ഒളിമ്പ്യൻ പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെ പരോക്ഷമായി വിമർശിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. ഉഷയുടെ പേര് പറയാതെയാണ് പരാമർശം. രാജ്യ സഭയിലെ സിപിഎം പാർലമെൻററി പാർട്ടി നേതാവ് കൂടിയാണ് എളമരം കരീം.
അയോധ്യ കേസിൽ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെക്കുറിച്ച് പറഞ്ഞതിന് പിന്നാലെ, ”ഇപ്പോൾ കേരളത്തിൽനിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവർ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്” എന്നാണ് കരീം പറഞ്ഞത്. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവർക്ക് പാരിതോഷികങ്ങൾ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശപ്രവർത്തക തീസ്ത സെതൽവാദിനെയും മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗൺഹാളിൽ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.