Categories
kerala

‘കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്ന് പറഞ്ഞു’ : തനിക്കെതിരെ വധ ഭീഷണിയുണ്ടെന്ന് സ്വപ്ന

തനിക്കെതിരെ വധഭീഷണി ഉയർത്തിക്കൊണ്ട് സന്ദേശം ലഭിക്കുന്നുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മരട് അനീഷ് എന്ന പേരു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്നും ഫോൺ ചെയ്തയാൾ പറഞ്ഞതായി സ്വപ്ന പറയുന്നു.അത് റെക്കോർഡ് ചെയ്യാൻ പറ്റിയില്ലെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിർത്താനും ആരോപണങ്ങൾ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കിൽ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

thepoliticaleditor

എത്രനാൾ ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പില്ല. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകിയെന്നും സ്വപ്ന പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുൻമന്ത്രി കെ.ടി.ജലീലിന്റെയും പേരുകൾ പറയുന്നതും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും നിർത്താനാണ് ഭീഷണി. അല്ലെങ്കിൽ എന്നെ ഈ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യത്തെ കോളിൽ നൗഫൽ എന്നു പറഞ്ഞയാൾ കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്ന് പറഞ്ഞു.

എന്റെ മകനാണ് ആദ്യത്തെ കോൾ എടുത്തത്. അത് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാമത്തെ കോളിൽ മരട് അനീഷ് എന്നയാളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്ന് പോകുന്ന വഴിയാണോ അതോ നാളേക്കാണോ അവരെന്നെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാതിരിക്കാനും അത് തടസ്സപ്പെടുത്തുകയുമാണ് ഇവരുടെ ഉദ്ദേശ്യമെന്ന് എനിക്ക് മനസ്സിലായി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മൊഴി നൽകുന്നത് തടസ്സപ്പെടുത്താനാണ് ശ്രമം. ഈ അന്വേഷണം എവിടെവരെ പോകുമെന്ന് എനിക്ക് അറിയില്ല. ഞാനും എന്റെ മകനും എന്റെ അമ്മയുമൊക്കെ ഏതു സമയവും കൊല്ലപ്പെടാം. അതേതെങ്കിലും രീതിയിലായിരിക്കാം. പക്ഷേ, ജീവനുള്ളിടത്തോളം കാലം എല്ലാ തെളിവുകളും ശേഖരിക്കാൻ ഇഡിയുമായി സഹകരിച്ച് എല്ലാത്തിനും വ്യക്തത വരുത്തും’– സ്വപ്ന പറഞ്ഞു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലും അന്വേഷണവുമായി താൻ പൂർണമായും സഹകരിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ തന്നെ ഗുഢാലോചന കേസിലെ അന്വേഷണമെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് വിളിക്കുകയാണ്. ഇ.ഡിയുടെ അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ക്രൈം ബ്രാഞ്ചിൽ നിന്നും അതുമായി ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാവുന്നതെന്നും സ്വപ്ന പറഞ്ഞു.

അതിനിടെ സ്വപ്ന സുരേഷ് കൊച്ചി കൂനമ്മാവിന് സമീപം വാടക ഫ്ലാറ്റിലേക്കു താമസം മാറി. ‘ഹോട്ടലുകളിൽ ഒക്കെ കൊടുക്കാൻ ഇനി അധികം പണം എന്റെ കയ്യിലില്ല. അതിനാൽ കൊച്ചിയിലേക്കു താമസം മാറി. ഒരുപാട് ബുദ്ധിമുട്ടിയാണ് വാടകയ്ക്ക് ഒരു ഫ്ലാറ്റ് കിട്ടിയത്. ആ ഹൗസ് ഓണറിനെയും പൊലീസും സ്പെഷൽ ബ്രാഞ്ചും ചെന്ന് ഭയപ്പെടുത്തുന്നുണ്ട്.’– സ്വപ്ന പറഞ്ഞു.

Spread the love
English Summary: 'Life threat' says Swapna Suresh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick