അട്ടപ്പാടി മധു വധക്കേസിൽ മധുവിന്റെ കുടുംബം മാറ്റണമെന്ന് ആവശ്യപ്പെട്ട സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നിലവിൽ അഡീഷണൽ പ്രോസിക്യൂട്ടറായ അഡ്വ. രാജേഷ് എം മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. സി രാജേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു.
നേരത്തെ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സി രാജേന്ദ്രനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്.
എന്നാൽ, വിചാരണക്കിടെ കേസിലെ സുപ്രധാന സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടത്.
മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്ന് മജിസ്ട്രേറ്റിന് മുൻപിൽ മൊഴി നൽകിയ സാക്ഷിയായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ എന്നിവരാണ് മൊഴി മാറ്റി പറഞ്ഞത്.
കേസിന്റെ വിചാരണ നേരത്തേ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകുന്നത് വരെ വിചാരണ നടപടി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ നൽകിയ ഹർജിയിന്മേലായിരുന്നു ഹൈക്കോടതി നടപടി.
കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജേന്ദ്രന്റെ രാജി.
വാളയാറിൽ രണ്ടുപെൺകുട്ടികൾ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരായത് സി. രാജേന്ദ്രനായിരുന്നു. തുടർന്നാണ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയത്