‍ ട്രാന്‍സ് സമൂഹത്തെ പരിഹസിക്കാനും അവരുടെ അസ്തിത്വം പ്രകൃതിവിരുദ്ധം എന്ന് പറഞ്ഞു പരത്താനും മതവാദം പരോക്ഷമായി പ്രചരിപ്പിക്കുന്നവര്‍ക്ക് അവസരം ഉണ്ടാകില്ലായിരുന്നു. സൂചിക്കുഴയുടെ ഇടം കിട്ടിയാല്‍ അവിടെ തൂമ്പാക്കൈ കയറ്റാന്‍ നോക്കുന്നവരാണ് നമ്മുടെ സമൂഹത്തെ ‘വല്ലാതെ നന്നാക്കാന്‍’ നോക്കുന്ന ഗോപ്യമതവാദക്കാരായ പുരോഗമന വേഷധാരികള്‍. അതു കൊണ്ടാണ് ഹോമോ സെക്ഷ്വാലിറ്റയില്‍ ജീവിക്കുന്നവരെന്ന് ട്രാന്‍സ് ജെന്റര്‍മാരെ അവര്‍ പരിഹസിക്കുന്നത്. എന്നിട്ട് ഹോമോസെക്ഷ്വാലിറ്റിയില്‍ ജീവിക്കുന്നവര്‍ ലോകത്തൊരിടത്തും പ്രസവിച്ചിട്ടില്ല എന്ന കാര്യത്തെ ഈ കാര്യത്തില്‍ കുത്തിക്കയറ്റി പ്രഖ്യാപിക്കുന്നത്, ട്രാന്‍സ് ജെന്റര്‍ എന്നെല്ലാം പറയുന്നത് പൊള്ളയാണെന്ന് ഇവര്‍ ഈ സമൂഹത്തിനു മുന്നില്‍ ഉളുപ്പില്ലാതെ പറയുന്നത്.

Spread the love
English Summary: INSIDE THE TRANSGENDERS CHILD BIRHT STORY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick