Categories
latest news

സൽമാൻ റുഷ്ദിക്ക് യുഎസിൽ പ്രഭാഷണ പരിപാടിക്കിടെ കുത്തേറ്റു

പ്രശസ്ത ഇംഗ്ലീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് യുഎസിൽ ഒരു പ്രഭാഷണ പരിപാടിക്കിടെ കുത്തേറ്റു. വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തുന്നതിനു മുൻപു സൽമാൻ റുഷ്ദിക്കു കുത്തേറ്റതായി രാജ്യാന്തര വാർത്താ ഏജൻസികളാണ് റിപ്പോർട്ടു ചെയ്തത്. റുഷ്ദി ഇപ്പോൾ ന്യൂയോർക്കിലാണ് താമസിക്കുന്നത്.

ഷതൗക്വാ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ പ്രഭാഷണത്തിനായി അവതാരകൻ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാൾ സ്റ്റേജിൽ കയറി റുഷ്ദിയെ കഴുത്തിൽ കുത്തുകയായിരുന്നെന്നു ന്യൂയോർക്ക് പൊലീസ് അറിയിച്ചു. സ്റ്റേജിൽ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകൾക്കു ശേഷം ആശുപത്രിയിലേക്കു ഹെലികോപ്റ്ററിൽ എത്തിച്ചു. അക്രമിയെ സംഭവസ്ഥലത്തുവച്ച് കാണികൾ പിടികൂടി പൊലീസിൽ എൽപ്പിച്ചു.

thepoliticaleditor

അന്താരാഷ്ട്ര പ്രശസ്‌തനായ എഴുത്തുകാരനായ റുഷ്‌ദി ബുക്കര്‍ സമ്മാനം ഉള്‍പ്പെടെ വലിയ രീതിയല്‍ ആദരിക്കപ്പെട്ട എഴുത്തുകാരനാണ്‌. എന്നാല്‍ സാത്താനിക്‌ വേഴ്‌സസ്‌-സാത്താന്റെ വചനങ്ങള്‍ എന്ന പുസ്‌തകം റുഷ്‌ദിയെ ഇസ്ലാമിക തീവ്രവാദികളുടെ ശത്രുവാക്കി മാറ്റി. പ്രവാചകന്‍ മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച്‌ ഈ പുസ്‌തകത്തിനെതിരെ വലിയ വിവാദം ഉയരുകയും ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തൊള്ള ഖൊമേനി റുഷ്‌ദിയെ വധിക്കാന്‍ ഫത്വ പുറപ്പെടുവിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ റുഷ്‌ദിയുടെ ജീവന്‍ ആഗോളമായി തന്നെ അപകടത്തിലായി. ബ്രിട്ടന്‍ റുഷ്‌ദിക്ക്‌ സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ സഞ്ചാരവും പരസ്യമായ പ്രത്യക്ഷപ്പെടലും നിയന്ത്രിക്കപ്പെട്ടു. ആവർത്തിച്ച് വീടുകൾ മാറുകയും താൻ എവിടെയാണ് താമസിക്കുന്നതെന്ന് മക്കളോട് പറയാൻ കഴിയാതെ വരികയും ചെയ്തു. റുഷ്ദി പങ്കെടുക്കുന്ന സാഹിത്യ പരിപാടികൾക്കെതിരെ ഭീഷണികളും ബഹിഷ്‌കരണങ്ങളും ഇപ്പോഴും തുടരുന്നുണ്ട്.

1998-ല്‍ ഇറാന്‍ റുഷ്‌ദിയെ വധിക്കാനുള്ള ആഹ്വാനത്തെ പിന്തുണയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കിയതോടെ അദ്ദേഹം പൊതു മണ്ഡലത്തില്‍ തിരിച്ചെത്തി. അതേസമയം മുസ്ലീം തീവ്രവാദത്തിനെതിരെ, അഭിപ്രായ സ്വാതന്ത്ര്യത്തിനായി റുഷ്‌ദി എക്കാലവും നിലകൊണ്ടു. 2015-ല്‍ ഫ്രഞ്ച്‌ ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലെ ഹെബ്ദോയ്‌ക്കു നേരെ ഇസ്ലാമിസ്‌റ്റുകള്‍ നടത്തിയ ഭീകരാക്രമണത്തെ റുഷ്‌ദി പരസ്യമായി അപലപിച്ചിരുന്നു. മതത്തോടുള്ള ബഹുമാനം എന്നത്‌ മതത്തോടുള്ള ഭയം എന്നതായി മാറിയിരിക്കുന്നു എന്നും മറ്റെല്ലാ ആശയങ്ങളെയും പോലെ മതങ്ങളും വിമര്‍ശനത്തിനും ആക്ഷേപഹാസ്യത്തിനും വിധേയമാക്കപ്പെടേണ്ടതുണ്ടെന്നും റുഷ്‌ദി പ്രതികരിച്ചിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick