യുവ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതികൾക്ക് വ്യത്യസ്ത നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്.
അതേസമയം, ജാമ്യ വ്യവസ്ഥകളിൽ സുപ്രീം കോടതി മാറ്റം വരുത്തി. ഇതുപ്രകാരം, വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും വിലക്കുണ്ട്. ജൂൺ 27 മുതൽ ജൂലൈ 3 വരെ മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളുവെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥയിലും മാറ്റം വരുത്തി. ആവശ്യമായി വന്നാൽ പൊലീസിന് തുടർന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാം.

അതിജീവിതയെ അധിക്ഷേപിക്കാൻ പാടില്ല. തെളിവു നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ പാടില്ല തുടങ്ങിയ ജാമ്യവ്യവസ്ഥകളും ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
വിജയ് ബാബു കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഫോണിലെ പല സന്ദേശങ്ങളും മായ്ച്ച് കളഞ്ഞെന്നും സർക്കാർ ആരോപിച്ചു. എന്നാൽ വിജയ് ബാബു മാത്രമല്ല, അതിജീവിതയും ഫോണിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ തിരികെ ലഭിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അതിജീവിത ഇപ്പോഴും സന്ദേശങ്ങൾ അയക്കുന്നതായി വിജയ് ബാബുവിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. എന്നാൽ അതിജീവിതയുടെ അഭിഭാഷകർ ഇത് നിഷേധിച്ചു. സമൂഹത്തിൽ പരിഹാസപാത്രം ആക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിജീവിതയുടെ അഭിഭാഷകർ ആരോപിച്ചു. വാടകയ്ക്ക് എടുക്കുന്നവരെ ഉപയോഗിച്ച് പ്രതികൾ അപമാനകരമായ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം കേസുകളിൽ പരാതി നൽകാൻ തന്നെ ബുദ്ധിമുട്ടാണെന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്നലെ സംസ്ഥാന സർക്കാരിനു വേണ്ടി ജയദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഇന്ന് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിന് പുറമേ, അതിജീവിതയും മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.