സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയില്‍ലെടുത്തത്.
ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിലാണ് പോലീസ് നടപടി. കെ ടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് നൗഫൽ പറഞ്ഞതായും സ്വപ്ന ആരോപിച്ചിരുന്നു.
നൗഫലിനെ മലപ്പുറം എസ്പിക്ക് മുന്‍പാകെ ഹാജരാക്കും. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ നാല് മാസമായി ചികിത്സ തേടുന്ന ആളാണെന്ന് സഹോദരന്‍ നിസാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ മുന്‍പും ഇയാള്‍ക്കക്കതിരെ സമാനമായ പരാതികള്‍ വന്നിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിർത്താനും ആരോപണങ്ങൾ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കിൽ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണിയുമായി തനിക്ക് ഫോൺകോൾ വന്നിരുന്നുവെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകിയെന്നും സ്വപ്ന പറഞ്ഞു.