Categories
kerala

അട്ടപ്പാടിയിലെ ‘വനസുന്ദരിക്ക്‌’ ഫുള്‍ മാര്‍ക്ക്‌…രാമചന്ദ്രന്റെ ‘കത്തി’ കിടിലന്‍

അട്ടപ്പാടിയില്‍ നിന്നും എത്തിയ വനസുന്ദരിയുടെ നിറം കാട്ടു തളിരിലയുടെ ഇളം പച്ചയാണെങ്കിലും അത്‌ പാകമാകുമ്പോള്‍ ആസ്വാദകരില്‍ എരിപൊരി സഞ്ചാരം കൊള്ളിക്കുന്ന അവസ്ഥയിലേക്കെത്തും. ധര്‍മശാലയില്‍ നടന്നുവരുന്ന ഹാപ്പിനെസ്‌ ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണീയതയാണ്‌ ഈ വനസുന്ദരി. അതിമനോഹരമായ പേരില്‍ അറിയപ്പെടുന്നത്‌ ഒരു സൂപ്പര്‍ വിഭവമാണ്‌-പ്രത്യേക കൂട്ടില്‍ പൊരിച്ചെടുത്ത ചിക്കന്‍.

അട്ടപ്പാടിയിലെ ആദിവാസി സ്‌ത്രീകളുടെ മസാലച്ചേരുവയാണ്‌ ചിക്കന്‌ വനസുന്ദരി എന്ന പേര്‌ സമ്മാനിച്ചിരിക്കുന്നത്‌. പച്ചക്കാന്താരിയും പച്ചക്കുരുമുളകും മുതല്‍ പല സുഗന്ധ ദ്രവ്യങ്ങളുടെയും രുചിയും മണവും എരിവുമെല്ലാം ചേര്‍ന്ന മസാലക്കൂട്ടില്‍ പുതച്ച്‌ എണ്ണയില്ലാതെ കല്ലില്‍ ചുട്ടെടുക്കുന്ന വനസുന്ദരിക്ക്‌ പേര്‌ സൂചിപ്പിക്കും പോലെ ഇളം പച്ച നിറമാണ്‌ കല്ലിലേക്ക്‌ എടുത്തു വെക്കുമ്പോള്‍. പക്ഷേ വെന്തുപാകമായി ചൂടോടെ എടുത്ത്‌ നാവില്‍ വെക്കുമ്പോള്‍ വായില്‍ കപ്പലോടാന്‍ തക്ക രൂചിമേളമാണ്‌ ഈ വിഭവം സമ്മാനിക്കുന്നത്‌. ഹാപ്പിനെസ്‌ ഫെസ്റ്റവലിലെ ഏറ്റവും സവിശേഷമായ ഇറച്ചി വിഭവമത്രേ ഈ വനസുന്ദരി. വിലയും മിതമായേ ഉള്ളൂ-ഒരു പ്ലേറ്റിന്‌ 150 രൂപ. ആദിവാസി സ്‌ത്രീകള്‍ തന്നെയാണ്‌ പാചകത്തിനും നേതൃത്വം.

ഹൈദാരാബാദ്‌ ദം ബിരിയാണി തൊട്ട്‌ ഒട്ടേറെ വിഭവങ്ങളും ധാരാളം സ്റ്റാളുകളുമുളള വിശാലമായ ഫുഡ്‌ കോര്‍ട്ട്‌ ആണ്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവല്‍ പ്രദര്‍ശനഗ്രൗണ്ടിലെ രാപകല്‍ ഏറ്റവും അധികം ജനത്തിരക്കനുഭവപ്പെടുന്ന കേന്ദ്രം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നൂറോളം സ്‌ത്രീകളാണ്‌ ഫുഡ്‌ കോര്‍ട്ടിലെ പാചകം മുതല്‍ കാഷ്‌ കൗണ്ടറില്‍ വരെ ജോലി ചെയ്യുന്നത്‌. രാത്രി 11 മണി കഴിഞ്ഞും ഫുഡ്‌ കോര്‍ട്ട്‌ സജീവമാണെന്ന്‌ അവര്‍ പറയുന്നു.
ഫുഡ്‌ കോര്‍ട്ടിന്‌ എതിര്‍വശത്തെ സ്‌റ്റേജില്‍ വിവിധ കലാവിരുന്നുകളും എല്ലായ്‌പ്പോഴും ഉണ്ടാവും. കലാപരിപാടികള്‍ ആസ്വദിച്ചും ആഹാരം കഴിച്ചും ആളുകള്‍ക്ക്‌ തികച്ചും ഹാപ്പി തന്നെ.

ഫുഡ്‌ കോര്‍ട്ടിലെ കാഷ്യര്‍മാരായ കുടുംബശ്രീ പ്രവര്‍ത്തകര്‍

നൂറ്റമ്പതിലേറെ സ്റ്റാളുകളില്‍ സന്ദര്‍ശകര്‍ പെരുകുക വൈകീട്ട്‌ മുതലായിരിക്കും. സ്റ്റാളുകളില്‍ ഏറ്റവും വ്യത്യസ്‌തമായിരിക്കുന്നത്‌ പാലക്കാട്‌ പല്ലശ്ശേന ഗ്രാമത്തിലെ പ്രസിദ്ധമായ ഇരുമ്പുല്‍പന്നങ്ങളുടെതാണ്‌. രാമചന്ദ്രന്‍ കത്തി എന്ന പേരിലറിയപ്പെടുന്ന വിവിധയിനം കത്തികളാണ്‌ പ്രധാന ഉല്‍പന്നം. ഗ്രാമത്തിലെ രാമചന്ദ്രന്‍ എന്ന ഇരുമ്പുല്‍പന്ന പണിക്കാരന്റെ ആലയില്‍ നിര്‍മ്മിച്ചെത്തിക്കുന്ന കത്തികള്‍ അദ്ദേഹത്തിന്റെ പേരില്‍തന്നെയാണ്‌ അറിയപ്പെടുന്നതും.

സ്‌ററാളിലെ വില്‍പനക്കാരനായ രാമചന്ദ്രന്‍

കത്തിയുടെ മൂര്‍ച്ഛ പോലെ തന്നെയാണ്‌ വിലയും-സാമാന്യം വിലയുണ്ട്‌. പക്ഷേ തനി ഉരുക്കില്‍ നിര്‍മ്മിക്കുന്നതായതിനാല്‍ ആയുഷ്‌കാലം നില്‍ക്കും. ഉരുക്കു കത്തികള്‍ക്കും “കത്തിയാളി”നും ആണ്‌ വിലക്കൂടുതല്‍. മറ്റൊരു ഉല്‍പന്നം ഇരുമ്പു കൊണ്ടുള്ള കറിച്ചട്ടികളാണ്‌.

വലിയ ചട്ടിക്ക്‌ 500 മുതലാണ്‌ വില. പക്ഷേ ഇരുമ്പു ചട്ടികളാണ്‌ ആരോഗ്യത്തിന്‌ അനുഗുണമായ പാചകപ്പാത്രമെന്നതിനാല്‍ ഇപ്പോള്‍ ചെലവാകുന്നുണ്ടെന്ന്‌ സ്‌ററാളിലെ വില്‍പനക്കാരനായ രാമചന്ദ്രന്‍ പറഞ്ഞു. താനല്ല ഒറിജിനല്‍ രാമചന്ദ്രനെന്നും യഥാര്‍ഥ രാമചന്ദ്രന്‍ പല്ലശേനയിലെ പണിശാലയിലാണെന്നും അദ്ദേഹം സരസമായി പ്രതികരിച്ചു. 25-ഓളം പണിക്കാരുണ്ട്‌ രാമചന്ദ്രന്റെ നിര്‍മാണ ശാലയില്‍. പാലക്കാട്‌ മാത്രമല്ല അന്യജില്ലകളിലും അറിയപ്പെടുന്നതാണ്‌്‌ “രാമചന്ദ്രന്‍ കത്തി”.

മില്‍മയുടെ ഐസ്‌ക്രീം സ്റ്റാളിനു മുന്നിലും കുടുംബശ്രീയുടെ വസ്‌ത്രശാലകള്‍ക്കു മുന്നിലും സാധനങ്ങള്‍ വാങ്ങുന്നവരുടെ തിരക്ക്‌ പകല്‍ നേരത്തും ഉണ്ട്‌. മറ്റ്‌ സ്റ്റാളുകളെല്ലാം സജീവമാകുക വൈകീട്ടോടെ. വിനോദത്തിനായി ജയന്റ്‌ വീല്‍ തുടങ്ങിയുള്ള കളിയുപകരണങ്ങളും ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്‌. ഒപ്പം അഗ്രിക്കള്‍ച്ചര്‍ പവലിയനും വളരെ സജീവമാണ്‌. ഒട്ടേറെ കാര്‍ഷിക സ്റ്റാളുകള്‍ ഉണ്ട്‌. മിതമായ വിലയില്‍ ചെടികളും വിത്തുകളും ഇവിടെ ലഭ്യമാണ്‌.
വന്‍ ജനപ്രവാഹമാണ്‌ പ്രദര്‍ശന നഗരിയിലേക്ക്‌ പാതിരാത്രിയോളം വരെ. 31 വരെയാണ്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവലും അതിന്റെ ഭാഗമായ പ്രദര്‍ശനവും.

Spread the love
English Summary: FOOD COURT IN HAPPINESS FESTIVAL ATTRACTS THOUSANDS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick