Categories
kerala

മന്ത്രിസഭയിലെ ചര്‍ച്ചകള്‍ ഇപ്പോഴും മാധ്യമങ്ങള്‍ക്ക്‌ കിട്ടുന്നു…കര്‍ക്കശ നിയന്ത്രണം വിഫലം

സംസ്ഥാന മന്ത്രിസഭയില്‍ മന്ത്രിമാര്‍ തമ്മില്‍ നടത്തുന്ന പ്രതികരങ്ങള്‍ മാധ്യമങ്ങളില്‍ ചോര്‍ന്നു കിട്ടുന്നതിനെതിരെ തന്റെ എല്ലാ ആജ്ഞാശക്തിയുമുപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍ക്കാരിന്റെ കാലം മുതല്‍ നടത്തുന്ന നീക്കങ്ങള്‍ക്ക്‌ ഫലമില്ല. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ഇന്ന്‌ പത്രങ്ങള്‍ക്ക്‌ വാര്‍ത്തയായി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തു നിന്നും ചീഫ്‌ സെക്രട്ടറി സിവില്‍ സപ്ലൈസ്‌ വകുപ്പിലേക്ക്‌ മാറ്റിയത്‌ താനറിയാതെയാണെന്ന വകുപ്പു മന്ത്രി ജി.ആര്‍.അനിലിന്റെ പരാതി കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അനില്‍ മുഖ്യമന്ത്രിക്ക്‌ തന്റെ പരാതി രേഖാമൂലം നല്‍കിയെന്നും വാര്‍ത്ത വന്നിരുന്നു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ ക്ഷുഭിതനായി നടത്തിയ പ്രതികരണം ഇന്ന മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ജി.ആര്‍.അനില്‍ മന്ത്രിസഭാ യോഗത്തില്‍ തന്റെ പ്രതിഷേധം അറിയിച്ചപ്പോഴാണ്‌ മുഖ്യമന്ത്രി ക്ഷോഭിച്ചത്‌ എന്നാണ്‌ വാര്‍ത്ത. അതൃപ്‌തിയുണ്ടെങ്കില്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുകയോ കത്തെഴുതുകയോ ചെയ്യാമെന്നും എന്നാല്‍ കത്തെഴുതിയ ശേഷം സകല മാധ്യമങ്ങള്‍ക്കും കൊടുത്തു വാര്‍ത്തയാക്കിയിട്ട്‌ ഇവിടെ ഉന്നയിക്കുന്നത്‌ എന്തിനാണെന്നും മുഖ്യമന്ത്രി മന്ത്രി അനിലിനോട്‌ ചോദിച്ചെന്നാണ്‌ വാര്‍ത്തയില്‍ പറയുന്നത്‌. ചീഫ്‌ സെക്രട്ടറി കാര്യങ്ങള്‍ ആലോചിച്ച്‌ മാത്രം തീരുമാനിക്കുന്നയാളാണ്‌ എന്നും മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാവരുടെയും പ്രതികരണം അവസാനിച്ചെന്നും മാധ്യമവാര്‍ത്തയില്‍ പറയുന്നു.
മന്ത്രിസഭാ ചര്‍ച്ച ചോരുന്നതിനെതിരെയും സര്‍ക്കാരിന്റെ അകം ചര്‍ച്ചകളും കത്തുകളും മാധ്യമങ്ങള്‍ക്ക്‌ ലഭിക്കുന്നതിനെതിരെയും കര്‍ക്കശ നിലപാട്‌ സ്വീകരിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു വരുന്ന മുഖ്യമന്ത്രിയാണ്‌ പിണറായി വിജയന്‍. ഇതേ കാര്യത്തിന്‌ പല തവണ സഹപ്രവര്‍ത്തകരെ അദ്ദേഹം താക്കീത്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ഇക്കാര്യവും പിന്നീട്‌ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്‌. എന്നാല്‍ ആവര്‍ത്തിച്ചുള്ള ഒരു കര്‍ക്കശ നിര്‍ദ്ദേശവും ഫലവത്തായില്ല എന്നാണ്‌ പുതിയ വിവാദവും ചര്‍ച്ചയും മാധ്യമങ്ങളില്‍ വരുന്നതിലൂടെ തെളിയുന്നത്‌. വിവാദനായകരാകുന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥരെ തങ്ങളുടെ വകുപ്പുകളില്‍ തങ്ങളറിയാതെ നിയമിക്കുന്നത്‌ ആവര്‍ത്തിക്കുന്നതായി സി.പി.ഐ.മന്ത്രിമാര്‍ക്ക്‌ പരാതിയുണ്ട്‌ എന്ന വാര്‍ത്തയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ മൃഗസംരക്ഷണ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എം.ശിവശങ്കറെ നിയമിച്ചതില്‍ മന്ത്രി ചിഞ്ചുറാണിയും അസ്വസ്ഥതപ്പെട്ടിരുന്നു.

പല മന്ത്രിസഭാ യോഗങ്ങളിലും നടന്ന പല സംഭാഷണങ്ങളും ചര്‍ച്ചകളും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നിലനില്‍ക്കവേ തന്നെ മാധ്യമങ്ങളില്‍ പലപ്പോഴും വന്നിട്ടുണ്ട്‌. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പി.ആര്‍.ഡി. വഴി മാത്രം അറിഞ്ഞാല്‍ മതി എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ഘട്ടം മുതലേയുള്ള തീരുമാനം. വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ രേഖകള്‍ ചോരുന്നതിനെതിരെ മുഖ്യമന്ത്രി പരസ്യമായി തന്നെ ശാസനം നല്‍കിയിരുന്നു. പക്ഷേ അതൊന്നും ഫലപ്രദമായിട്ടില്ലെന്ന്‌ പിന്നീടുള്ള പല വാര്‍ത്തകളും തെളിയിച്ചു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick