Categories
kerala

രക്തസാക്ഷി ധനരാജിന്റെ കടബാധ്യത വീട്ടി പയ്യന്നൂര്‍ സി.പി.എം.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സി.പി.എമ്മില്‍ പുകഞ്ഞു കത്തിയ ഫണ്ട്‌ തിരിമറി വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒന്നിന്‌ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി തന്നെ ഫുള്‍സ്റ്റോപ്പിടുന്നു. ജൂലൈ പതിനൊന്നിന്‌ ധനരാജ്‌ രക്തസാക്ഷി ദിനമാണ്‌. അതിനു മുമ്പ്‌ ഈ കടം കൊടുത്തു തീര്‍ത്തില്ലെങ്കില്‍ അത്‌ വലിയ രോഷത്തിലേക്ക്‌ പയ്യന്നൂരിലെ പാര്‍ടി പ്രവര്‍ത്തകരെ നയിക്കുമെന്ന്‌ സി.പി.എം. തിരിച്ചറിഞ്ഞു. ആറ്‌ വര്‍ഷം മുമ്പ്‌ കൊല ചെയ്യപ്പെട്ട പയ്യന്നൂരിലെ ഉശിരന്‍ പ്രവര്‍ത്തകന്‍ ധനരാജിന്റെ കുടുംബത്തിന്റെ കടബാധ്യത ഏരിയ കമ്മിറ്റി അടച്ചുതീര്‍ത്തു. പയ്യന്നൂര്‍ സഹകരണ ബാങ്കിലെ കടമായ 9.8 ലക്ഷം രൂപയാണ്‌ അടച്ചു തീര്‍ത്തത്‌. പതിനാല്‌ ലക്ഷത്തില്‍ പരം രൂപ ഉണ്ടായിരുന്നെങ്കിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴിയാണ്‌ ഒന്‍പത്‌ ലക്ഷത്തിലേക്ക്‌ ചുരുങ്ങിക്കിട്ടിയത്‌.

ഫണ്ട്‌ തിരിമറി വിവാദം സംബന്ധിച്ച്‌ സി.പി.എം. സ്വീകരിച്ച അച്ചടക്ക നടപടികള്‍ താഴെത്തട്ടിലെ ഘടകങ്ങളിലേക്ക്‌ വിശദീകരിക്കുന്ന യോഗങ്ങള്‍ വെള്ളിയാഴ്‌ച ആരംഭിക്കുന്നതിനു മുന്‍പെ ഈ കടം തീര്‍ത്തതിലൂടെ പാര്‍ടി സ്വീകരിച്ച നടപടികള്‍ക്ക്‌ എതിര്‍പ്പ്‌ ഇല്ലാതാക്കുക എന്നതാണ്‌ സി.പി.എം. ഉദ്ദേശിക്കുന്നത്‌. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ സി.പി.എം. നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്‌ അണികളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. ഇതിനുതകുന്ന കണക്കുകള്‍ കഴിഞ്ഞ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ അംഗീകരിച്ചിരുന്നു. ഫണ്ട്‌ തിരിമറി കണ്ടെത്തി നേതൃത്വത്തില്‍ അവതരിപ്പിച്ച, ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട വി.കുഞ്ഞികൃഷ്‌ണന്റ അസാന്നിധ്യത്തിലാണ്‌ പുതിയ കണക്കുകള്‍ ഏരിയാ കമ്മിറ്റി അംഗീകരിച്ചത്‌. ഇത്‌ താഴെത്തട്ടിലേക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ കണക്ക്‌ അണികളെ ബോധ്യപ്പെടുത്താനാണ്‌ സി.പി.എം. ശ്രമിക്കുന്നത്‌. എന്നാല്‍ ഇടഞ്ഞു നില്‍ക്കുന്ന കുഞ്ഞികൃഷ്‌ണനെ ഇനിയും അനുനയിപ്പിക്കാന്‍ നേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. താന്‍ കണ്ടെത്തിയത്‌ ശരിയെന്ന്‌ വിശ്വസിക്കുന്ന കുഞ്ഞികൃഷ്‌ണന്‍ തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തതില്‍ പ്രതിഷേധിച്ച്‌ പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കയാണ്‌.

thepoliticaleditor
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick