2023-ല്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ‘എമര്‍ജന്‍സി’ ശ്രദ്ധേയമാകുന്നത് അതിലെ നായികയായ ഇന്ദിരാഗാന്ധി എന്ന കഥാപാത്രം വഴിയാണ്. ഒറിജിനല്‍ ഇന്ദിരാഗാന്ധിയെ വെല്ലുന്ന മേക്ക് ഓവറില്‍ ഒരു അഭിനേത്രിയാണ് ഇതില്‍ ആ വേഷം കൈകാര്യം ചെയ്യുന്നത്- അത് പ്രമുഖ നടി കങ്കണ റണൗട്ട് ആണ്. കങ്കണയുടെ ചിത്രമുള്ള ഫസ്റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്ദിരാഗാന്ധിയെ ശരിക്കും കണ്ടറിഞ്ഞിട്ടുള്ളവര്‍ പോലും അത്ഭുതം കൂറിയെന്നാണ് കേള്‍വി. അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരയുടെ പ്രായത്തിലുള്ള അതേ രൂപം മാത്രമല്ല, വേഷവും നടപ്പും ചെരിപ്പുകള്‍ പോലും അതു പോലെ. അതിനപ്പുറമാണ് ഇന്ദിരയുടെ അതേ ഭാവപ്രകടനങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും ശക്തയായിരുന്ന മുന്‍ പ്രധാനമന്ത്രിയെ സിനിമകളില്‍ പല നടിമാരും അനുകരിച്ചിട്ടുണ്ടെങ്കിലും കങ്കണയെപ്പോലെ കൃത്യമായും അസാധാരണമായും അത് ആരും ചെയ്‌തിട്ടില്ല എന്ന പ്രശംസയും ടീസര്‍ പുറത്തിറങ്ങയതിനു പിന്നാലെ വന്നു.
അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ള സിനിമ നിര്‍മിക്കുന്നതും കങ്കണ റണൗട്ടിന്റെ കമ്പനിയായ മണികര്‍ണിക ഫിലിംസ് ആണ്. സിനിമ സംവിധാനം ചെയ്യുന്നതും കങ്കണ തന്നെയാണ് എന്ന പ്രത്യേകതയും ഉണ്ട്.
കങ്കണ അഭിനയിച്ച് ഈ വര്‍ഷം ആദ്യം റീലീസ് ചെയ്‌ത തലൈവി എന്ന സിനിമയും ഒരു ജീവചരിത്രസിനിമയായിരുന്നു. തമിഴരുടെ ആരാധനാ കഥാപാത്രമായ ജയലളിതയെക്കുറിച്ചുള്ള ഈ സിനിമയില്‍ ജയലളിതയെ കങ്കണ അനിതരസാധാരണമായ പാടവത്തോടെയാണ് വെള്ളിത്തിരിയില്‍ എത്തിച്ചത്. കണ്ടാല്‍ ജയലളിതയുടെ യൗവ്വനം എന്ന് കൃത്യമായി ആരും ഉറപ്പു പറയുന്ന രൂപഭാവങ്ങളായിരുന്നു കങ്കണയ്‌ക്ക് ആ സിനിമയില്‍.