തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് ചാത്തൻപറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തൻപറ ജങ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടൻറെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മണിക്കുട്ടൻ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമായിരുന്നു. തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം 50,000 രൂപ പിഴ ചുമത്തിയിരുന്നു. മറ്റു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.മറ്റുള്ളവർക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ തൂങ്ങി മരിച്ചതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് നിഗമനത്തിലെത്തിയിട്ടില്ല.