Categories
kerala

ഘടക കക്ഷി മന്ത്രിമാരുടെ വകുപ്പുകൾ…സമരം ചെയ്യുന്നത് ഭരണകക്ഷി യൂണിയൻ..ഒടുവിൽ കെ.എസ്.ഇ.ബി.യിൽ വഴങ്ങിയോ…അടുത്തത് കെ.എസ്.ആർ.ടി.സി. ?

സി.ഐ.ടി.യു. യൂണിയന്റെ ശത്രുവായി മാറിയ വൈദ്യുതി ബോർഡ് ചെയർമാനും എം.ഡി.യുമായ ബി.അശോകിനെ മാറ്റിയതിലൂടെ യൂണിയനുകൾക്ക് സർക്കാർ ഒടുവിൽ കീഴടങ്ങിയതായി ആരോപണം ഉയരുന്നു. സി.പി.എമ്മിന്റെ യൂണിയനുകൾ മൃഗീയ ശക്തിയുള്ള രണ്ട് സ്ഥാപനങ്ങളാണ് ്കെ.എസ്.ഇ.ബി.യും കെ.എസ്.ആർ.ടി.സി.യും. രണ്ട് ഇടത്തും സ്ഥാപന മേധാവികളെ വെല്ലുവിളിക്കാൻ തക്ക ശേഷിയും കൈക്കരുത്തും തികഞ്ഞവയാണ് അവിടങ്ങളിലെ സി.ഐ.ടി.യു. തൊഴിലാളി സംഘടനകൾ. രണ്ടിടത്തും ഇടതു പക്ഷ സർക്കാരിനെതിരെ സ്ഥിരം പോർമുഖം തുറന്ന് പോരാടുന്നതും സി.ഐ.ടി.യു. തന്നെ. രണ്ട് വകുപ്പുകളുടെയും പ്രത്യേകത മുന്നണിയിലെ ചെറിയ ഘടകകക്ഷികളുടെ മന്ത്രിമാരാണ് അവ കൈകാര്യം ചെയ്യുന്നത് എന്നതാണ്. ഈ രണ്ടു മന്ത്രിമാർക്കെതിരെയും പരസ്യമായ എതിർപ്പും തർക്കവും ഉയർത്താൻ സി.ഐ.ടി.യു. മടിച്ചിട്ടുമില്ല. സി.പി.എമ്മുമായി നേരിട്ടു കൊമ്പു കോർക്കുന്നില്ല എന്നത് മാത്രമാണ് ഈ രണ്ടിടത്തെയും സി.ഐ.ടി.യു. യൂണിയനുകൾ ചെയ്യുന്നത്.

വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി

എന്നാൽ സർക്കാർ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അമിതമായ ട്രേഡ് യൂണിയൻ സമ്മർദ്ദത്തിന് കീഴടങ്ങുന്നതിനെതിരെ ഉദ്യോഗസ്ഥരോടൊപ്പവും വകുപ്പു മന്ത്രിമാർക്കൊപ്പവും നിൽക്കുന്ന വ്യക്തിയായാണ് അറിയപ്പെടുന്നത്. എന്നാൽ കെ.എസ്.ഇ.ബി.യിൽ ഒടുവിൽ യൂണിയനുകളുടെ മർക്കട മുഷ്ടി തന്നെ വിജയിച്ചു എന്നതിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. പക്ഷേ യൂണിയനുകൾ ആവശ്യപ്പെട്ട, സമരം ചെയ്ത സമയത്ത് കെ.എസ്.ഇ.ബി.ചെയർമാനെ മാറ്റാൻ സർക്കാർ തയ്യാറായില്ല എന്നത് മറ്റൊരു സന്ദേശം സി.ഐ.ടി.യുവിന് സർക്കാർ നൽകുന്നുമുണ്ട്.
ഏതാനും മാസം മുമ്പാണ് കെ.എസ്.ഇ.ബി. ചെയർമാൻ ബി.അശോകിനെതിരെ കടുത്ത സമരത്തിലേക്ക് അവിടുത്തെ സി.ഐ.ടി.യു.ട്രേഡ് യൂണിയൻ കടന്നത്. ട്രേഡ് യൂണിയൻ നേതാക്കളെ അനധികൃതമായി കെ.എസ്.ഇ.ബി.യുടെ വാഹനം ഉപയോഗിച്ചതിന് ചെയർമാൻ പിഴ ചുമത്തുകയും അത് പ്രശ്‌നങ്ങൾ വഷളാക്കുകയും ചെയ്തു. നേതാക്കളിൽ ചിലരെ സ്ഥലം മാറ്റുകയും ചെയ്തതോടെ ചെയർമാനുമായുള്ള കാലുഷ്യം വർധിച്ചു.

thepoliticaleditor
ബിജു പ്രഭാകർ

കെ.എസ്.ആർ.ടി.സി.യിൽ ഇതിലേറെ രൂക്ഷമാണ് സ്ഥിതി. എം.ഡി.യായ ബിജു പ്രഭാകറിനെതിരെ മാത്രമല്ല, വകുപ്പു മന്ത്രി ആന്റണി രാജുവിനെതിരെയും കടുത്ത രോഷമാണ് സി.ഐ.ടി.യു യൂണിയന്. ആന്റണി രാജുവിനെതിരെ പരസ്യമായി യൂണിയൻ നേതാക്കൾ പ്രതികരിക്കുന്നു. മന്ത്രി കഴിഞ്ഞ ദിവസം കണ്ണൂരിൽ പങ്കെടുത്ത പ്രധാന ഔദ്യോഗിക പരിപാടി യൂണിയൻ ബഹിഷ്‌കരിച്ചു. ശമ്പളക്കാര്യത്തിൽ മന്ത്രി നടത്തിയ പരാമർശങ്ങൾ യൂണിയനെ അത്യധികം പ്രകോപിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ആസ്ഥാനത്ത് നിരന്തര സമരം നടത്തി വന്നത് അവസാനിപ്പിച്ചത് ഒടുവിൽ ഹൈക്കോടതി കണ്ണുരുട്ടിയതു കൊണ്ടു മാത്രമായിരുന്നു.

ആന്റണി രാജു

എന്നാൽ ആന്റണി രാജു എന്ന ഘടകകക്ഷി മന്ത്രി അതും ഒറ്റ എം.എൽ.എ. മാത്രമുള്ള അദ്ദേഹം തന്നെ മന്ത്രിയായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി.യിലെ സി.ഐ.ടി.യു. യൂണിയൻ പറയുന്നത് ചുമ്മാതങ്ങ് കേൾക്കാതിരിക്കില്ല എന്ന അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം. മുഖ്യമന്ത്രി പിണറായി വിജയനെ എല്ലാ കാര്യവും ബോധ്യപ്പെടുത്തിയും അദ്ദേഹത്തിന്റെ അനുമതിയോടെയും മാത്രമാണ് ആന്റണി രാജു എന്ത് നടപടിയും നിലപാടും എടുക്കുന്നത് എന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണ്. കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാനുള്ള പല പദ്ധതികളും തുടർഭരണത്തിലൂടെ ആറു വർഷം പിന്നിട്ടിട്ടും നടക്കാതെ പോകുന്നതിൽ മുഖ്യമന്ത്രി തന്നെ അതൃപ്തനാണ്. എന്നാൽ സി.ഐ.ടി.യു. ആവട്ടെ മന്ത്രിയെയും സംവിധാനത്തെയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കൊപ്പം പാർടിയിൽ സമശീർഷരായി പ്രവർത്തിക്കുന്ന സി.ഐ.ടി.യു.നേതാക്കളാണ് സമരത്തിന്റെ ഏറ്റവും അമരത്തുള്ളതും. അതുകൊണ്ടു തന്നെ തർക്കങ്ങൾ സർക്കാരിന് കീറാമുട്ടിയാണ്. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്ന് സർക്കാരിന് അതിയായ ആഗ്രഹമുണ്ടെങ്കിലും യൂണിയനുകൾ സമ്മതിക്കുന്നില്ല. എന്നാൽ പൂർണമായും യൂണിയനുകളെ പിണക്കി, നിഷേധിച്ച് നയം നടപ്പാക്കാൻ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയിട്ടുമില്ല. അടുത്ത കാലത്ത് കെ.എസ്.ആർ.ടി.സി.യിൽ പുതിയൊരു വിഭാഗമായ സ്വിഫ്റ്റ് ആരംഭിച്ചപ്പോൾ സി.ഐ.ടി.യു യൂണിയൻ ഉൾപ്പെടെ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ അത് പരിഗണിക്കാതെ സർക്കാർ മുന്നോട്ടു തന്നെ പോയി.
എം.ഡി. ബിജു പ്രഭാകറിനെ മാറ്റി സ്വന്തം വിജയം തെളിയിക്കാൻ കെ.എസ്.ആർ.ടി.സി. യൂണിയൻ ആഗ്രഹിക്കുമ്പോൾ പക്ഷേ സർക്കാർ അതിന് വഴങ്ങില്ല എന്ന സന്ദേശം നൽകുന്നു. വകുപ്പു മന്ത്രിക്കെതിരെ ആനത്തലവട്ടം ആനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പോലും പരസ്യമായ നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. അങ്ങനെയങ്ങ് കീഴടങ്ങി എന്ന സന്ദേശം പുറത്തേക്കു നൽകാൻ സർക്കാർ തയ്യാറല്ല. അതേസമയം ഒരു ലക്ഷ്മണരേഖയ്ക്കപ്പുറം വകുപ്പുമന്ത്രിയെ ആക്ഷേപിക്കാൻ പിന്നീട് യൂണിയൻ നേതാക്കളും മടി കാണിക്കുകയും ഇപ്പോൾ മന്ത്രിയുടെ പരിപാടി ബഹിഷ്‌കരണം പോലുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. കൂസലന്യേയുള്ള നിലപാടാണ് ആന്റണി രാജു സ്വീകരിക്കുന്നത്. ഇതിന് സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ തലതൊട്ടപ്പനായ പിണറായി വിജയന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി. ഇതുപോലെ പോയാൽ ശരിയാകില്ലെന്ന സമീപനം തന്നെയാണ് മുഖ്യമന്ത്രിയും ഒട്ടു പരസ്യമായി സ്വീകരിച്ചിരിക്കുന്നതും.

വൈദ്യുതി ബോർഡിലും ട്രാൻസ്‌പോർട്ട് കോർപറേഷനിലും ഘടകകക്ഷി മന്ത്രിമാരോട് അവിടുത്തെ സി.ഐ.ടി.യു യൂണിയനുകൾ കാണിക്കുന്ന കടുത്ത എതിർപ്പിനോട് മുന്നണി നേതൃത്വം പരസ്യ നിലപാടൊന്നും എടുത്തിട്ടില്ല. സ്വന്തം സർക്കാരിനോട് തന്നെ സമരം ചെയ്യുന്ന വൈരുദ്ധ്യാത്മക രാഷ്ട്രീയ പ്രവർത്തനമാണ് ഇരു സ്ഥാപനത്തിലുമുള്ളത്. വൈദ്യുതി ബോർഡിൽ ഇപ്പോൾ ഉണ്ടായ സ്ഥാനമാറ്റം ഒരു പക്ഷേ സി.ഐ.ടി.യു യൂണിയന്റെ വിജയമായി ചിത്രീകരിക്കുമ്പോൾ തൽക്കാലം വെടിനിർത്തൽ സാധ്യമാകും. യൂണിയന്റെ ഈഗോ ശമിക്കും. പക്ഷേ എത്രകാലം എന്ന ചോദ്യം അവശേഷിക്കും.

Spread the love
English Summary: KSEB CHAIRMAN OUSTED AIMID CONTINUOUS FRICTIONS WITH CITU UNION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick