നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നൽകി. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാനുള്ള അനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാൻ കോടതി നിർദേശിച്ചു.
ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.
ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നൽകിയിരിക്കുന്ന സമയം. ആ സമയപരിധിക്കുള്ളിൽ മെമ്മറി കാർഡിന്റെ ശാസ്ത്രീയ പരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിനും മറ്റു ദുരുദ്ദേശങ്ങളുമാണ് ഈ വിഷയത്തിൽ ക്രൈംബ്രാഞ്ചിനുള്ളത് എന്നാണ് പ്രതി ദിലീപ് കോടതിയിൽ വാദിച്ചത്.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നാൽ പ്രതികൾ ഉത്തരവാദികളല്ല. കേസിന്റെ വിചാരണയെ ഇതു ബാധിക്കില്ലെന്നും ദിലീപിനുവേണ്ടി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ള വാദിച്ചു. മെമ്മറി കാർഡ് കേന്ദ്ര ലാബിൽ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് എതിർപ്പില്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കോടതിയുടെ കസ്റ്റഡിയിലുള്ള രേഖയാണെന്നും അതിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ചൂണ്ടിക്കാട്ടി.
മൂന്നു ദിവസംകൊണ്ട് പരിശോധന പൂർത്തിയാക്കാമെന്നും അതിനാൽ കാലതാമസമുണ്ടാകില്ലെന്നും ഹാഷ് വാല്യു മാറിയതിന്റെ പരിണിതഫലം സംബന്ധിച്ച ഫൊറൻസിക് വിശദീകരണമാണ് തേടുന്നതെന്നും കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കേസിൽ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അനുവദിച്ചുകൊണ്ടു ഹൈക്കോടതി ഉത്തരവിട്ടത്.