തലമുതിര്‍ന്ന സി.പി.എം.നേതാവും മുന്‍ മന്ത്രിയുമായ ടി.ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം , ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987-ൽ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയും 1996-ൽ ധനമന്ത്രിയും ആയി . മലമ്പുഴ നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു.

പിയേഴ്സ് ലെസ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോൻ ജനിച്ചത്. സമ്പന്നകുടുംബത്തിൽ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ചു വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്. എന്നാൽ വള്ളുവനാട്ടിലാകെ അലയടിച്ച കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ ശിവദാസമേനോൻ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ കണ്ണിയാവുകയായിരുന്നു.
മലപ്പുറം വെളിയങ്കോട്ട് പരേതനായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ : ലക്ഷ്മി ദേവി, കല്യാണി. മരുമകൻ: അഡ്വ. ശ്രീധരൻ, സി.കെ.കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ. മകളോടൊപ്പം മഞ്ചേരിയിൽ ആയിരുന്നു ഏറെക്കാലമായി വിശ്രമ ജീവിതം നയിച്ചിരുന്നത്.
അവിഭക്തകമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന ശിവദാസമേനോൻ പാർടി പിളർന്നതിനെ തുടർന്ന് സിപിഐ എമ്മിൽ ഉറച്ചുനിന്നു. സിപിഐ എം മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് പാർടി ജില്ലാ കമ്മിറ്റിയംഗമായി. 1980ൽ ജില്ലാ സെക്രട്ടറിയുമായി.
പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡും നേടിയ ശേഷം മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ 1955ൽ ഹെഡ് മാസ്റ്ററായി. 1977ൽ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ അധ്യാപക ജോലിയിൽനിന്ന് വളണ്ടറി റിട്ടയർമെന്റ് എടുത്ത് പിരിഞ്ഞു. അവിഭക്തകമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാർക്കാട്ടും പരിസരപ്രദേശങ്ങളിലും പാർടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാർടി നിയോഗിച്ചു. അധ്യാപക സംഘടനയായിരുന്ന പിഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. വാശിയേറിയ മത്സരത്തിൽ ശിവദാസമേനോൻ വിജയിച്ചു. 1977ൽ അടിയന്തരാവസ്ഥക്കുശേഷം നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എ സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980ലും 84ലും ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. 1987ൽ മലമ്പുഴ അസംബ്ലിമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നായനാർ സർക്കാരിൽ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991ൽ വീണ്ടും മലമ്പുഴയിൽ ജനവിധി തേടിയപ്പോൾ ഭൂരിപക്ഷം വർധിച്ചു. 96 മുതൽ 2001വരെ ധനകാര്യ–എക്സൈസ് മന്ത്രിയായി.