മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷം ഏക് നാഥ് ഷിന്‍ഡെ എടുത്ത ആദ്യ തീരുമാനം തന്നെ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തിരുത്തുന്നതും 2019-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് മുന്‍പ് എടുത്ത തീരുമാനം പുനസ്ഥാപിക്കുന്നതുമായി. മുംബൈ ആരേ-യില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നും പിന്നീട് ഉദ്ധവ് സര്‍ക്കാര്‍ റദ്ദാക്കിയതുമായ വിവാദ മെട്രോ കാര്‍ഷെഡ്ഡ് ആരേയില്‍ തന്നെ നിര്‍മിക്കാനുളള തീരുമാനമാണ് എടുത്തിരിക്കുന്നത്.
മുംബൈ മെട്രോ റെയില്‍ കോര്‍പറേഷനു വേണ്ടി കാര്‍ ഷെഡ് നിര്‍മ്മിക്കാന്‍ ആരേ കോളനിയിലെ 2,700 മരങ്ങള്‍ മുറിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ വലിയ എതിര്‍പ്പാണ് ഉണ്ടായിരുന്നത്. 2019 സപ്‌തംബറില്‍ ബോംബെ ഹൈക്കോടതി മരം മുറിക്കെതിരായ നിര്‍ദ്ദേശം വാക്കാല്‍ നല്‍കുകയുണ്ടായി. ഇതനുസരിച്ച് ആ നടപടി നിര്‍ത്തിവെക്കുകയും ചെയ്‌തു. 13,000 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ആരേ കോളനിയില്‍ 27-ലേറെ ആദിവാസി ഗ്രാമങ്ങള്‍ ഉണ്ട്. മാത്രമല്ല ധാരാളം വന്യമൃഗങ്ങളും ഈ ഹരിതഭൂമിയില്‍ വസിക്കുന്നുണ്ട്.
2019-ല്‍ ഉദ്ധവ് താക്കറെ അധികാരത്തില്‍ വന്നതോടെ ഈ ആരേ കാര്‍ ഷെഡ്ഡ് പദ്ധതി നിര്‍ത്തിവെച്ചു. ഏക്‌നാഥ് ഷിന്‍ഡെ ഇപ്പോള്‍ ഫഡ്‌നാവിസ് എടുത്ത തീരുമാനം പുനസ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.