Categories
kerala

മേയര്‍ നിഷേധിക്കുമ്പോള്‍ അനില്‍ സമ്മതിക്കുന്നു-തന്റെ പേരിലുള്ള കത്ത് താന്‍ എഴുതിയത് തന്നെ, പക്ഷെ നൽകിയിട്ടില്ല

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പുതിയ വഴിത്തിരിവ്. താന്‍ കത്തില്‍ ഒപ്പിട്ടിട്ടില്ലെന്നും തന്റെ പേരിലുള്ള കത്തിനെ കുറിച്ച് തനിക്കറിയില്ലെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കിയപ്പോള്‍ നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിന്റെ പേരില്‍ ഇറങ്ങിയ മറ്റൊരു കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അനില്‍ രംഗത്തു വന്നതോടെ സി.പി.എമ്മിനകത്തെ ചേരിപ്പോരിന്റെ ചിത്രവും തെളിയുന്നു.

എസ്.എ.ടി ആശുപത്രിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരുടെ നിയമനത്തിന് ശുപാർശ ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് തയ്യാറാക്കിയത് താൻ തന്നെന്ന് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും,പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി.ആർ. അനിൽ സമ്മതിച്ചതായാണ് വാർത്ത.. എസ്.എ.ടി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രം തുറന്നുകൊടുക്കുന്നില്ലെന്ന് നിരന്തരം പത്രവാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് അവിടത്തെ നിയമനത്തിനായി ജില്ലാ സെക്രട്ടറിയോട് അഭ്യർത്ഥിക്കാമെന്ന് തീരുമാനിച്ചതെന്ന് അനിൽ പ്രതികരിച്ചു.

thepoliticaleditor

ഓഫീസിൽ മേയറില്ലാത്തപ്പോഴും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാനായി സ്പെസിമെൻ ഒപ്പുള്ള ലെറ്റർപാഡ് സൂക്ഷിക്കാറുണ്ട്. അതുപയോഗിച്ച് പാർലമെന്ററി പാർട്ടി ഓഫീസിലെ ആരെങ്കിലും കത്ത് തയ്യാറാക്കിയതാണോയെന്ന സംശയം തലസ്ഥാനത്തെ സിപിഎമ്മിൽ ഉയർന്നിട്ടുണ്ട്. കത്ത് ചോർന്ന് വാർത്തയായതിൽ നഗരസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം കരുതുന്നുണ്ട്. ജില്ലയിലെ നേതൃത്വത്തിൽ പല തലങ്ങളിൽ ഉള്ള ചേരിപ്പോരാണ് കാര്യങ്ങൾ വഷളാക്കിയതെന്നു കരുതപ്പെടുന്നു.

നഗരസഭയിലെ തന്നെ താല്‍ക്കാലിക നിയമനത്തിനായി സി.പി.എം പ്രവര്‍ത്തകരുടെ പട്ടിക ചോദിച്ചാണ് മേയറുടെതെന്ന രീതിയിലുള്ള കത്ത് പുറത്തു വന്നത്. ഇതു സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുന്നുണ്ട്. താന്‍ ഒപ്പിടാത്ത കത്ത് തന്റെ ഒപ്പോടു കൂടി പുറത്തു വന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ആര്യാ രാജേന്ദ്രൻ നൽകിയ പരാതി ഡി ജി പി ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. മ്യൂസിയം പൊലീസ് ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും. സംഭവത്തിന്റെ നിജസ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. തുടർന്ന് അദ്ദേഹം അത് ഡി ജി പിക്ക് കൈമാറുകയായിരുന്നു. തന്റെ പേരിൽ ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് താനറിയാതെ തയ്യാറാക്കി ഒപ്പിട്ടതാണെന്നും, തന്നെ മന:പൂർവ്വം ലക്ഷ്യം വയ്ക്കുന്ന ചില കോണുകളിൽ നിന്നുള്ള പ്രചരണമാണോയിതെന്ന് സംശയമുണ്ടെന്നുമാണ് മേയറുടെ പരാതിയിൽ പറയുന്നത്. എന്നാൽ, നഗരസഭാ പാർലമെന്ററി പാർട്ടിയറിയാതെ ഇങ്ങനെയൊരു കത്തെങ്ങനെ പോയെന്ന ചോദ്യവും ദുരൂഹമാണ്.

മേയറുടെ കത്ത് ചോര്‍ന്നതിനു പിന്നാലെ അനിലിന്റെ പേരിലുള്ള കത്ത് ചോര്‍ന്നതിനും പിന്നില്‍ ചേരിപ്പോരിന്റെ നിറമുണ്ടെന്ന് സംശയിക്കപ്പെടുന്നു. വഞ്ചിയൂര്‍ ഏരിയകമ്മിറ്റിയുടെ കേന്ദ്രപ്രവര്‍ത്തകനാണ് ഡി.ആര്‍.അനില്‍.
ചേരിപ്പോര് സംബന്ധിച്ച് സംസ്ഥാന നേതൃത്വവും ഇടപെട്ടതോടെയാണ് അനില്‍ തന്‍രെ പേരിലുള്ള കത്തില്‍ വിശദീകരണവുമായി ഇറങ്ങിയതെന്നു കരുതുന്നു. കത്തു വിവാദത്തില്‍ അനിലിന് വ്യക്തമായ പങ്ക് സംശയിക്കുന്ന സാഹചര്യത്തിലാണിത്. അതേസമയം മേയറുടെ കത്തിന്റെ കാര്യത്തില്‍ അനില്‍ പ്രത്യേകിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല.

മേയര്‍ നേരിട്ട് ഒപ്പിട്ടിട്ടില്ല എന്നതിന് പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ല. കാരണം കത്ത് പുറത്തു വരുന്ന ദിവസങ്ങളില്‍ മേയര്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് സി.പി.എം. വിശദീകരിക്കുന്നു. ഡെല്‍ഹിയില്‍ ഡി.വൈ.എഫ്.ഐ. കാമ്പയിന്‍ പ്രക്ഷോഭസമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കയായിരുന്നു മേയര്‍. അവര്‍ ഇല്ലാത്ത ദിവസം തന്നെ കത്ത് ചോര്‍ന്നു പുറത്തു വന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഭരണമുന്നണിക്കു തന്നെ അത്യന്തം നാണക്കേടായി മാറിയിരിക്കുന്ന ഈ വിവാദം സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്ള പഴയ പല വിവാദ ചര്‍ച്ചകളും വീണ്ടും സജീവമാകാന്‍ മാത്രമാണ് അനവസരത്തില്‍ വഴി തുറന്നിരിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick