Categories
latest news

നെഹ്‌റുവിന്റെ ഓര്‍മ മായ്‌ച്ചു കളയാന്‍ നടത്തുന്ന നീക്കങ്ങളില്‍ ഒടുവിലത്തേത്‌…ഇന്ന് രാവിലെ സർവ്വ കക്ഷി യോഗം വിളിച്ച് കോൺഗ്രസ്സ്

ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ്‌ പത്രം കോണ്‍ഗ്രസിന്റെ ദേശീയ മുഖപത്രമായിരുന്നു എന്നത്‌ ചരിത്രത്തിലെ ഒരു നെഹ്‌റു അടയാളമാണ്‌. നെഹ്‌റുവിന്റെ ഓര്‍മകള്‍ മായ്‌ച്ചു കളയുന്നതിനുള്ള ഒടുവിലത്തെ നീക്കമാണ്‌ ഇന്നലെ നാഷണല്‍ ഹെറാള്‍ഡ്‌ ആസ്ഥാനം മുദ്രവെക്കാനുള്ള കേന്ദ്ര ഏജന്‍സിയായ ഇ.ഡി.യെ കൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യിച്ചത്‌ എന്നാണ്‌ രാഷ്ട്രീയമായ നിഗമനം. വിരമിച്ച ജസ്റ്റിസ്‌ എ.എം. ഖാന്‍വില്‍ക്കര്‍ പ്രസ്‌താവിച്ച ഒട്ടേറെ വിവാദ വിധികളുടെ ബലത്തില്‍ അനിയന്ത്രിതമായ അധികാരം ലഭിച്ചിരിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എന്ന കേന്ദ്ര അന്വേഷണ ഏജന്‍സി രാഷ്ട്രീയ ആയുധമായി മാറുന്ന കാഴ്‌ച രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും ഭയാശങ്കകളും ഉണ്ടാക്കുന്നുണ്ട്‌.

നാഷണല്‍ ഹെറാള്‍ഡ്‌ ആസ്ഥാനത്തുള്ള കമ്പനിയുടെ ഇപ്പോഴത്തെ അവകാശികളായ യങ്‌ ഇന്ത്യന്‍ ലിമിറ്റഡിന്റെ ഓഫീസ്‌ പൂട്ടിയതിനു പിന്നാലെ കോണ്‍ഗ്രസ്‌ ആസ്ഥാനത്തേക്കും സോണിയ, രാഹുല്‍ഗാന്ധിമാരുടെ വീടുകളിലേക്കുമുള്ള റോഡുകളില്‍ വന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി ഡെല്‍ഹി പൊലീസ്‌ ഉപരോധസമാനമായ സ്ഥിതിവിശേഷമുണ്ടാക്കിയതും വലിയ വിമര്‍ശനത്തിനിടയാക്കി. നേരത്തെ സോണിയയെയും രാഹുലിനെയും ഇ.ഡി. വിളിച്ചു വരുത്തി ചോദ്യം ചെയ്‌തിരുന്നതായതിനാല്‍ ഇരുവരെയും അറസ്‌റ്റു ചെയ്യുകയാണോ നീക്കം എന്ന അഭ്യൂഹവും ഡെല്‍ഹിയില്‍ ഇതോടെ പരന്നു. എന്നാൽ പ്രതിഷേധക്കാർ വൻതോതിൽ തടിച്ചുകൂടാൻ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ലഭിച്ച വിവരം കണക്കിലെടുത്താണ് എഐസിസി ഓഫീസിന് പുറത്തും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലും പോലീസ് സേനയെ വിന്യസിച്ചതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി ആസ്ഥാനത്തേക്കുള്ള റോഡ് ഉപരോധിക്കുന്നതിനെ കോൺഗ്രസ് അപലപിച്ചു.

thepoliticaleditor

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിൽ കോൺഗ്രസ് പ്രമോട്ടുചെയ്‌ത സാമ്പത്തിക ക്രമക്കേട് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യൽ.

കർണാടകയിലായിരുന്ന രാഹുൽ ഗാന്ധി ബുധനാഴ്ച രാത്രി 10.30ഓടെ ഡൽഹിയിലേക്ക് മടങ്ങി. ഇന്ന്‌ രാവിലെ പത്തു മണിക്ക്‌ കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ പാര്‍ലമെന്റംഗങ്ങളുടെ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. ഈ യോഗം അടുത്ത രാഷ്ട്രീയ നീക്കം ചര്‍ച്ച ചെയ്യുമെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick